തിരുവല്ല: നിറവയറുമായി അലമുറയിടുന്ന ശിങ്കാരി… അച്ഛനും അമ്മയും സ്ഥലത്തില്ല… പെട്ടെന്നാണ് പേറ്റുനോവിന്റെ നിസഹായതയില്‍ ശിങ്കാരി കരഞ്ഞത്. കുഞ്ഞൂട്ടന്‍ ഓടിച്ചെന്നപ്പോഴേക്കും ആദ്യകുട്ടി പകുതിയോളം പുറത്തെത്തി. പിന്നെ ഒന്നും നോക്കേണ്ടിവന്നില്ല… അച്ഛനും അമ്മയും ഫാമില്‍ ചെയ്യുന്നത് ശ്രദ്ധയോടെ കണ്ടറിഞ്ഞ പത്തുവയസുകാരന്‍ കുഞ്ഞൂട്ടന്‍ സമയോചിതമായി ഇടപെട്ടു.
പൊക്കിള്‍ക്കൊടി ചേര്‍ത്ത് തടവി. ആദ്യപ്രയോഗത്തില്‍ തന്നെ ചോരയില്‍ കുളിച്ച് ആദ്യകുട്ടിയെ പൂര്‍ണമായും വേര്‍പെടുത്തി. അപ്പോഴേക്കും അടുത്ത പ്രസവത്തിന് ഒരുങ്ങിക്കഴിഞ്ഞു ശിങ്കാരി. എന്നാല്‍ ആദ്യപ്രസവം പോലെ എളുപ്പമായിരുന്നില്ല രണ്ടാമത്തേത്. ആവണക്കെണ്ണ ചേര്‍ത്ത് അടിവയറില്‍ തടവി പ്രസവഗതി കൃത്യമാക്കി. വീണ്ടും കുഞ്ഞിക്കൈകള്‍ ചേര്‍ത്ത് അമര്‍ത്തിയപ്പോള്‍ ലക്ഷണം ശുഭം. അങ്ങനെ രണ്ടാമത്തെ കുട്ടിയും കുഞ്ഞുട്ടന്റെ കൈകളില്‍ ഭദ്രം. പൊക്കിള്‍കൊടി ഉടക്കിയതിനാല്‍ അല്പം രക്തസ്രാവം ഉണ്ടായി എന്നത് ഒഴിച്ചാല്‍ ശിങ്കാരിയുടെ പ്രസവം സുഖപ്രസവമായി. രണ്ടു കുഞ്ഞാട്ടിന്‍കുട്ടികളും കുഞ്ഞൂട്ടന്റെ കൈകളില്‍ ഭദ്രം.
മുത്തശന്‍ മാധവന്‍ നമ്പൂതിരിയും മുത്തശി കലാമാധവന്‍ നമ്പൂതിരിയും എത്തിയപ്പോഴേക്കും പ്രസവം പൂര്‍ത്തിയായിക്കഴിഞ്ഞിരുന്നു. ശിങ്കാരിയുടെ തുടര്‍ചികിത്സയ്‌ക്ക് അവരും ഒപ്പംകൂടി. ശിങ്കാരിയടക്കമുള്ള ആടുകളെ ഏറെ ശ്രദ്ധയോടെയാണ് കുഞ്ഞൂട്ടന്‍ പരിചരിക്കുന്നത്. തിരുവല്ല അരയാക്കീഴില്ലത്ത് കുഞ്ഞൂട്ടന്‍ എന്ന ചേതന്‍ മാധവ് കുഞ്ഞുന്നാള്‍ മുതലേ മൃഗപരിപാലനത്തിലും കൃഷിയിലും സജീവമാണ്.
അച്ഛന്‍ സുബ്ര്മണ്യന്‍ നമ്പൂതിരിയും അമ്മ രേവതിയും തുടക്കമിട്ട കുഞ്ചൂസ് ഫാം ഹൗസില്‍ അമ്പതിനടുത്ത് ആടുകള്‍ ഉണ്ട്. അന്തരിച്ച കൂടിയാട്ട കലാകാരി മാര്‍ഗി സതിയുടെ കൊച്ചുമകനായ കുഞ്ഞൂട്ടന്‍ അമ്മ രേവതിയില്‍ നിന്ന് കൂടിയാട്ടവും അഭ്യസിക്കുന്നുണ്ട്. രണ്ട് ആട്ടിന്‍കുട്ടികളുടെയും പൊക്കിള്‍കൊടി മുറിച്ച് വൃത്തിയാക്കിയതും കുളിപ്പിച്ച് കന്നിപ്പാല്‍ നല്കിയതും കുഞ്ഞൂട്ടന്‍ തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: