കോഴിക്കോട്: കൈയ്ക്ക് ഒടിവുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്ന ആരോപണം അടിസ്ഥാന രഹിതെന്ന് മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജേക്കബ് മാത്യു. സാധാരണ ഇത്തരം ഒടിവുമായെത്തുന്ന രോഗികള്‍ക്ക് നല്കുന്ന സ്റ്റാന്‍ഡേര്‍ഡ് ചികിത്സയും ശസ്ത്രക്രിയയുമാണ് ഇവിടെയും നടത്തിയത്. കൈയിലെ മുട്ടിന് താഴെ ഒടിവുണ്ടായതിനാല്‍ ശസ്ത്രക്രിയ നടത്തി പ്ലേറ്റ് ഇടുകയായിരുന്നുവെന്ന് ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
കയ്യിലെ ഒടിവിന് താഴെയുള്ള ജോയിന്റ് ഇളകിയത് കാരണം അത് ഉറപ്പിക്കാനായി മറ്റൊരു കമ്പി കൂടി ഇട്ടു. തൊലിപ്പുറത്ത് നിന്നും എല്ലിനോട് ചേര്‍ന്നാണ് താല്‍ക്കാലികമായി നാല് ആഴ്ചയ്ക്ക് വേണ്ടി ഈ കമ്പി ഇട്ടത്. ഈ കമ്പി പിന്നീട് മാറ്റും. ആദ്യമിട്ട പ്ലേറ്റ് അവിടെ തുടരും. മറ്റു രോഗികള്‍ക്ക് സാധാരണ ചെയ്യുന്നത് തന്നെയാണ് ഈ രോഗിയ്ക്കും ചെയ്തത്. ശസ്ത്രക്രിയ വിജയമാണ്. ഈ മാസം തന്നെ ഇതേ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലുള്ള ഒടിവിനുള്ള ശസ്ത്രക്രിയകള്‍ നടത്തിയ മറ്റു രോഗികളുടെ എക്സ്റേകളും ഇതിന് തെളിവാണെന്ന് ഡോക്ടര്‍ പറഞ്ഞു. വസ്തുതകള്‍ മനസിലാക്കാതെ മെഡിക്കല്‍ കോളേജിനെ മോശമായി ചിത്രീകരിക്കുന്ന തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങള്‍ നടത്തരുതെന്നും ഡോക്ടര്‍മാര്‍ അഭ്യര്‍ത്ഥിച്ചു.
ബൈക്കപടത്തില്‍ കൈയുടെ എല്ല് ഒടിഞ്ഞ അജിത്തിന്റെ കൈയില്‍ ഇട്ട കമ്പി മാറിപോയെന്നായിരുന്നു കുടുംബം പരാതിപ്പെട്ടത്. മേയ് 11 ന് കണ്ണഞ്ചേരിയില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് യുവാവിന് ഗുരുതര പരിക്കേറ്റത്. ആദ്യം ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.എല്ല് പൊട്ടിയ കയ്യില്‍ കമ്പി ഇടാനുള്ള ശസ്ത്രക്രിയ ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. വൈകിട്ട് എക്സറേ എടുത്തപ്പോഴാണ് ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ക്ക് ശസ്ത്രക്രയയിലെ പിഴവ് മനസിലായതെന്ന് കുടുംബം പറഞ്ഞു. വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍ പറഞ്ഞതോടെ കുടുംബം പ്രതിഷേധിച്ചു. തുടര്‍ന്ന് ഉടന്‍ ശസ്തക്രിയ ആവശ്യമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ മടങ്ങുകയായിരുന്നു.പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: