ന്യൂദല്‍ഹി: മ്യാന്മര്-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഹിന്ദു, ബുദ്ധ സമൂഹത്തിനെതിരെ ആക്രമണം രൂക്ഷമാകുന്നു. മ്യാന്മര് ജുണ്ട സൈന്യവും വംശീയ ഗ്രൂപ്പുകളും തമ്മില്‍ റാഖൈന്‍ പ്രവിശ്യയില്‍ തുടരുന്ന ഏറ്റുമുട്ടലാണ് വീടുകള്‍ അക്രമിക്കുന്നതിലേക്ക് നീങ്ങുന്നത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബുത്തിഡൗങ്ങില് ബൗദ്ധരുടെയും ഹിന്ദുക്കളുടെയും അയ്യായിരത്തോളം വീടുകള്‍ നശിപ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംഘര്‍ഷം രൂക്ഷമാവുകയാണ്.
ഭൂരിഭാഗം ആളുകളും സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്തു, നിരവധി വീടുകള്‍ ശൂന്യമാണ്, എന്നാല്‍ അവശേഷിച്ചവരെ ആട്ടിപ്പായിച്ച് വീടുകള്‍ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. ബംഗ്ലാദേശിലെ രോഹിങ്ക്യന്‍ ക്യാമ്പുകളില്‍ നിന്നുള്ള ചെറുപ്പക്കാരും അക്രമിസംഘത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 11 നും 21 നും ഇടയിലാണ് വീടുകള്‍ കത്തിച്ചത്. വിമത വംശീയ വിഭാഗമായ അറാകന്‍ ആര്‍മിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ബുത്തിദാങ് പ്രദേശം.
ബുത്തിദാങ്, മൗംഗ്ഡോ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന ഭൂരിഭാഗം മുസ്ലീങ്ങളും മതാടിസ്ഥാനത്തിലുള്ള വിഭജനത്തെ പിന്തുണയ്ക്കുന്നില്ലെന്നും അക്രമങ്ങളില്‍ നിന്ന് അകന്ന് സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ ചിലര്‍ പ്രക്ഷോഭകരുടെ സഹായം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബുദ്ധ, ഹിന്ദു വിഭാഗങ്ങള്‍ താമസിച്ചിരുന്ന ബുത്തിദാങ്ങില് 2018ലെ സെന്‍സസില്‍ 3000 വീടുകള്‍ ഉണ്ടായിരുന്നു. ഇത് മൂന്നിരട്ടിയിലധികം വര്‍ധിച്ച് 10000 ആയി. മറ്റിടങ്ങളില്‍ നിന്ന് കുടിയേറിയവര്‍ ഇവിടെ സ്ഥിരതാമസമാക്കിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. നിലവില്‍ 50 ശതമാനത്തിലധികം നിവാസികളും മുസ്ലീങ്ങളാണ്. ഒരു ദശാബ്ദത്തിലേറെയായി റാഖൈന്‍ പ്രവിശ്യയില്‍ തുടര്‍ന്നുവന്ന വംശീയ കലാപത്തെതുടര്‍ന്നാണ് റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ഇവിടേക്ക് കുടിയേറിയതെന്ന് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: