ബലാംഗീറിന്റെ പ്രതാപം വീണ്ടെടുക്കാനാണ് രാജാവും റാണിയും തെരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. ഒരാള്‍ ലോക്സഭയിലേക്കും അടുത്തയാള്‍ നിയമസഭയിലേക്കും. രണ്ടുപേരും ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്. ബലാംഗീര്‍ രാജകുടുംബത്തിലെ കനക്വര്‍ധന്‍ ദേവ് പട്നഗറില് നിയമസഭയിലേക്കും ഭാര്യ സംഗീത സിങ് ദേവ് ബലാംഗീര്‍ ലോക്സഭാ മണ്ഡലത്തിലും. അക്ഷരാര്‍ത്ഥത്തില്‍ ഇരട്ട എന്ജിന് വിധി തേടലിനാണ് ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ബലാംഗീര്‍ വേദിയാകുന്നത്.
രാജകുടുംബത്തില്‍ നിന്നുള്ള ഒഡീഷയുടെ ആദ്യ മുഖ്യമന്ത്രി, രാജേന്ദ്ര നാരായണ്‍ സിങ് ദേവിന്റെ ചെറുമകനാണ് കനക്വര്‍ധന്‍. ജനസേവനമാണ് ലക്ഷ്യമെന്നും നരേന്ദ്ര മോദിയെ മൂന്നാം തവണയും പ്രധാനമന്ത്രിയാക്കാനാണ് പോരാട്ടമെന്നും കനക് വര്‍ധനും സംഗീതയും പറയുന്നു.
പഴയ പാടലീപുത്രത്തിന്റെ തലസ്ഥാനമാണ് ബലാംഗീര്‍. ജനക്ഷേമം മുന്‍നിര്‍ത്തിയ ഭരണത്തിന്റെ പാരമ്പര്യമാണ് കൈമുതല്‍. ജനങ്ങളുടെ വിശ്വാസവും ബഹുമാനവും അന്നത്തെ പോലെ ഇന്നും പ്രബലമാണ്, സിറ്റിങ് എംപി കൂടിയായ സംഗീത പറയുന്നു. അഞ്ചാം തവണയാണ് സംഗീത സിങ് ബലാംഗീറില്‍ പോരിനിറങ്ങുന്നത്. ഒരിക്കല്‍ പോലും ജനങ്ങള്‍ തന്നെ കൈവിട്ടിട്ടില്ല. അതേസമയം പട്നഗര്‍ തിരിച്ചുപിടിക്കാനാണ് കനക് വര്ധന് മത്സരിക്കുന്നത്. ഒഡീഷയിലും ഇരട്ട എന്ജിന് സര്‍ക്കാര്‍ വരണം. മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ എല്ലാവരിലും എത്താന്‍ അതാണ് മാര്‍ഗം. അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ബലാംഗീര്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ ഒഡീഷയിലെ വികസനമില്ല. ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് ജോലി തേടി അന്യനാടുകളിലേക്ക് പോകേണ്ട ഗതികേടാണ്. കാര്‍ഷികാധിഷ്ഠിത വ്യവസായങ്ങള്‍ സ്ഥാപിക്കണം. ജലസേചന സൗകര്യങ്ങള്‍ വികസിപ്പിക്കണം. കുടിയേറ്റ പ്രശ്നം കൈകാര്യം ചെയ്യണം…. നിരവധി പദ്ധതികള്‍ കനക്വര്‍ധന്‍ മുന്നോട്ടുവയ്ക്കുന്നു.
ഒഡീഷയില്‍ ഗോവധ നിരോധനം കൊണ്ടുവന്നത് കനക് വര്‍ധന്റെ മുത്തച്ഛന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. ബലാംഗീര്‍ അന്ന് പ്രൗഢ നഗരമായിരുന്നു. ആ പ്രതാപകാലം വീണ്ടെടുക്കുതയാണ് ലക്ഷ്യം. ഭാരതം വീണ്ടും സ്വര്‍ണപ്പക്ഷിയായി മാറുന്ന കാലം അധികം അകലെയല്ല. അതിലേക്ക് ബലാംഗീറിനും സംഭാവനകള്‍ നല്‍കാനുണ്ട്. അതിനു
വേണ്ടിക്കൂടിയാണ് മത്സരമെന്ന് അദ്ദേഹം പറയുന്നു.
ആദ്യത്തെ എക്സ്-റേ മെഷീന് സ്ഥാപിച്ചത് ബലാംഗീര്‍ ആശുപത്രിയിലാണ്. ഒഡീഷയില്‍ ആദ്യത്തെ റോഡ് ഗതാഗത സംവിധാനം നടപ്പായതും ഇവിടെയാണ്. ആദ്യ അച്ചടിശാലയും വൈദ്യുതവിതരണ സംവിധാനവും നടപ്പായത് ഇവിടെയാണ്. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ ഈ പാരമ്പര്യം മറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: