പത്തനംതിട്ട: അച്ചടക്ക നടപടിയില്‍ പ്രതികരണവുമായി ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ്.
തനിക്കെതിരെ തെറ്റായ വിവരങ്ങള്‍ ആരോ പാത്രിയാര്‍ക്കീസ് ബാവയെ ധരിപ്പിച്ചതാണെന്നും ഇന്ത്യന്‍ ക്നാനായ സഭയ്ക്ക് മേല്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് ആത്മീയ അധികാരം മാത്രം മതിയെന്നും കുര്യാക്കോസ് മാര്‍ സേവേറിയോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തനംതിട്ട റാന്നി സെന്റ് തോമസ് ക്നാനായ വലിയ പള്ളിയില്‍ ശുശ്രൂഷ ചടങ്ങിലാണ് മെത്രാപ്പൊലീത്ത പ്രതികരിച്ചത്.
ക്നാനായ യാക്കോബായ സഭയുടെ നിര്‍ണായക യോഗം നാളെ നടക്കാനിരിക്കെയാണ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെതിരെ നടപടി വന്നത്. പാത്രിയാര്‍ക്കീസ് ബാവയുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ ക്നാനായ സഭയില്‍ വേണ്ടെന്നും ആത്മീയാധികാരം മാത്രം മതിയെന്നുമുള്ള ഭരണഘടനാ ഭേദഗതിക്കാണ് നീക്കം നടക്കുന്നത്. സഭാ ഭരണഘടനയും ഇന്ത്യന്‍ നിയമ വ്യവസ്ഥയും ഒന്നിച്ച് കൊണ്ട് പോകാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്ന പ്രസ്താവനയുമായി ക്നാനായ യാക്കോബായ സുറിയാനി സഭാധ്യക്ഷന് കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത രംഗത്തെത്തിയിരുന്നു. വികാരാധീനനായാണ് കുര്യാക്കോസ് മാര്‍ സേവേറിയോസ് പ്രതികരിച്ചത്.
തനിക്കെതിരായ നടപടി എന്തിനെന്ന് അറിയില്ലെന്ന് അദ്ദേഹം വിതുമ്പി പ്രതികരിച്ചു. എന്നാല്‍, വിശ്വാസികള്‍ തനിക്കൊപ്പമാണ്. വിശ്വാസികളുടെ സ്നേഹം മാത്രം മതി തനിക്ക്. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. ശുശ്രൂഷകള്‍ എല്ലാവരും തത്സമയം കണ്ടതാണ്. സഭയുടെ അടിസ്ഥാനം ഒരിക്കലും ഇളകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ വച്ച് ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് ആരാധനയ്ക്ക് അവസരമൊരുക്കി, ഓര്‍ത്തഡോക്സ് കാത്തോലിക്കാ ബാവയ്ക്ക് സ്വീകരണം നല്കി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്തോഖ്യ പാത്രിയാര്‍ക്കീസ് ബാവ കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്റ് ചെയ്തിരുന്നു.
ഇതിനെതിരെ സഭാ വിശ്വാസികള്‍ കോടതിയെ സമീപിക്കുകയും കോടതി സസ്പെന്ഷന് നടപടി റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: