പാലക്കാട്: ഭാരതപ്പുഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകൾ ഉയർത്തി. ജലനിരപ്പ് ക്രമീകരണത്തിനായി 50 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ ഉയർത്തിയത്. പരമാവധി മൂന്നര മീറ്റർ സംഭരണ ശേഷിയുള്ള തടയണയിൽ 3.15 മീറ്റർ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. ചങ്ങണാംകുന്ന് റഗുലേറ്ററിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വെള്ളിയാങ്കല്ല് തടയണയുടെ കൂടുതൽ ഷട്ടറുകൾ ഉയർത്താൻ സാധ്യത ഉണ്ടെന്നും പുഴയിലിറങ്ങുന്നവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ആണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.
തിരുവനന്തപുരത്ത് പുലർച്ചെ മുതൽ പലയിടത്തും മഴ ലഭിച്ചു. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിർദ്ദേശമുണ്ട്. അതേസമയം, മുന്നറിയിപ്പുണ്ടെങ്കിലും രാവിലെ പല ജില്ലകളിലും കാര്യമായ മഴയില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയുണ്ട്. വരും മണിക്കൂറിൽ മഴ പെയ്യുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: