ലോകമെങ്ങും സംസ്കാരപരതയെ പ്രദാനം ചെയ്യുന്ന സുഗന്ധവും സര്‍വ്വാശ്ലേഷിത്വവും പകര്‍ന്നുകൊടുക്കാന്‍ പര്യാപ്തമായ അറിവിന്റെ പ്രകാശം വിളങ്ങിനില്ക്കുന്നത് ഭാരതത്തിലാണ്. ഇത് പരമ്പരകളിലൂടെ പഠിച്ചും പഠിപ്പിച്ചും പകര്‍ന്നാണ് നിലനിര്‍ത്തപ്പെട്ടത്. ഇതിന് ഏറെ സഹായകമായത് എന്നും സജ്ജനങ്ങളുടെ നിരന്തരമായ സമ്പര്‍ക്കവും സത്സംഗവുമാണ്.
പ്രാചീനകാലത്ത് ആര്‍ഷപരമ്പരയിലെ മഹത്തുക്കള്‍ ഭിക്ഷയെടുക്കാന്‍ ഗ്രാമങ്ങള്‍ തോറും സഞ്ചരിക്കാറുണ്ടായിരുന്നു. ഏതു വിശപ്പും സഹിക്കത്തക്ക വിധത്തില്‍ പാകപ്പെട്ട അവര്‍ കേവലം ഒരു നേരത്തെ അന്നത്തിനുവേണ്ടി ആയിരുന്നില്ല സഞ്ചരിച്ചിരുന്നത്. അറിവിന്റെ നിറകുടമായ അവര്‍ അവസരം കിട്ടുമ്പോഴൊക്കെ അനൗപചാരികമായി അറിവ് പകര്‍ന്നുകൊടുത്തിരുന്നു. തീക്ഷ്ണമായ സാധനകളിലൂടെ കൈവരിച്ച അറിവുകളും അനുഭവങ്ങളും യാത്രാമദ്ധ്യേ കണ്ടവര്‍ക്ക് അവര്‍ പകര്‍ന്നേകി. അഹൈതുക കരുണാസിന്ധുക്കളായ അവര്‍ സജ്ജനകൃപയൊന്നുകൊണ്ടു മാത്രമാണ് ലാഭേച്ഛയില്ലാതെ അറിവു പകര്‍ന്നത്. സാധനാനുഭൂതിയില് അമര്‍ന്ന അവര്‍ വേദോപനിഷത്തുക്കളിലെ അറിവിന്റെ പ്രകാശത്താല്‍ എന്നും ജ്വലിച്ചു നില്ക്കുന്നു.
ഒരു മഹാത്മാവ് ഒരു പ്രദേശത്തുണ്ടായാല്‍ ചുറ്റുമുള്ളവര്‍, പൂമ്പാറ്റകളും വണ്ടുകളും പുഷ്പങ്ങളാല്‍ എന്നപോലെ, ആകര്‍ഷിക്കപ്പെടുന്നു. ചില സത്തുക്കള്‍ വായകൊണ്ട് സംസാരിച്ചില്ലെങ്കിലും അവരുടെ സാമീപ്യംകൊണ്ടുതന്നെ അവരില്‍നിന്ന് അനുഭൂതി നുകരുവാന്‍ സാധിക്കും. മാത്രമല്ല, പാത്രത്വം കൈവരിച്ച സാധകന് (ശിഷ്യന്) ആ മഹാത്മാവിന്റെ സാമീപ്യത്താല്‍ത്തന്നെ തേജസ്സാല്‍ ജ്വലിക്കുന്ന മുഖത്തു നിന്നും കണ്ണുകളില്‍ നിന്നും തത്ത്വങ്ങള്‍ ഗ്രഹിക്കാനാവും.
ജീവിതയാത്രയില്‍ പല പഥങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ വഴിയുഴറിപ്പോകാം. ശരിയായ മാര്‍ഗ്ഗദര്‍ശനം ലഭിക്കാതിരിക്കാം. എന്നാല്‍ അതിനൊക്കെ ഏക പരിഹാരമാര്‍ഗ്ഗമാണ് സത്സംഗം! സത്തുക്കളുമായുള്ള സംഗം സംശയങ്ങള്‍ക്ക് അറുതി വരുത്തുവാന്‍ നമ്മെ പര്യാപ്തമാക്കുന്നു.
സൂര്യന് സ്വാഭാവികമായി, എല്ലാ ജീവജാലങ്ങള്‍ക്കും പ്രകാശവും താപവും പ്രദാനം ചെയ്യുന്നു. എങ്കിലും അതിനെ പ്രയോജനപ്പെടുത്തി ഭക്ഷണം ഉണ്ടാക്കാനുള്ള ത്രാണി സസ്യങ്ങള്‍ക്കേ ഉള്ളൂ. അതുപോലെ മഹാത്മാക്കളോട് അടുത്തു പെരുമാറിയാലും തന്റെ മുമ്പിലുള്ളത് ജ്ഞാനസൂര്യനാണെന്ന ബോധമുണ്ടെങ്കിലേ അറിവിന്റെയും അനുഭവത്തിന്റെയും മുത്തുമണികള്‍ നമ്മിലേയ്ക്ക് സ്വാഭാവികമായി പ്രവഹിക്കൂ. ഇതിനെയാണ് ആചാര്യന്മാര് പാത്രമറിഞ്ഞുള്ള ദാനം എന്നു വിവക്ഷിച്ചിരുന്നത്.
സത്സംഗത്തിന് ഏറെ പ്രാധാന്യം നല്കിയ സംസ്കാരമാണ് നമ്മുടേത്. ഏതു വിധേനയും അറിവിന്റെ കണികകള്‍ നമ്മിലേയ്ക്ക് പകരുവാന്‍ തയ്യാറായിട്ടാണ് മഹാത്മാക്കള്‍ നിലകൊള്ളുന്നത്. നമ്മുടെ മുമ്പില്‍ കാണുന്ന മഹാത്മാക്കളുമായി മാത്രമല്ല സത്സംഗം സാദ്ധ്യമാവുന്നത്. നാം കേട്ടറിഞ്ഞ മഹാത്മാക്കളുടെ സ്മരണ അയവിറക്കുന്നതും അവരുടെ ഉപദേശങ്ങള്‍ ഗ്രഹിക്കുന്നതും അവരുടെ ഗ്രന്ഥങ്ങള്‍ സ്വാദ്ധ്യായം ചെയ്യുന്നതും സത്സംഗം തന്നെയാണ്.
ദുര്‍ലഭമായ ഈ മനുഷ്യജന്മം ലഭിച്ചിട്ട് സത്സംഗം ഉണ്ടാവുക എന്നത് മഹാഭാഗ്യമാണ്. നേരെ മറിച്ച്, സത്സംഗം കൂടാതെയോ ജന്മലക്ഷ്യപ്രാപ്തിയില്ലാതെയോ പോകുന്നത് മഹാനഷ്ടമായാണ് ശാസ്ത്രം പറയുന്നത്.
സത്സംഗത്തിന്റ മഹത്വം വാക്കുകളിലൊതുങ്ങുന്നതല്ല. ജന്മലക്ഷ്യംതന്നെ സാര്‍ത്ഥകമാകുന്ന പരമമായ അവസ്ഥയെ പ്രാപിക്കാനുതകുന്നതാണ്. ശ്രീ ശങ്കരാചാര്യ ഭഗവദ്പാ
ദര് ‘ഭജഗോവിന്ദം’ എന്ന കൃതിയില്‍ സത്സംഗത്തിന്റെ മഹത്വം ഇങ്ങനെ വിശദീകരിക്കുന്നു-
സത്സംഗത്വേ നിസ്സംഗത്വം
നിസ്സംഗത്വേ നിര്‍മോഹത്വം.
നിര്മോഹത്വേ നിശ്ചലതത്വം
നിശ്ചലിതത്വേ ജീവന്മുക്തിഃ.
സത്സംഗത്തിലൂടെ നിസ്സംഗത്വത്തിലേയ്ക്കും നിസ്സംഗത്വത്തില്നിന്ന് നിര്മോഹത്വത്തിലേയ്ക്കും നിര്മോഹത്വത്തില്നിന്ന് നിശ്ചലതത്ത്വത്തിലേയ്ക്കും നിശ്ചലതത്വത്തില്നിന്നും ജീവന്മുക്തിയിലേയ്ക്കും ജീവന് ഉയരുന്നു, അഥവാ മനുഷ്യജന്മലക്ഷ്യമായ പരമതത്ത്വത്തെ പ്രാപിക്കുന്നു. ഒരിക്കല്‍ സത്സംഗത്തിനുള്ള അവസരമുണ്ടായാല്‍ അത് ജന്മജന്മാന്തരമായ സകല ബന്ധനങ്ങളും നീങ്ങി ജന്മലക്ഷ്യമായ ജീവന്മുക്തിക്കുതന്നെ കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: