തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴയില്‍ തലസ്ഥാന നഗരത്തിലെ വ്യാപാരമേഖലയായ ചാല കമ്പോളത്തിലെ വ്യാപാരികള്‍ ദുരിതത്തില്‍. ഓടകള്‍ മാലിന്യം നിറഞ്ഞ് വെള്ളമൊഴുക്കിനെ തടയുന്നതിനാല്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഓടയിലെ മലിനജലം കടകളില്‍ കയറി സാധനങ്ങള്‍ എല്ലാം നശിച്ചുപോയി. കൊത്തുവാള്‍ത്തെരുവിലെ കടകളില്‍ മാത്രം ഏതാണ്ട് 60 ലക്ഷം രൂപയുടെ നാശം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
സ്മാര്‍ട്ട് റോഡിന് വേണ്ടി റോഡും ഓടകളുമെല്ലാം വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്. മഴവെള്ളത്തിന് ഒഴുകിപ്പോകാന്‍ സ്ഥലമില്ലാത്ത അവസ്ഥയാണ്. ചാലയിലെ പ്രധാന വ്യാപാരസ്ഥലമായ കൊത്തുവാള്‍ത്തെരുവില്‍ മൂന്ന് ദിവസമായി കനത്ത വെള്ളക്കെട്ടാണ്. ഇവിടെ വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ പറയുന്നത് ഞങ്ങളുടെ ഓര്‍മ്മയില്‍ ഇതുപോലെ വെള്ളക്കെട്ടുണ്ടായിട്ടില്ലെന്നാണ്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി നടക്കുന്ന ഓടയുടെ പണി കാരണമാണ് ഇപ്പോള്‍ ചാലയില്‍ വെള്ളക്കെട്ടുണ്ടാകാന്‍ കാരണം. സ്മാര്‍ട്ട് പദ്ധതിക്ക് എല്ലാ പിന്തുണയും നല്കിയവരാണ് ചാലയിലെ വ്യാപാരികള്‍.
കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന മഴയില്‍ ചാലയിലെ വ്യാപാരികള്‍ ദുരിതത്തിലാണ്. 2023 ഒക്ടോബറിലാണ് ഇവിടെ ഓടയുടെ പണി ആരംഭിച്ചത്. ദിവസം മൂന്ന് ജോലിക്കാരെ വച്ച് മാത്രമാണ് പണി ചെയ്യിക്കുന്നത്. അതാണ് എട്ട് മാസമായിട്ടും പണി തീരാത്തതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇത് മനപ്പൂര്‍വം തങ്ങളെ ദ്രോഹിക്കാന്‍ വേണ്ടി ചെയ്യുന്നതാണോയെന്ന് സംശയമുണ്ടെന്നും ചില വ്യാപാരികള്‍ പറയുന്നു. പുതിയ ഓടയുടെ പണി നടക്കുന്നതിനാല്‍ പഴയ ഓട അടച്ചതാണ് വെള്ളക്കെട്ടുണ്ടാകാനുള്ള കാരണങ്ങളില്‍ ഒന്ന്. വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമൊരുക്കിയിട്ട് പണി ചെയ്തിരുന്നെങ്കില്‍ വെള്ളക്കെട്ട് ഇത്രയും രൂക്ഷമാകില്ലായിരുന്നു. ഓടയ്ക്കായി എടുത്ത കുഴികളില്‍ വെള്ളം നിറഞ്ഞ് കിടക്കുന്നത് സമീപത്തെ കടകള്‍ക്ക് ഭീഷണിയാകുന്നുണ്ട്.
മൂന്ന് കടകളുടെ അസ്ഥിവാരം ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. കടയ്ക്കുള്ളിലേക്ക് കടക്കാന്‍ പോലുമാകുന്നില്ല. മഴ തുടര്‍ന്നാല്‍ കടകള്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. ചാല കൊത്തുവാള്‍ത്തെരുവിലെ പഞ്ചസാരയുടെയും മൈദയുടെയും ഹോള്‍സെയില്‍ ഡീലറായ ശാരദാ ട്രേഡേഴ്സിന്റെ ഗോഡൗണില്‍ സുക്ഷിച്ചിരുന്ന പഞ്ചസാരയും മൈദയും മുഴുവന്‍ വെള്ളം കയറി നശിച്ചുപോയി. ഏകദേശം നാല്‍പ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതാണ് പ്രാഥമിക നിഗമനം.
വറ്റല്‍മുളക്, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയുടെ മൊത്തചില്ലറ വിതരണ സ്ഥാപനത്തില്‍ വെള്ളം കയറി അഞ്ച് ലക്ഷത്തേളം രൂപയുടെ നാശനഷ്ടമുണ്ടായതായി ഉടമ അരുണാചലം പറഞ്ഞു. രാജന് സ്റ്റോറിന് മുന്നില്‍ അടുക്കി വച്ചിരുന്ന പലവ്യഞ്ജന സാധനങ്ങള്‍ മുഴുവന്‍ വെള്ളം കയറി നശിച്ചതായി കടയുടമ അയ്യപ്പന് പറഞ്ഞു. അയ്യപ്പന്റെ അപ്പൂപ്പന് തുടങ്ങിയ സ്ഥാപനമാണിത്. മൂന്ന് തലമുറയായി ഇവിടെ കച്ചവടം ചെയ്യുന്നു. ഇതുപോലൊരു വെള്ളപ്പൊക്കം ആദ്യമായാണ് എന്ന് അദ്ദേഹം പറഞ്ഞു. വെള്ളം ഒഴുകിപ്പോകാനുള്ള വഴിയില്ലാത്തതാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണമെന്ന് അയ്യപ്പന് പറഞ്ഞു.
ഏകദേശം ഒരു ലക്ഷത്തോളം രുപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. പലവ്യഞ്ജന സാധനങ്ങള്‍ വില്‍ക്കുന്ന സെയ്ദ് മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള ഷിഫാ ട്രേഡേഴ്സിലെ പയറുപരിപ്പ്, ഉഴുന്ന്, സാമ്പാര്‍പരിപ്പ്, ചമ്പാ പച്ചരി തുടങ്ങി തറയില്‍ അട്ടിയിട്ട് വച്ചിരുന്ന സാധനങ്ങള്‍ മുഴുവന്‍ വെള്ളം കയറി നശിച്ചു. വെള്ളം കയറിയ സാധനങ്ങളില്‍ നിന്നും ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിട്ടുണ്ട്. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം ഷിഫാ ട്രേഡേഴ്സിനുമുണ്ടായിട്ടുണ്ട്. വ്യാപാരികള്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായിട്ട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ തിരിഞ്ഞുനോക്കിയില്ലെന്ന പരാതിയും വ്യാപാരികള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: