കോട്ടയം: സാധാരണക്കാര്‍ക്ക് റേഷന്‍ കടയില്‍ നിന്നും മണ്ണെണ്ണ ലഭിക്കാത്തതിന് സംസ്ഥാന സര്‍ക്കാര്‍ എപ്പോഴും കുറ്റപ്പെടുത്തുക കേന്ദ്രസര്‍ക്കാരിനെയാണ്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതാണ് റേഷന്‍ കട വഴിയുള്ള മണ്ണെണ്ണ വിതരണത്തിന് തടസ്സമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ കേന്ദ്രവിഹിതം അനുവദിച്ചെങ്കിലും കേരളം യഥാസമയം ഏറ്റെടുക്കാനും വിതരണം ചെയ്യാനും തയ്യാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഫെബ്രുവരി അവസാനം 13.36 ലക്ഷം ലിറ്റര്‍ മണ്ണെണ്ണ കടകളില്‍ വില്‍ക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെയാണ് കേന്ദ്രം വിഹിതം കുറച്ചത്. കേരളത്തിലേക്കുള്ള അധിക വിഹിതം കൂടി മണ്ണെണ്ണ കൂടുതല്‍ ആവശ്യമായ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ പിടിപ്പുകേടാണ് കേന്ദ്ര അവഗണന എന്ന പേരില്‍ കേരളത്തിലെ റേഷന്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്.
സംസ്ഥാനത്തെ മണ്ണെണ്ണ വിതരണം ഇനിയും താറുമാറാകാനാണ് സാധ്യത. വിഹിതം കുറഞ്ഞതിന് ആനുപാതികമായി ലാഭം കുറയുമെന്നതിനാല്‍ ജൂണ്‍ വരെയുള്ള മൂന്നുമാസത്തെ സ്റ്റോക്ക് എടുക്കേണ്ടെന്ന നിലപാടിലാണ് വ്യാപാരികളും മൊത്തവിതരണക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: