തൊടുപുഴ: അന്തരീക്ഷച്ചുഴിയെ തുടര്‍ന്ന് സംസ്ഥാനത്ത് വേനല്‍മഴ കൂടുതല്‍ വ്യാപകമാകുന്നു. 20, 21 തിയതികളില്‍ മഴ കൂടുതല്‍ ശക്തമാകുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം. 10 ദിവസം മുമ്പ് വരെ കടുത്ത വേനലില്‍ ദുരിതത്തിലായിരുന്നു സംസ്ഥാനം. പിന്നാലെയാണ് ചെറിയ തോതില്‍ മഴ എത്തിയത്. ഇത് കൂടുതല്‍ ശക്തമാകുകയും കാലവര്‍ഷം വരെ തുടരുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
ശക്തമായ കാറ്റ്, ഇടിമിന്നല്‍ എന്നിവയോട് കൂടി എത്തുന്ന മഴ വലിയ നാശം വിതച്ചേക്കും. മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയും ഉള്ളതിനാല്‍ ഇത്തരം മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണം. മഴയില്‍ വെള്ളം കയറുന്ന മേഖലയിലുള്ളവര്‍ക്കും മുന്‍കരുതല്‍ നിര്‍ദേശമുണ്ട്. ഇന്ന് രണ്ട് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
നാളെ മഴ കൂടുതല്‍ ശക്തമാകും. 20, 21 തിയതികളില്‍ 7 വീതം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഈ ദിവസങ്ങളില്‍ റെഡ് അലര്‍ട്ടിന് സമാനമായ രീതിയില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ മുതല്‍ പലയിടത്തും രാവിലെ മുതല്‍ മഴ ലഭിക്കുന്നുണ്ട്. മഴ മണിക്കൂറുകള്‍ നീണ്ടുനിന്നതോടെ കൃഷിനാശവും ഇന്നലെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാളെ ഉച്ചയോടെ ആരംഭിക്കുന്ന മഴ മിക്കയിടത്തും ചെറിയ ഇടവേളകളോടെ 48 മണിക്കൂര്‍ വരെ നീണ്ട് നില്‍ക്കാനുള്ള സാധ്യതയുമുണ്ട്. തെക്കന്‍ തമിഴ്നാട് തീരത്തും വടക്കന്‍ തമിഴ്നാട് തീരത്തുമായി രണ്ട് അന്തരീക്ഷച്ചുഴികള്‍ നിലവിലുണ്ട്.
ഇതിനൊപ്പം കന്യാകുമാരി കടല്‍ മുതല്‍ തെക്കന്‍ ഛത്തീസ്ഗഡ് വരെ നീണ്ട് കിടക്കുന്ന ന്യൂനമര്‍ദപാത്തിയുമാണ് മഴയ്ക്ക് പ്രധാന കാരണം. നിലവിലെ മഴ 22 വരെ ശക്തി കാര്യമായി കുറയാതെ തുടരും. വേനല്‍ക്കാലത്തെ മഴക്കുറവ് 38 ശതമാനമായി കുറഞ്ഞു. ഇതിനൊപ്പം വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ട്. അതേസമയം മോശം കാലാവസ്ഥയും ശക്തമായ കാറ്റും കാരണം 21 വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധത്തിന് പോകുന്നതിന് വിലക്കുണ്ട്. 45 മുതല്‍ 65 കി.മീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: