വാഷിങ്ടണ്‍: പൊതുതെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ച ഭാരതത്തിലെ ജനങ്ങളെ പ്രശംസിച്ച് അമേരിക്ക. ഭാരതത്തെപ്പോലെ ഊര്‍ജ്ജസ്വലമായ മറ്റൊരു ജനാധിപത്യ രാജ്യം ലോകത്തില്ലെന്നും യുഎസിലെ നാഷണല്‍ സെക്യൂരിറ്റി കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസര്‍ ജോണ്‍ കിര്‍ബി. ഭാരതത്തിലെ പൊതുതെരഞ്ഞെടുപ്പിനെ പറ്റിയുള്ള യുഎസ് പ്രസിഡന്റിന്റെ അഭിപ്രായമെന്തെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജോണ്‍ കിര്‍ബി.
പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ഭാരതത്തിലെ ജനങ്ങളെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. തങ്ങളുടെ ഭാവി ഭരണകര്‍ത്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ അവര്‍ക്ക് ഭാഗമാകാന്‍ കഴിഞ്ഞു. ഈ ജനാധിപത്യ പ്രക്രിയ നല്ല രീതിയില്‍ അവസാനിക്കട്ടെ എന്നാശംസിക്കുന്നു, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ മാത്രം എടുത്താല്‍, അമേരിക്കയും ഭാരതവുമായുള്ള ബന്ധം വളരെ അടുത്തു. അത് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ പുതിയ പദ്ധതികള്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് നടപ്പിലാക്കുന്നുണ്ടെന്നും ഇന്‍ഡോ-പസഫിക് സ്‌ക്വാഡിന്റെ ശാക്തീകരണത്തിലും സൈനിക മേഖലയിലുമെല്ലാം അമേരിക്ക ഭാരതവുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എല്ലാ മേഖലകളിലും ഇരുരാജ്യങ്ങളും സജീവമായ പങ്കാളിത്തം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ജോണ്‍ കിര്‍ബി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: