നാഗ്പൂര്‍: ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വീതീയയ്ക്ക് തുടക്കമായി. വര്‍ഗ് ഏകാത്മതയുടെ അനുഭൂതിയാണ് പകരുന്നതെന്ന് ഉദ്ഘാടന സഭയില്‍ സംസാരിച്ച അഖിലഭാരതീയ സേവാ പ്രമുഖ് പരാഗ് അഭ്യങ്കര്‍ പറഞ്ഞു. നാഗ്പൂരിലെത്തി സംഘപരിശീലനം നേടുന്നത് സ്വയംസേവകര്‍ക്ക് സൗഭാഗ്യമാണ്. ഈ ഭൂമി ഡോക്ടര്‍ജിയുടെയും ശ്രീഗുരുജിയുടെയും തപഃസ്ഥാനമാണെന്ന് വര്‍ഗ് പാലക് അധികാരി കൂടിയായ പരാഗ് അഭ്യങ്കര്‍ പറഞ്ഞു.
പരിശീലനം സംഘകാര്യത്തില്‍ പ്രധാനമാണ്. രാഷ്ട്രം നേരിട്ട വെല്ലുവിളികളെ മറികടക്കാന്‍ സമാജത്തെ ശക്തമാക്കുകയാണ് സംഘം ചെയ്യുന്നത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ജനങ്ങളില്‍ സംഘം സ്വതന്ത്രതയ്ക്കായുള്ള മനോഭാവം ജ്വലിപ്പിച്ചു. ഡോക്ടര്‍ജി വനസത്യഗ്രഹത്തില്‍ പങ്കെടുത്തു, അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥയും കൊവിഡ് കാലവുമൊഴിച്ച് എല്ലാ വര്‍ഷവും സംഘത്തിന്റെ പരിശീലന വര്‍ഗ് മുടക്കമില്ലാതെ നടക്കുന്നു. സംഘടിത ഹിന്ദു മനോഭാവം സമാജത്തിലാകെ സൃഷ്ടിക്കേണ്ടതുണ്ട്. സജ്ജനങ്ങളെ സംഘടിപ്പിക്കണം. രാഷ്ട്രഹിതത്തിനായി സമാജത്തെ സശക്തമാക്കണം. അതിന് അനുസൃതമായ പാഠ്യപദ്ധതിയാണ് പരിശീലനത്തിന്റെ സവിശേഷത, അഭ്യങ്കര്‍ ചൂണ്ടിക്കാട്ടി.
രേശിംഭാഗില്‍ ഡോ. ഹെഡ്ഗേവര്‍ സ്മൃതി മന്ദിരത്തിന് സമീപം മഹര്‍ഷി വ്യാസ് സഭാ ഗൃഹത്തില്‍ ചേര്‍ന്ന ഉദ്ഘാടന സഭയില്‍ വര്‍ഗ് സര്‍വാധികാരി ഇക്ബാല്‍ സിങ്, സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, പരാഗ് അഭ്യങ്കര്‍ എന്നിവര്‍ ഭാരത് മാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സഹസര്‍ കാര്യവാഹുമാരായ സി. ആര്. മുകുന്ദ, രാംദത്ത് ചക്രധര്‍ എന്നിവരും പങ്കെടുത്തു. 936 ശിക്ഷാര്‍ത്ഥികളാണ് വര്‍ഗില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 10 നാണ് വര്‍ഗ് സമാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: