തൃശൂര്‍: സമയത്ത് ആര്‍സി ബുക്ക് അച്ചടിച്ച് ലഭിക്കാത്തതിനാല്‍ ഉപയോഗിച്ച വാഹനങ്ങളുടെ വ്യാപാരമേഖല തകര്‍ന്ന നിലയിലാണെന്ന് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്സ് ആന്‍ഡ് ബ്രോക്കേഴ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആര്‍സി ബുക്കും ലൈസന്‍സുമില്ലാതെ ലക്ഷക്കണക്കിന് പേരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. ആര്‍സി മാറ്റാനുള്ള അപേക്ഷകള്‍ പ്രിന്റ് ചെയ്യാതെ കെട്ടിക്കുന്നതിനാല്‍ ലക്ഷക്കണക്കിനു വാഹനഉടമകള്‍ ബുദ്ധിമുട്ടിലായിരിക്കയാണ്. ടാക്സി വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കേണ്ട സാഹചര്യവും സംസ്ഥാനത്തുണ്ട്.
ഇന്‍ഷുറന്‍സ് പരിരക്ഷയും അനിശ്ചിതത്വത്തിലായി. കച്ചവടക്കാര്‍ വാങ്ങി വിറ്റ പഴയ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പുതിയ ഉടമകള്‍ക്ക് ലഭിക്കാത്തതിന് സെക്കന്‍ഡ് ഹാന്‍ഡ് വാഹനവ്യാപാരികള് പഴി കേള്‍ക്കേണ്ടി വരുന്നു. അവര്‍ നിരന്തരം കച്ചവടസ്ഥാപനങ്ങളിലെത്തി സംഘര്‍ഷം സൃഷ്ടിക്കുന്നുമുണ്ട്. ഉത്തരവാദി സര്‍ക്കാരാണെങ്കിലും പഴി കേള്‍ക്കുന്നത് തങ്ങളാണ്.
വിഷയത്തില്‍ പലവട്ടം സര്‍ക്കാരിനെ സമീപിച്ചു. എന്നാല്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചിട്ടില്ല. എട്ടുമാസമായി ആര്‍സി ബുക്ക് ലഭിക്കുന്നില്ല. മോട്ടോര്‍ വാഹനവകുപ്പും വകുപ്പ് മന്ത്രിയും സര്‍ക്കാരും വാഹന ഉടമകളെ വഞ്ചിക്കുകയാണെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാരിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, ആര്‍സി ബുക്ക് പ്രിന്റിങ് വേഗത്തിലാക്കുക, തൊഴില്‍മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് തൃശൂരിലടക്കം സംസ്ഥാന വ്യാപകമായി ആര്‍ടി ഓഫീസുകളുടെ മുന്നിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തും.
പ്രതിഷേധസമരത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ ജില്ലയിലെ സെക്കന്‍ഡ് ഹാന്‍ഡ് വാഹനവ്യാപാര സ്ഥാപനങ്ങള്‍ അവധിയായിരിക്കും. പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ലാലിച്ചന്‍ മാത്യു, ജില്ലാ ജന. സെക്രട്ടറി ജോയ് മഞ്ഞളി, പ്രശാന്ത് മേനോന്, സി.എ. അലക്സ്, നീലേഷ് മേനോന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: