രാജ്യ തലസ്ഥാനത്തെ മുഖ്യമന്ത്രിയുടെ വസതിയില്‍ രാജ്യസഭാംഗം കൂടിയായ വനിതാ നേതാവിനെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി ക്രൂരമര്‍ദ്ദനത്തിന് വിധേയയാക്കി. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും അവര്‍ക്കെതിരായ അതിക്രമങ്ങളിലും പോരാടുകയും മെഴുകുതിരി കത്തിക്കുകയും പ്രസ്താവന ഇറക്കുകയും ചെയ്യുന്ന ഫെമിനിസ്റ്റ് അമ്മച്ചിമാരും വനിതാ സംരക്ഷകരും സാമൂഹിക സാംസ്‌കാരിക നായകന്മാരും ആരും ഇതിനെതിരെ പ്രതികരിച്ചു കണ്ടില്ല. ഉത്തരേന്ത്യയിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പട്ടി മോങ്ങിയാല്‍ പോലും പ്രതികരിക്കുന്ന, അതില്‍ വര്‍ഗീയം കാണുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ ആരും ഇക്കാര്യത്തില്‍ മിണ്ടിയിട്ടില്ല. എന്തായാലും ഒരുപക്ഷേ ഭാരതത്തില്‍ ഇന്നുവരെ ചരിത്രത്തില്‍ ഉണ്ടാകാത്ത ഏറ്റവും കടുത്ത ദുരവസ്ഥയുടെ പ്രതീകമായി ആം ആദ്മി പാര്‍ട്ടി മാറിയിരിക്കുന്നു. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരുപറഞ്ഞ്, ഭാരതത്തിലെ രാഷ്‌ട്രീയ അഴിമതിയുടെ മുറ്റം അടിച്ചുവാരാന്‍ ചൂലുമായി എത്തിയ ആം ആദ്മി പാര്‍ട്ടി ഒരു ദേശീയ റെക്കോര്‍ഡിലേക്ക് കൂടി എത്തുകയാണ്. ഭാരതത്തില്‍ ആദ്യമായി ഒരു രാഷ്‌ട്രീയപാര്‍ട്ടിക്കെതിരെ അഴിമതിക്ക്, കള്ളപ്പണം തിരിമറിക്ക്, കേസെടുക്കുന്നത് ആംആദ്മി പാര്‍ട്ടിക്കെതിരെ ആണ്.
അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത, സത്യം മാത്രം പറയുന്ന, കള്ളമില്ലാത്ത രാമരാജ്യത്തിന്റെ സ്വപ്‌നമായിരുന്നു മഹാത്മാഗാന്ധി കൊണ്ടുനടന്നത്. ആ രാമരാജ്യമാണ് ഗാന്ധിജിക്കു ശേഷം അദ്ദേഹത്തെ ഗുരുവായി കണ്ട ഗാന്ധിയന്മാര്‍ സ്വപ്‌നം കണ്ടത്. ആ സ്വപ്‌നം തന്നെയാണ് അണ്ണാ ഹസാരെ ജനലക്ഷങ്ങളിലേക്ക് എത്തിച്ചത്. അഴിമതിക്കെതിരായ അണ്ണാ ഹസാരയുടെ പോരാട്ടത്തിന് നെടുനായകത്വം വഹിച്ച് അദ്ദേഹത്തെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞാണ് ആ പാരമ്പര്യവും പൈതൃകവും സ്വന്തമാക്കി അരവിന്ദ് കേജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപവല്‍ക്കരിച്ചത്. അഴിമതി തൂത്തെറിയാന്‍ ആയിരുന്നു ചൂലു കൊണ്ടുവന്നത്. ഇന്ന് ആ ചൂലുകൊണ്ട് ജനങ്ങള്‍ അവരെ തല്ലുന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുന്നു എന്നതാണ് ഇന്ദ്രപ്രസ്ഥത്തിലെ തെരുവുകളില്‍ മുഴങ്ങുന്ന സാധാരണക്കാരുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുന്നത്.
രാജ്യസഭാ എംപിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സ്വാതി മലിവാളിന് മര്‍ദ്ദനമേറ്റത്തിനു പിന്നില്‍ കള്ളപ്പണത്തിന്റെയും ക്രിപ്‌റ്റോ കറന്‍സിയുടെയും ആരോപണങ്ങള്‍ കൂടി ഉയര്‍ന്നു കഴിഞ്ഞു. മെയ് 13ന് രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ സ്വീകരണ മുറിയില്‍ കേജ്‌രിവാളിനെ കാത്ത് ഇരിക്കുമ്പോഴാണ് പേഴ്‌സണല്‍ സെക്രട്ടറി വൈഭവ്കുമാര്‍ സ്വാതി മലിവാളിനെ ആക്രമിച്ചത്. ഒരു പ്രകോപനവും ഇല്ലാതെ വൈഭവ്കുമാര്‍ തന്നെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ആയിരുന്നു എന്നാണ് സ്വാതി മലിവാള്‍ പോലീസിന് നല്‍കിയ മൊഴിയിലും പ്രഥമ വിവര റിപ്പോര്‍ട്ടിലും പറയുന്നത്. ഏഴുതവണ മുഖത്ത് അടിക്കുകയും നെഞ്ചിലും അടിവയറ്റിലും പലതവണ ചവിട്ടുകയും മുടിയില്‍ പിടിച്ചു വലിച്ചിഴയ്‌ക്കുകയും മേശപ്പുറത്ത് തല പിടിച്ചിടിക്കുകയും ചെയ്‌തെന്നാണ് അവരുടെ ആരോപണം.
കേജ്‌രിവാളിന്റെ പണം ഇടപാടുകളില്‍ മാത്രമല്ല ക്രിപ്‌റ്റോ കറന്‍സി ഇടപാടിലും വൈഭവ് കുമാറും സ്വാതി മലിവാളും ഇടപെട്ടിരുന്നുവത്രേ. അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റില്‍ ആയപ്പോള്‍ പ്രസ്താവനയ്‌ക്കോ പ്രതിഷേധത്തിനോ നേതൃത്വം നല്‍കുകയോ ഇടപെടുകയോ ചെയ്യാതെ സ്വാതി അമേരിക്കയിലെ സഹോദരിയെ കാണാന്‍ എന്ന പേരില്‍ സ്ഥലം വിട്ടു എന്നാണ് ആരോപണം. സ്വാതിയെ ഏല്‍പ്പിച്ചിരുന്ന ക്രിപ്‌റ്റോ കറന്‍സിയും അഴിമതിപ്പണവും അടക്കമുള്ള സമ്പത്തിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയ്‌ക്കിടെ പണം കുറെ അധികം കൈമോശം വന്നുവെന്ന സ്വാതിയുടെ മറുപടിയെ തുടര്‍ന്നാണ് അത്ര ചൂടേറിയ വാഗ്വാദവും തല്ലും നടന്നത്. നഷ്ടപ്പെട്ട പണത്തിന് പകരം വൈഭവ് കുമാറിനു വേണ്ടി രാജ്യസഭാ അംഗത്വം രാജിവെക്കാനാണ് കെജ്‌രിവാളും വൈഭവകുമാറും ആവശ്യപ്പെട്ടതത്രെ. എംപി സ്ഥാനം രാജിവെച്ചു കഴിഞ്ഞാല്‍ ആ സീറ്റിലേക്ക് വൈഭവ് കുമാറിനെ മത്സരിപ്പിച്ച് രാജ്യസഭയില്‍ എത്തിക്കാം എന്നായിരുന്നു കെജ്‌രിവാളിന്റെ പരിപാടി. എന്നാല്‍ താന്‍ രാജിവെക്കില്ലെന്ന ഉറച്ച നിലപാട് സ്വാതി സ്വീകരിച്ചതോടെ വൈഭവകുമാര്‍ നിയന്ത്രണം വിട്ട് കടുത്ത മര്‍ദ്ദനം അഴിച്ചു വിടുകയായിരുന്നു. സംഘര്‍ഷം മുഖ്യമന്ത്രിയുടെ വസതിയില്‍ ആയിരുന്നതുകൊണ്ട് മുഖ്യമന്ത്രി അറിയാതെ ഇത് നടക്കില്ല എന്നാണ് സ്വാതി മലിവാളിന്റെ അഭിപ്രായം. സ്വാതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹി പോലീസ് കേസെടുത്തു. ദല്‍ഹിയിലെ എയിംസില്‍ വൈദ്യ പരിശോധനയ്‌ക്ക് വിധേയയാക്കിയ സ്വാതിയുടെ മുഖത്ത് മുറിപ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. നെഞ്ചിലും അടിവയറ്റിലും അടിയുടെയും ചവിട്ടിന്റെയും പാടുകളും പരുക്കും എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വൈഭവ് കുമാറിനെതിരെ ദല്‍ഹി പോലീസ് കേസെടുത്തു. തന്റെ പാര്‍ട്ടിയില്‍പ്പെട്ട ഒരു വനിതാ നേതാവിന് തന്റെ ഔദ്യോഗിക വസതിയില്‍ മര്‍ദ്ദനമേറ്റ സംഭവത്തെക്കുറിച്ച് അഴിമതിയുടെ അപ്പോസ്തലനായി മാറിയ കേജ്‌രിവാള്‍ ഇതുവരെ ഒരു വാക്ക് പറഞ്ഞിട്ടില്ല. അതേസമയം മര്‍ദ്ദനത്തിനു വിധേയയായ സ്വാതി മലിവാളിനെ കുറ്റപ്പെടുത്തി ഒരു വീഡിയോ ആം ആദ്മി പാര്‍ട്ടി പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്വാതി മലിവാള്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ആപ്പ് ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ളത്.
ഒരു വനിത എംപിയെ മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് മര്‍ദ്ദിച്ച് അവശയാക്കി മുടിക്കുപിടിച്ച് വലിച്ചെറിഞ്ഞ സംഭവം മഹാഭാരതത്തിലെ കൗരവ സഭയെ ഓര്‍മ്മിപ്പിക്കുന്നതാണ്. അന്ന് കൗരവ സഭയില്‍ ഉയര്‍ന്ന, താന്‍ രജസ്വലയാണെന്നും വലിച്ചിഴയ്‌ക്കരുതെന്നുമുള്ള പാഞ്ചാലിയുടെ രോദനം തന്നെയാണ് ഇന്ദ്രപ്രസ്ഥത്തില്‍ കേജ്‌രിവാളിന്റെ വസതിയില്‍ ഉയര്‍ന്നത്. കൗരവ സഭയില്‍ നിന്ന്, സ്ത്രീകളുടെ കാര്യത്തില്‍ കേജ്‌രിവാളിന്റെ ഇന്ദ്രപ്രസ്ഥം അല്‍പ്പവും മാറിയിട്ടില്ല എന്നത് തന്നെയാണ് ഈ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നിര്‍ഭയയുടെ കാര്യത്തില്‍ മെഴുകുതിരി കത്തിക്കാന്‍ എത്തിയ സിനിമാതാരങ്ങള്‍ മുതല്‍ സാംസ്‌കാരിക നായകര്‍ വരെയുള്ളവരുടെ തോരാത്ത കള്ളക്കണ്ണീര്‍ നമ്മള്‍ കണ്ടതാണ്. മുഖ്യമന്ത്രിയുടെ വസതിയില്‍ തന്നെ ഒരു സ്ത്രീ ആക്രമിക്കപ്പെട്ടപ്പോള്‍ അവരെല്ലാം ഇന്ന് എവിടെ പോയി. വനിതാ സ്വാതന്ത്ര്യത്തിനു വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന ഇടതുപക്ഷ നേതാക്കളും തുക്കടെ തുക്കടെ ഇന്ത്യ മുദ്രാവാക്യവുമായി ഭാരത വിഭജനത്തിന് കോപ്പുകൂട്ടിയിരുന്ന ആസാദി നേതാക്കളും ഇത് കണ്ടില്ലേ?. ഒരു പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനമേറ്റിട്ട് രാഷ്‌ട്രീയ നേതാക്കള്‍ പാലിക്കുന്ന നിശബ്ദത ദുര്യോധനനെ ഭയന്ന് മഹാഭാരത കാലത്ത് മിണ്ടാതിരുന്ന ഭീഷ്മ പിതാമഹന്‍ മുതല്‍ കൗരവ സഭയിലെ നേതാക്കളെ തന്നെയാണ് ഓര്‍മിപ്പിക്കുന്നത്. ഭീഷ്മപിതാമഹന്റെ ഗതി തന്നെയാണ് രാഷ്‌ട്രീയത്തിന്റെ പേരില്‍, അധികാരത്തിന്റെ പേരില്‍ ദുര്യോധനനെ ഭയന്ന് മിണ്ടാതിരുന്നവര്‍ക്ക് കേജ്‌രിവാളിന്റെ ഇന്ദ്രപ്രസ്ഥത്തിലും കിട്ടാന്‍ പോകുന്നത്.
ദല്‍ഹി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കേജ്‌രിവാളിനെ രണ്ട് തരത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇപ്പോള്‍ പ്രതിയാക്കിയിട്ടുള്ളത്. ഒന്ന് വ്യക്തിപരമായും രണ്ടാമത് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ എന്ന നിലയിലും. പണം തിരിമറി കേസില്‍ കേജ്‌രിവാളിനൊപ്പം ആം ആദ്മി പാര്‍ട്ടിയും കൂടി പ്രതിയായതോടെ ഭാരതത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ ആം ആദ്മി പാര്‍ട്ടി ചരിത്രം സൃഷ്ടിക്കുകയാണ്. കഴിഞ്ഞദിവസം എന്‍ഫോഴ്‌സ്‌മെന്റ് ദല്‍ഹി കോടതിയില്‍ നല്‍കിയ എട്ടാമത്തെ അധിക കുറ്റപത്രത്തിലാണ് ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കിയത്. ഇതുവരെ 18 പേരെ കേസില്‍ പ്രതിയാക്കി കഴിഞ്ഞു. കെജ്‌രിവാളിനൊപ്പം തെലുങ്കാനയിലെ മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിതയും പ്രതിയാണ്.
പണം തിരിമറി നിയമത്തിലെ എഴുപതാം വകുപ്പ് അനുസരിച്ച് വ്യക്തികളുടെ കൂട്ടായ്മയോ സംഘടനയോ എന്ന നിലയില്‍ ആം ആദ്മി പാര്‍ട്ടിയെ ഒരു കമ്പനിയായും കെജ്‌രിവാളിനെ അതിന്റെ മേധാവിയോ അഥവാ ഡയറക്ടര്‍ ആയോ കാണാന്‍ ആകും എന്നാണ് കോടതിയില്‍ വ്യക്തമാക്കിയത്. മദ്യനയ അഴിമതി കേസിന്റെ പ്രധാന കണ്ണിയും ആസൂത്രകനും കേജ്‌രിവാളാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. രാഷ്‌ട്രീയപാര്‍ട്ടികളുടെ അഴിമതിക്കെതിരായ അന്വേഷണം ഏതായാലും കേജ്‌രിവാളില്‍ ഒതുങ്ങുന്നില്ല. തെലുങ്കാനയും ചന്ദ്രശേഖരറാവുവും കഴിഞ്ഞ് കര്‍ണാടകം വഴി തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും ഇത് എത്തും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: