ആലപ്പുഴ: ഭാരതത്തിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെ ചാലകശക്തി ആര്‍എസ്എസ് ആണെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്. ആലപ്പുഴ അറവുകാട് സ്കൂളില്‍ സമാപിച്ച ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്ത സംഘശിക്ഷാ വര്‍ഗിന്റെ പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ ഉയര്‍ച്ച കേവലം രാഷ്ട്രീയമല്ല, സംഘപ്രവര്‍ത്തനത്തിന്റെ കരുത്തും അതില്‍ അടങ്ങിയിട്ടുണ്ട്.
ഭാരതം ശക്തിശാലിയായ രാഷ്ട്രമായി ലോകത്തില്‍ ഉയരുന്നു. ഭാരതീയമായതിനെല്ലാം വലിയ അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു. ലോകരാഷ്ട്രങ്ങള്‍ ഭാരതത്തിന്റെ സൗഹൃദത്തിന് വേണ്ടി കൊതിക്കുന്നു. നമ്മുടെ രാഷ്ട്രത്തെ ആശ്രയിക്കുന്നു. ഭാരതം ദുര്‍ബലപ്പെടണമെന്ന് സാമ്രാജ്യത്വ ശക്തികള്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഉള്ളില്‍ അസ്ഥിരതയുണ്ടാക്കാന്‍ ചില ആളുകളെ, സംഘടനകളെ കൂട്ടുപിടിക്കുകയും ചെയ്യുന്നു.
എല്ലാ ഭേദങ്ങളെയും ഇല്ലാതാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സ്വയംസേവകരുടെ സമ്പര്‍ക്കത്തിലൂടെയാണ് സംഘ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ആര്‍എസ്എസ് എന്താണ് എന്ന ധാരണ ഇന്നും എല്ലാ ജനങ്ങളിലും എത്തിയിട്ടില്ല. പുതിയ ടെക്നോളജിയുടെ കാലഘട്ടത്തില്‍ സോഷ്യല്‍ മീഡിയ പോലുള്ള മാധ്യമങ്ങള്‍ വഴി സംഘത്തെ മോശമായി ചിത്രീകരിക്കുമ്പോള്‍ പ്രചാര്‍ വിഭാഗിന്റെ പ്രവര്‍ത്തനം വഴി ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ സംഘത്തിന് സാധിക്കുന്നുണ്ട്.
ഭാരതം മുന്‍പില്ലാത്ത രീതിയില്‍ ശക്തിശാലിയായ രാഷ്ട്രമായി ഉയര്‍ന്നു വരുന്നു. യോഗ, ആയുര്‍വേദം, സംസ്കൃത ഭാഷ എന്നിവ ലോക വ്യാപകമായ അംഗീകാരം നേടിക്കൊണ്ടിരിക്കുന്നു. സമ്പന്നമായ രാഷ്ട്രങ്ങള്‍ പോലും ഭാരതത്തെ പിന്തുടരുന്ന കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്. ഭാരതത്തെ പുനഃസൃഷ്ടിക്കുക എന്ന ദൗത്യമാണ് സംഘം ഏറ്റെടുത്തിരിക്കുന്നത്. രാഷ്ട്രമാദ്യമെന്ന ചിന്ത വളര്‍ത്താനാണ്, നെഞ്ചുറപ്പുള്ള തലമുറയെ വാര്‍ത്തെടുക്കാനാണ് ശാഖാ പ്രവര്‍ത്തനം.
ചില മതങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്ന മാനസികാവസ്ഥ കേരളത്തില്‍ വളര്‍ന്നുവരുന്നു. ബിജെപിയെ രാഷ്ട്രീയമായി അധികാരത്തിലേറ്റലല്ല ആര്‍എസ്എസിന്റെ പ്രവര്‍ത്തനം. ചിലര്‍ അങ്ങനെ വിചാരിക്കുന്നു എന്നു മാത്രം. അതേസമയം ഭാരതം ഉയരണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പിന്നില്‍ തീര്‍ച്ചയായും സംഘം അണിനിരക്കും.
യോഗത്തില്‍ എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന് അധ്യക്ഷയായി. സ്വാഗത സംഘം അധ്യക്ഷന്‍ ഡോ. കേശവര് വി. നമ്പൂതിരി, വര്‍ഗ് സര്‍വാധികാരി ആര്. സുന്ദര്‍, വര്‍ഗ് കാര്യവാഹ് സി. പ്രദീപ്, ആലപ്പുഴ ജില്ലാ കാര്യവാഹ് വി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: