ചെന്നൈ: ഉണ്ട് കഴിഞ്ഞ ഇലയ്ക്ക് മുകളിലൂടെ ശയനപ്രദക്ഷിണം നടത്താന്‍ യുവാവിന് അനുവാദം നല്കി മദ്രാസ് ഹൈക്കോടതി. 2015ല്‍ നിരോധിക്കപ്പെട്ട ഈ വഴിപാട് നടത്താമെന്ന് താന്‍ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും തനിക്ക് അതിന് അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കരൂര്‍ സ്വദേശി പി. നവീന്‍ കുമാര്‍ നല്കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഈ അനുകൂല വിധി.
ഭരണഘടനയിലെ 25(1) വകുപ്പ് പ്രകാരം ആത്മീയമായ പ്രതിജ്ഞ നിര്‍വ്വഹിക്കല്‍ ഒരു വ്യക്തിയുടെ മൗലികാവകാശമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്.സ്വാമിനാഥന് അഭിപ്രായപ്പെട്ടു. “ഭരണഘടനയുടെ 19(1) വകുപ്പ് പ്രകാരം ഒരു വ്യക്തിക്ക് ഇന്ത്യയില്‍ എവിടെയും പോകാന്‍ (സഞ്ചാരസ്വാതന്ത്ര്യം) സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം നടക്കുന്നതിലും വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിലും മാത്രം ഒതുക്കാനാവില്ലെന്നും ‘അംഗപ്രദക്ഷണം’ എന്ന എച്ചിലിലയ്ക്ക് മുകളിലൂടെ ഉരുളുന്ന വഴിപാട് നിര്‍വ്വഹിക്കാനും ഈ അവകാശം ഉപയോഗിക്കാം.”- ജസ്റ്റിസ് ജി.ആര്.സ്വാമിനാഥന് നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളേയോ കേള്‍ക്കാതെയാണ് 2015ല്‍ അംഗപ്രദക്ഷണം എന്ന വഴിപാടിന് വിലക്കേര്‍പ്പെടുത്തിയതെന്നും ജസ്റ്റിസ് ജി.ആര്.സ്വാമിനാഥന് അഭിപ്രായപ്പെട്ടു. അതിനാല്‍ നവീന്‍ കുമാറിന് ഉണ്ട് കഴിഞ്ഞ ഇലയില്‍ ശയനപ്രദക്ഷിണം നടത്തുന്ന അംഗപ്രദക്ഷണം വഴിപാട് നടത്താമെന്നും ജി.ആര്.സ്വാമിനാഥന് വിധിച്ചു.
ശ്രീ സദാശിവ ബ്രഹ്മേന്ദ്രാളുടെ ശിഷ്യനാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് പി. നവീന്‍ കുമാര്‍. കരൂര്‍ ജില്ലയിലെ നേരൂര്‍ ഗ്രാമത്തില്‍ ജീവ സമാധിയടഞ്ഞ ഗുരുവാണ് ശ്രീ സദാശിവ ബ്രഹ്മേന്ദ്രാള്‍. ഈ ഗുരുവിന്റെ ജീവ സമാധി ദിനത്തിലാണ് ഉണ്ട ഇലകള്‍ക്ക് മുകളിലൂടെ ഉരുളുന്ന വഴിപാട് ശിഷ്യരും വിശ്വാസികളും നടത്താറുള്ളത്. ക്ഷേത്രത്തില്‍ സമൂഹ സദ്യ നടത്തിയ ശേഷം അവശേഷിക്കുന്ന ഉണ്ട ഇലകള്‍ക്ക് മുകളിലൂടെ ഉരുളുന്നതാണ് ഈ വഴിപാട്. 120 വര്‍ഷം പഴക്കമുള്ള ഈ ആചാരം കോടതി 2015ല്‍ നിരോധിച്ചിരുന്നു.
ഗുരുവിന്റെ ജീവസമാധി ദിനമായ മെയ് 18ന് ഈ വഴിപാട് തനിക്ക് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പി. നവീന്‍കുമാര്‍ കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതി ഈ വഴിപാട് നടത്താന്‍ നവീന്‍കുമാറിന് അനുവാദവും നല്കി. ഓരോ വ്യക്തിയ്ക്കും ആത്മീയമായ ഇഷ്ടങ്ങള്‍ നിര്‍വ്വഹിക്കാമെന്ന് ഭരണഘടനയുടെ 19(1) വകുപ്പ് പ്രകാരമുള്ള വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തില്‍ ഇതും ഉള്‍പ്പെടുത്താമെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: