തിരുവനന്തപുരം: എകെജി സെന്ററിന്റെ മതിലിലേക്ക് ഓലപടക്കമെറിഞ്ഞതിന് യുഡിഎഫ് ബോംബാക്രമണം നടത്തിയെന്നും എകെജി സെന്റര്‍ കുലുങ്ങിയെന്നും എല്‍ഡിഎഫ് നേതാക്കള്‍ ലൈവ് ന്യൂസ് പ്രസ്താവന നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് യുഡിഎഫ് ഓഫീസും ഗാന്ധി പ്രതിമകളും അടിച്ചു തകര്‍ത്തതിന് ഇ.പി. ജയരാജനും പി.കെ. ശ്രീമതിക്കുമെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. പി. അനില്‍കുമാറാണ് വാദം കേട്ടത്. കേസില്‍ ഈ മാസം 31ന് വിധി പറയും.
പരാതിക്കാരനായ പായ്ച്ചിറ നവാസ് നിരവധിയായ പൊതുതാല്‍പര്യ വ്യവഹാരങ്ങള്‍ നേരിട്ട് നല്‍കിയും വാദിച്ചും കോടതിയുടെ വിലപ്പെട്ട സമയങ്ങള്‍ കളയുന്ന വ്യക്തിയാണെന്നും അതിനാല്‍ കഴമ്പില്ലാത്ത പരാതി തള്ളണമെന്നും ഇ.പി. ജയരാജനും പി.കെ ശ്രീമതിക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ രാജഗോപാലന്‍ നായര്‍ ജില്ലാ കോടതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ താന്‍ നേരിട്ട് തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി, ഒരു മജിസ്‌ട്രേറ്റ് പാസാക്കിയ ഉത്തരവിനെതിരെയാണെന്നും ഹര്‍ജി തള്ളിയ മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്നും ഒരു പരാതി തള്ളുമ്പോള്‍ മജിസ്‌ട്രേറ്റ് പാലിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങള്‍പോലും പാലിക്കാതെയും, സാക്ഷികളെ വിസ്തരിക്കാതെയും ഹൈക്കോടതികളുടെയും സുപ്രീം കോടതിയുടെയും വിവിധ മാര്‍ഗനിര്‍ദേശങ്ങളും ഉത്തരവുകളും പാലിക്കാതെയുമാണ് പരാതി തള്ളിയതെന്നായിരുന്നു പരാതിക്കാരന്റെ വാദം.
ഇരുകക്ഷികളുയുടെയും വിശദമായ വാദങ്ങളും പബ്ലിക് പ്രോസിക്യൂട്ടറുടെ വാദവും കേട്ട കോടതി ഹര്‍ജിക്കാരന്റെ കീഴ്‌ക്കോടതി ഉത്തരവിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി ന്യായമല്ലേയെന്നും സാക്ഷികളെ പോലും വിസ്തരിക്കാതെ ഒരു പരാതി എങ്ങനെയാണ് തള്ളുന്നതെന്നും ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: