ന്യൂദല്‍ഹി: അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലില്‍ പോയതും സ്വാതി മാലിവാള്‍ എംപിയെ കേജ്‌രിവാളിന്റെ വീട്ടിലിട്ട് മര്‍ദിച്ചതും ആംആദ്മി പാര്‍ട്ടിയിലെ ഭിന്നതകള്‍ രൂക്ഷമാക്കി. അഴിമതി വിരുദ്ധതയും സ്ത്രീ സുരക്ഷയും പറഞ്ഞ് അധികാരത്തിലെത്തിയ പാര്‍ട്ടി പത്തുവര്‍ഷം കൊണ്ട് ഏറെ മോശം സ്ഥിതിയിലാണെന്നും കേജ്‌രിവാളിന്റെ നേതൃത്വം തെറ്റായ പാതയിലാണെന്നുമാണ് ആപ്പിലെ ഒരു വിഭാഗത്തിന്റെ നിലപാട്. കേജ്‌രിവാളിന് സ്വാധീനമില്ലാത്ത പഞ്ചാബില്‍, മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്റെ നേതൃത്വത്തില്‍ ആപ്പില്‍ നിന്ന് മാറി പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള ശ്രമങ്ങളും സജീവമാക്കിക്കഴിഞ്ഞു.
അധികാരം അരവിന്ദ് കേജ്‌രിവാളിനെ തികഞ്ഞ സ്വേച്ഛാധിപതിയാക്കിക്കഴിഞ്ഞതായി ആപ്പിലെ അതൃപ്തര്‍ കുറ്റപ്പെടുത്തുന്നു. പദവികള്‍ ഇഷ്ടക്കാര്‍ക്ക് വീതം വെച്ചു നല്കാനുള്ള കേജ്‌രിവാളിന്റെ ശ്രമമാണ് സ്വാതിയെ മര്‍ദിക്കുന്നതിലേക്ക് നയിച്ചത്. കേജ്‌രിവാളിന് വേണ്ടി കോടതിയില്‍ കേസ് വാദിക്കുന്ന മനു അഭിഷേക് സിങ്‌വിക്ക് വേണ്ടി സ്വാതിയോട് രാജ്യസഭാംഗത്വം രാജിവെയ്‌ക്കാന്‍ കേജ്‌രിവാള്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പുതിയ വിവരം. ഇതിന് സ്വാതി തയ്യാറാവാതെ വന്നതോടെ കേജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി സ്വാതിയെ തല്ലുകയായിരുന്നു. പലവട്ടം അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത വൈഭവ് കുമാറിനെ ആപ്പ് നേതൃത്വം സംരക്ഷിക്കുകയാണ്. സ്വാതിയാണ് പ്രശ്നം ഉണ്ടാക്കിയതെന്ന തരത്തില്‍ പ്രചാരണം നടത്തുക കൂടി ചെയ്തതോടെ ആപ്പിനുള്ളിലെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അതൃപ്തി രൂക്ഷമായി. സ്വാതിയുടെ സ്ഥലത്തെ ആപ്പ് ഘടകങ്ങള്‍ രാജിവെച്ച് പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞുപോയതും പ്രതിസന്ധി കൂട്ടുന്നു.
മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കിടന്നപ്പോള്‍ സ്വാതി മാലിവാളും രാഘവ് ഛദ്ദയും അടക്കമുള്ള എംപിമാര്‍ സമരരംഗത്തിറങ്ങിയില്ല എന്നതാണ് കേജ്‌രിവാളിനെ രോഷാകുലനാക്കിയത്. അഴിമതിക്കേസില്‍ കേജ്‌രിവാള്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്കാത്തവരെ പാര്‍ട്ടിയില്‍ വെട്ടിനിരത്താനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി. എന്നാല്‍ ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയ്‌ക്ക് വേണ്ടി കേജ്‌രിവാള്‍ യാതൊന്നും ചെയ്യുന്നില്ല എന്നതാണ് മറുവിഭാഗത്തിന്റെ പരാതി.
ദല്‍ഹി മന്ത്രിമാരായ ആതിഷിയും സൗരഭ് ഭരധ്വാജും മാത്രമാണ് നിലവില്‍ കേജ്‌രിവാളിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നത്. മറ്റു നേതാക്കളെല്ലാം തന്നെ പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തരായി മാറി നില്ക്കുകയാണ്. കേജ്‌രിവാള്‍ ജയിലില്‍ പോയപ്പോള്‍ ഭാര്യയായ സുനിതാ കേജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചതാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കിയത്. ഇതോടെ രാജിവെയ്‌ക്കാതെ ജയിലില്‍ കിടന്നും മുഖ്യമന്ത്രിയായി തുടരുകയെന്ന തീരുമാനത്തില്‍ കേജ്‌രിവാള്‍ എത്തുകയായിരുന്നു. ദല്‍ഹിയിലെ സ്ത്രീ സുരക്ഷാ പ്രശ്നങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതികളും ചൂണ്ടിക്കാട്ടി പാര്‍ട്ടി രൂപീകരിച്ച് അധികാരത്തിലെത്തിയ അരവിന്ദ് കേജ്‌രിവാള്‍ അഴിമതിക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുകയും പുറത്തുവന്ന് വനിതാ എംപിയെ മര്‍ദിക്കാന്‍ നിര്‍ദേശം നല്കുകയും ചെയ്തത് ആപ്പിനെ പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: