പതിവില്ലാത്ത വേനല്‍ ചൂടിന് ആശ്വാസമെന്ന് കരുതിയ വേനല്‍മഴ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെമുക്കി. പ്രത്യേകിച്ച് തിരുവനന്തപുരത്തെയും കൊച്ചിയേയും. ഓര്‍ക്കാപ്പുറത്ത് വന്ന മഴയില്‍ തലസ്ഥാനനഗരത്തെ വെള്ളം കുടിപ്പിച്ചു എന്നുതന്നെ പറയാം. സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തിന്റെ ഭാഗമായി തലസ്ഥാനനഗരത്തിന്റെ പ്രധാന റോഡുകളെല്ലാം കുത്തിപ്പൊളിച്ചിട്ടിട്ട് മാസങ്ങളായി. അതിലേക്ക് മഴവെള്ളം കൂടി കയറിയതോടെ നഗരജീവിതം ദുസഹമായി. കാലവര്‍ഷത്തില്‍ കാലങ്ങളായി നഗരത്തില്‍ വെള്ളക്കെട്ടുണ്ട്. അത് പരിഹരിക്കാന്‍ വര്‍ഷങ്ങളായി ഓപ്പറേഷന് അനന്ത തുടങ്ങി. ഒട്ടനവധി പദ്ധതികള്‍ നടത്തിപ്പോന്നു. പക്ഷേ അതൊന്നും ഫലം കണ്ടില്ല. അതിനിടയിലാണ് സ്മാര്‍ട്ട് സിറ്റി നിര്‍മാണവും. ഒരു റോഡ് പണിപൂര്‍ത്തിയാക്കി മറ്റേതിലേക്ക് കടക്കുന്നതിനുപകരം ഒരേസമയം എല്ലാ റോഡുകളും മാന്തിപ്പൊളിച്ച് വികൃതമാക്കി കിടക്കുകയാണ്. ഏപ്രില്‍ 30നു മുമ്പ് സകലപണികളും തീര്ത്തിരിക്കുമെന്ന പൊതുമരാമത്ത് മന്ത്രിയുടെ വാക്ക് പഴഞ്ചാക്കുപോലെയായി.
പ്രകൃതിതന്നെ നിര്‍മ്മിച്ചുതന്ന അഴുക്കുചാല്‍ സംവിധാനമുള്ള നഗരമാണ് തിരുവനന്തപുരം. ഏഴുകുന്നുകളുള്ള നഗരത്തിന്റെ ഓവുചാലുകളെല്ലാം മാറിമാറി ഭരിച്ച നഗരസഭകളും സംസ്ഥാന സര്‍ക്കാരും കൊണ്ടുവന്ന പരിഷ്കാരം മൂലം അടഞ്ഞിരിക്കുന്നു. അടുത്തിടെ ദുബായിലുണ്ടായ പേമാരിയെക്കാളും കഷ്ടമായി നഗരജീവിതം. വിമാനസര്‍വീസുകളൊന്നും റദ്ദാക്കിയില്ലെങ്കിലും വീടുകളിലെ ജീവിതം പൊറുതിമുട്ടി. 75 വര്ഷത്തിനിടയിലില്ലാത്ത മഴയായിരുന്നു യുഎഇയില്‍ ഉണ്ടായതെങ്കില്‍ അത്രപാരമ്പര്യമൊന്നും തലസ്ഥാനത്ത് അവകാശപ്പെടാനില്ല. എങ്കിലും നഗരസഭയുടെയും സര്‍ക്കാറിന്റെയും കെടുകാര്യസ്ഥത മറച്ചുവയ്ക്കാനാവില്ല. ഒമാനില്‍ മാത്രം 18 പേരാണ് മരിച്ചത്. തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു. ദുബായില്‍ ക്ലൗഡ് സീഡിംഗ് എന്ന പേരില്‍ കൃത്രിമ മഴ പെയ്യിച്ചതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അധികൃതര്‍ അത് തള്ളി. ഇവിടെ ശനിയാഴ്ച രാത്രിയാണ് ശക്തമായ മഴ തുടങ്ങിയത്. തുടര്‍ന്ന് പല ഭാഗങ്ങളും വെള്ളത്തില്‍ മുങ്ങി. തമ്പാനൂര്‍, ചാല, അട്ടക്കുളങ്ങര, മുക്കോലയ്ക്കല്‍, ഉള്ളൂര്‍, ശ്രീചിത്രനഗര്‍, വലിയതുറ ഭാഗങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി.
തിരുവനന്തപുരം ജില്ലയില്‍ മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി എന്നുപറയേണ്ടതില്ലല്ലോ. പല വീടുകളിലും വെള്ളം കയറി. അട്ടക്കുളങ്ങര ഭാഗത്തും ചാലയിലും കടകളിലും വെള്ളം കയറി. ബൈപ്പാസിന് സമീപം ചാക്കയില്‍ മുട്ടിനൊപ്പമാണ് വെള്ളം. വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഫലപ്രഥമായ നടപടികളൊന്നും നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന പരാതിയുണ്ട്. കനത്ത കാറ്റില്‍ മരംവീണു ഗതാഗത തടസവും അനുഭവപ്പെട്ടു. വഴുതയ്ക്കാട് ഡിപിഐയ്ക്ക് സമീപം മരം റോഡിലേക്ക് മറിഞ്ഞുവീണു. ഏറെ നേരം ഗതാഗതം തടസപ്പെട്ടു. മാര്‍ ഇവാനിയോസ് കോളജിന് സമീപവും മരംവീണു ഗതാഗതം മുടങ്ങി. പാങ്ങോട് എസ്.കെ. ഹോസ്പിറ്റലിന് സമീപനവും കല്ലറയിലെ പള്ളിമുക്ക്-പോറ്റിമുക്ക് റോഡിലും വെള്ളപ്പൊക്കവും ഗതാഗതതടസവുമുണ്ടായി. ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയിലും കനത്ത നാശനഷ്ടമാണുണ്ടായത്. കാല്‍നടയാത്ര പോലും പറ്റാത്ത വിധമാണ് വെള്ളക്കെട്ട്. വ്യാപകമായ കൃഷിനാശവും ഉണ്ടായി. വെള്ളറട, കുന്നത്തുകാല്‍, ആര്യങ്കോട്, അമ്പൂരി, ഒറ്റശേഖരമംഗലം പഞ്ചായത്തുകളില്‍ കൃഷിനാശമുണ്ടായി. പൊന്മുടി ഉള്‍പ്പെടെ പല വിനോദ സഞ്ചാരമേഖലയിലേക്കുമുള്ള യാത്ര നിരോധിച്ചു.
കേരളത്തില്‍ അടുത്ത ഏഴുദിവസങ്ങള്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ബുധനാഴ്ചവരെ ചില ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം എറണാകുളം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാകച്ചുഴി നിലനില്‍ക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ സീസണിലെ ആദ്യന്യൂനമര്ദ്ദം രൂപപ്പെടാനും വടക്ക് കിഴക്കന്‍ ദിശയില്‍ സഞ്ചരിച്ച് മധ്യബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്കുന്ന സൂചന. അത് കണക്കിലെടുത്ത് മുന്‍കരുതലും ജാഗ്രതയും പ്രകടിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഇനിയും ശ്രമം തുടങ്ങിയിട്ടില്ല എന്നത് ഗൗരവമുള്ളതാണ്. ഇന്നലെ ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗം പോലും കാലാവസ്ഥാവിഷയം ചര്‍ച്ചക്കെടുക്കാതെ പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിലാണ് ശ്രദ്ധ ഊന്നിയത്. അതാകട്ടെ ഏകപക്ഷീയമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: