വിശ്വരൂപദര്‍ശനമാണ് 12-ാം അദ്ധ്യായത്തില്‍ വര്‍ണ്ണിക്കുന്നത്. ഭഗവാന്റെ വിശ്വരൂപം ദര്‍ശിക്കണമെന്ന ഹനുമാന്റെ ആഗ്രഹപ്രകാരം ജാനകീനാഥന്‍ ഇപ്രകാരം അരുളി ചെയ്തു.
വായൂപുത്രാ പാദസേവ കൊണ്ട് എന്നെ സംപ്രീതനാക്കിയും, വിശ്വൂപദര്‍ശനയോഗം ഉള്ളതിനാലും, വാക്കുകള്‍ക്ക് അതീതമായതും, മായാവിലാസത്തില്‍ വിചിത്രമായി തോന്നാവുന്നതുമായ വിശ്വരൂപത്തെ യഥാവിധി ഞാന്‍ പറഞ്ഞു തരാം. എന്നാല്‍ എത് കേട്ട് ഭയപ്പെടരുത്. സ്വാമിന്‍ ഭഗവാനോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഞാന്‍ എന്തിന് ഭയപ്പെടണം? തന്നെയുമല്ല അങ്ങയുടെ മുഖാരവിന്ദത്തില്‍ നിന്ന് തന്നെയല്ലേ അത് ശ്രവിക്കാന്‍ എനിക്ക് കഴിയുക എന്ന ഹനുമാന്റെ മറുപടിക്ക് വായൂപുത്രാ അങ്ങനെ ചിന്തിക്കരുത് എന്നു ഭഗവാന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഒരിക്കല്‍ എന്റെ വിശ്വരൂപത്തിന്റെ വിവരണം ശ്രവിച്ച് ബ്രഹ്മാവും, ഇന്ദ്രാദികളായ ദേവഗണം പോലും നടുങ്ങിപ്പോയിട്ടുണ്ട്.
കപിശ്രേഷ്ഠാ-ആര്‍ക്കും സ്പര്‍ശിക്കാന്‍ കഴിയാത്തതും എന്നാല്‍ സര്‍വ്വദിക്കിലും വ്യാപിച്ചിരിക്കുന്ന വിസ്തൃതമായ കരചരണങ്ങളോടും, കണ്ണുകള്‍, മുഖം, നാസികകള്‍, മസ്തകം എന്നിവ സര്‍വ്വത്ര വ്യാപ്തമായിരിക്കുന്നതുമായ ഒരു രൂപത്തെ മനസ്സില്‍ കാണുക. അതിന്റെ നാസികയാകുന്ന ഗുഹകകളില്‍ കൂടി ശ്വാസോച്ഛാസ സമയത്ത് ഈരേഴ് പതിനാല് ലോകങ്ങളും ചെറിയ കൊതുകുകളെപ്പോല്‍ അകത്തേക്കും പുറത്തേക്കും ഗമിക്കുന്നു. കേശാലങ്കാരമായി അങ്ങുമിങ്ങുമായി കോടിക്കണക്കിന് ബ്രഹ്മാണ്ഡം സ്ഥിതി ചെയ്യുന്നു. കവിള്‍കൊണ്ട ജലകണം കണക്കെ സപ്തസമുദ്രങ്ങളും, അതില്‍ കുടികൊള്ളുന്നു. ശ്രേഷ്ഠങ്ങളായ എല്ലാ നദികളും പര്‍വ്വതശ്രേണികളും മലര്‍പൊടിപോലെ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്നു. മദ്ധ്യാഹ്നസൂര്യന്‍പോലും ചെറുമിന്നാമിനുങ്ങിന്റെ വെട്ടമായി മാത്രമാണ് കാണപ്പെടുന്നത്. ഈ വിരാട് രൂപത്തിന്റെ നാഭിപത്മത്തില്‍ അതിവിശാലം പൂണ്ട അനേകായിരം നാന്മുഖന്മാര്‍ താമരപ്പൂമ്പൊടിക്ക് സമം ഒട്ടിപ്പിടിച്ചു കിടക്കുന്നു. എന്റെ വിശ്വരൂപം
ആദിമദ്ധ്യാന്തഹീനമാണെന്നും അറിയുക. സൂര്യചന്ദ്രന്മാര്‍ അതിന്റെ കര്‍ണ്ണകുണ്ഡലങ്ങളായി ശോഭിക്കുന്നു. ബാഹ്യാന്തരങ്ങളില്‍ വ്യപിച്ചിരിക്കുന്ന അഖണ്ഡശരീരത്തോട് വിരാജിക്കുന്ന അതില്‍ ബ്രഹ്മതേജസ്സും, ക്ഷത്രതേജസ്സും അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. ദര്‍ശിക്കാനോ ശ്രവിക്കാനോ, കഴിയാത്ത അലൗകീകവും അപൂര്‍വ്വമാണ് എന്റെ രൂപമെന്ന് ധരിച്ചാലും.
ഇപ്രകാരം ജാനകീനാഥന്‍ വിശ്വരൂപവര്‍ണ്ണനയ്‌ക്ക് തുടക്കം കുറിച്ചപ്പോള്‍ സ്വഭാവനകൊണ്ട് അത് ദര്‍ശിക്കാന്‍ ശ്രമിച്ച ഹനുമാന്‍ മോഹാലസ്യപ്പെട്ടു. ഇതുകണ്ട ശ്രീരാമചന്ദ്രപ്രഭു ഹനുമാനെ തന്റെ കരവലയത്തില്‍ എടുത്ത് ഉയര്‍ത്തി ശീതളജലം നല്‍കി ഉണര്‍ത്തി. ബോധം പൂര്‍ണ്ണമായും തിരിച്ചു വന്നപ്പോള്‍ ഭഗവാന്‍ തന്റെ വിശ്വരൂപ വര്‍ണ്ണന വീണ്ടും തുടങ്ങാന്‍ ആരംഭിച്ചു. എന്നാല്‍ അത്‌കേട്ട് ആഞ്ജനേയ പുത്രനായ ഹനുമാന്‍ ശ്രീരാമന്റെ ഇരുപാദവും കെട്ടിപ്പിടിച്ച് ഇപ്രകാരം പറഞ്ഞു. ‘അല്ലെയോ ദയാസമുദ്രമായ പരമാത്മാവേ, അങ്ങയുടെ വിശ്വരൂപം വൈഭവം നിറഞ്ഞതും, വിചിത്രവും ദുരൂഹവുമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിന്റെ സ്മരണ ഉണ്ടാകുമ്പോള്‍ പോലും ഞാന്‍ മോഹാലസ്യപ്പെടുന്നു. സര്‍വ്വവ്യാപിയും സര്‍വ്വശക്തിമാനും അനര്‍വ്വചനീയനനും അനന്തവൈഭവത്തോട് കൂടിയവനുമായ അങ്ങ് ദുര്‍ബ്ബലനായ എന്നില്‍ കരുണകാട്ടണേ. ബ്രഹ്മാവിന് പോലും ദര്‍ശനം ലഭിക്കാത്ത അങ്ങയുടെ ഇരുപാദത്തേയും, ഞാന്‍ ആശ്രയിക്കുന്നു. വെറുമൊരു കുരങ്ങനായ എന്റെ മഹാപരാധം പൊറുത്ത് എന്നോട് ദയാപൂര്‍വ്വം ക്ഷമിച്ചാലും.
‘ബാഷ്പകുലമായ കണ്ണുകളോടും ഗദ്ഗദ കണ്ഠത്തോ’ടും ഹനുമാന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ഭക്തവാത്സല്യത്തോടെ കരുണാമയനായ ഭഗവാന്‍ ദയാപരവശനായി ഹനുമാനെ തന്റെ കരവലയത്തില്‍ ഒതുക്കി സാന്ത്വനപ്പെടുത്തിയശേഷം വിശ്വരൂപ വര്‍ണ്ണന അവസാനിപ്പിക്കുകയാണ് ചെയ്തത്.
താരക മന്ത്രത്തെക്കുറിച്ച് ഹനുമാന്‍ ചോദിച്ചതിനുള്ള വിശദീകരണമാണ് പതിമൂന്നാം അദ്ധ്യായത്തിലെ പ്രതിപാദ്യ വിഷയം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: