ന്യൂദല്‍ഹി: രാജ്യസഭാ എംപി സ്വാതി മലിവാളിനെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് ക്രൂരമായി മർദ്ദിച്ച മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സെക്രട്ടറി വൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തു. കേജ്രിവാളിന്റെ വീട്ടിൽ നിന്നുമാണ് വൈഭവ് കുമാറിനെ ദൽഹി പോലീസ് അറസ്റ്റ് ചെയ്തത്. സ്വാതി മലിവാളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
ദല്‍ഹി എയിംസില്‍ മൂന്ന് മണിക്കൂറോളം സ്വാതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയിരുന്നു. സ്വാതി മലിവാൾ നേരിട്ടത് ക്രൂരമർദ്ദനമാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഇടത്തേ കാലിനും കണ്ണിന് താഴെയും കവിളിലും പരിക്കുകളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കൂടാതെ നെഞ്ചിലും അടിവയറ്റിലും അടിയേറ്റ പാടുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. വൈഭവ് കുമാര്‍ ഏഴുതവണ മുഖത്തടിച്ചുവെന്ന് എഫ്ഐആർ വ്യക്തമാക്കുന്നു. നെഞ്ചിലും അടിവയറ്റിലും നിരവധി തവണചവിട്ടി, മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു. തനിക്ക് ആര്‍ത്തവമാണെന്ന് കരഞ്ഞു പറഞ്ഞിട്ടും ക്രൂരമര്‍ദ്ദനം തുടര്‍ന്നെന്നും സ്വാതി മലിവാളിന്റെ മൊഴിയിലുണ്ടെന്നും പോലീസ് എഫ്ഐആറില്‍ പറയുന്നു.
വിവരം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് വൈഭവ് കുമാര്‍ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറിലുണ്ട്. കോടതി മുമ്പാകെയും സ്വാതി രഹസ്യമൊഴി നല്കിയിട്ടുണ്ട്. പിടിച്ചു തള്ളി, മുറിയിലെ മേശയില്‍ തല ഇടിച്ച് വീണു. നിരവധി തവണ മുഖത്തടിച്ചു. നെഞ്ചിലും വയറിലും സ്വകാര്യഭാഗത്തും ചവിട്ടി. മുടിയില്‍ പിടിച്ച് മുറിയില്‍ വലിച്ചിഴച്ചു. ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും കേട്ടഭാവം നടിച്ചില്ല. സംഭവസമയത്ത് മുഖ്യമന്ത്രി വസതിയില്‍ ഉണ്ടായിരുന്നതായും എഫ്ഐആറിലുണ്ട്.
മെയ് 13 ന് രാവിലെ ഒന്‍പത് മണിയോടെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. അരവിന്ദ് കേജ്രിവാളിനെ കാത്ത് വീടിന്റെ ഡ്രോയിങ് റൂമില്‍ ഇരിക്കുമ്പോഴാണ് ക്രൂരമായ ആക്രമണമുണ്ടായത്. ഡ്രോയിങ് റൂമില്‍ ഇരിക്കുകയായിരുന്ന തന്നെ ഒരു പ്രകോപനവുമില്ലാതെ വൈഭവ് കുമാര്‍ അസഭ്യം പറയുകയായിരുന്നു. പിന്നാലെയാണ് ക്രൂരമര്‍ദ്ദനമുണ്ടായത്.
സ്വാതിയെ ഇന്നലെ വൈകിട്ട് അരവിന്ദ് കേജ്രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. മെയ് 13ന് നടന്ന സംഭവങ്ങള്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു പോലീസ്. ആദ്യം പോലീസും ഫോറന്‍സിക് വിദഗ്ധരും തെളിവെടുപ്പ് നടത്തിയതിനു പിന്നാലെയാണ് സ്വാതിയെ മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചത്. തെളിവെടുപ്പിനുശേഷം വീടിനു പുറത്തുപോയ അഞ്ചംഗ ഫോറന്‍സിക് സംഘം, സ്വാതിയെ പോലീസ് വീട്ടിലെത്തിച്ചതോടെ തിരികെയെത്തി പരിശോധന തുടര്‍ന്നു.
സ്വാതി മലിവാള്‍ രേഖാമൂലം നല്കിയ പരാതിയില്‍ വൈഭവ് കുമാറിനെതിരെ ഐപിസി സെക്ഷന്‍ 354, 506, 509, 323 എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഡീഷണല്‍ പോലീസ് കമ്മിഷണര്‍ പി.എസ്. കുശ്വാഹയുടെ നേതൃത്വത്തിലുള്ള ദല്‍ഹി പോലീസ് സംഘ സംഘം വ്യാഴാഴ്ച സ്വാതിയുടെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: