ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പണക്കൊഴുപ്പിനും സ്വാധീനങ്ങള്‍ക്കുമെതിരായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളുടെ ഫലമായി 8889 കോടി രൂപ വിവിധ ഏജന്‍സികള്‍ പിടിച്ചെടുത്തു. മയക്കുമരുന്ന്, മദ്യം, സ്വര്‍ണ്ണം, പണം എന്നിവ പിടിച്ചെടുക്കുന്നത് തെരഞ്ഞെടുപ്പുകളെ സുതാര്യവും സത്യസന്ധവുമാക്കാന്‍ സഹായിക്കും. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കള്‍ എന്നിവയും പിടിച്ചെടുക്കുന്നതിന് കമ്മിഷന്‍ പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. 3958 കോടി രൂപയുടെ മയക്കുമരുന്നാണു പിടിച്ചെടുത്തത്.
ട്രാന്‍സിറ്റ് സോണുകളായിരുന്ന സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവ കൂടുതലായി ഉപഭോഗ പ്രദേശങ്ങളായി മാറുന്നതായി ഡാറ്റാ വിശകലനത്തില്‍ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പുകളില്‍ മയക്കുമരുന്ന് വ്യാപാരത്തിന്റെയും പണത്തിന്റെയും പങ്ക് ഇല്ലാതാക്കുന്നതിനും അതുവഴി രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുന്നതിനും കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്ന് അവലോകന സന്ദര്‍ശനങ്ങളിലൊന്നില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ പറഞ്ഞു.
എന്‍സിബിയുടെ നോഡല്‍ ഓഫീസര്‍മാരുടെ നടപടി ഉറപ്പാക്കുന്നതിന് കമ്മിഷന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡിജിയുമായും കൂടിക്കാഴ്ച നടത്തി. ഡിആര്‍ഐ, ഇന്ത്യന്‍ തീരസംരക്ഷണസേന, സംസ്ഥാന പോലീസ്, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ സജീവമായ ഇടപെടല്‍ ഉറപ്പാക്കിയിട്ടുണ്ട്. പ്രലോഭനങ്ങളിലൂടെ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ കമ്മീഷന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ജാഗ്രത ശക്തമാക്കാന്‍ സിഇഒമാര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: