അംബാല(ഹരിയാന): ഭാരതത്തെ ദുഷ്ടലാക്കോടെ നോക്കുന്നതിന് മുമ്പ് ശത്രുക്കള്‍ നൂറ് തവണ ആലോചിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കരുത്തുള്ള സര്‍ക്കാരാണ് ഭാരതത്തിന്റേതെന്ന് മോദി ചൂണ്ടിക്കാട്ടി. എഴുപത് വര്‍ഷം ഭാരതത്തെ നിരന്തരം ശല്യപ്പെടുത്തിയ പാകിസ്ഥാന് ഇന്ന് പിച്ചച്ചട്ടിയുമായി അലഞ്ഞുതിരിയുകയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പോയ എഴുപതാണ്ട് അവര്‍ കൈയില്‍ നമുക്കെതിരെ ബോംബാണ് കരുതിയത്. ഇന്ന് ഭിക്ഷാപാത്രവും. ഭാരതത്തില്‍ കരുത്തുള്ള സര്‍ക്കാര്‍ നിലവില്‍ വന്നതിന്റെ മാറ്റമാണിത്, മോദി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 തീര്‍ത്ത തടസങ്ങളുടെ മതില് ഈ സര്‍ക്കാര്‍ പൊളിച്ചുകളഞ്ഞു. കശ്മീരിന്റെ അവസ്ഥ മാറി. ഒരു ദുര്‍ബല സര്‍ക്കാരിന് അത് ചെയ്യാനാകുമായിരുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് ഹരിയാനയിലെ ധീരരായ അമ്മമാര്‍ രാപകല്‍ ആശങ്കയിലായിരുന്നു. എന്നാലിന്ന്, പത്ത് വര്‍ഷമായി അത്തരം ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലാതായിരിക്കുന്നു. ഭീകരതയ്ക്കുനേരെ കശ്മീര്‍ ചോദ്യമുയര്‍ത്തുന്നു. ആ നാട് പുരോഗതിയിലേക്ക് ചുവടുവയ്ക്കുന്നു, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ദേശവിരുദ്ധ ശക്തികളെക്കുറിച്ച് ഹരിയാനയിലെ ജനങ്ങള്‍ ബോധമുള്ളവരാണ്. അതുകൊണ്ടുതന്നെ ഇന്‍ഡി മുന്നണി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാണ്. പതിനേഴ് ദിവസം കൂടിമാത്രമേ ഉള്ളൂ ജൂണ്‍ നാലിന്.
നാല് ഘട്ടം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. രാജ്യത്തിനെതിരെ ഇന്‍ഡി മുന്നണി കൊണ്ടുവന്ന എല്ലാ പ്രചരണങ്ങളും ജനങ്ങള്‍ തന്നെ പൊളിച്ചു.
സൈന്യത്തെയും സൈനികരെയും വഞ്ചിച്ചതാണ് കോണ്‍ഗ്രസിന്റെ പാരമ്പര്യമെന്ന് മോദി പറഞ്ഞു. അവര്‍ ആയുധങ്ങള്‍ക്ക് കമ്മീഷന് വാങ്ങി. സൈന്യത്തിന്റെ ആത്മവീര്യം തകര്‍ത്തു. വലിയ ലാഭം കൊയ്യാന്‍ പഴകിയ ആയുധങ്ങള്‍ വാങ്ങി. സൈനികര്‍ക്ക് മതിയായ വസ്ത്രം പോലും നല്‍കിയില്ല. ബൂട്ടുകളോ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളോ നല്‍കിയില്ല. നല്ല തോക്കുകള്‍ പോലും നല്‍കിയില്ല. മോദി സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരതിലൂടെ അതിനെല്ലാം പരിഹാരം കണ്ടു. ഇന്ന് നമ്മുടെ സൈന്യത്തിന് ഇവിടെ നിര്‍മ്മിച്ച ആയുധങ്ങളുണ്ട്. നമ്മള് ഇപ്പോള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ആയുധം വില്ക്കാന് കരുത്തുള്ള രാജ്യമാണ്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അഫ്ഗാനിസ്ഥാന്റെ മണ്ണിലേക്ക് കവര്‍ന്നുകൊണ്ടുപോയ ഗുരുഗ്രന്ഥസാഹിബിന്റെ പകര്‍പ്പുകള്‍ ബിജെപി സര്‍ക്കാര്‍ വീണ്ടെടുത്തു. ധീരബാലന്മാരായ ജൊരാവറിന്റെയും ഫതേസിംഹിന്റെയും ഓര്‍മ്മയ്ക്കായി വീര്‍ ബാല്ദിവസ് ആഘോഷം കൊണ്ടുവന്നത് ഈ സര്‍ക്കാരാണ്, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: