കണ്ണൂർ: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്‌മാരകം നിർമിച്ച് സിപിഎം. പാനൂർ തെക്കുംമുറിയിലാണ് സ്‌മാരകം നിർമിച്ചത്. ഷൈജു, സുബീഷ് എന്നിവരുടെ സ്മാരകം മെയ് 22ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
2015 ജൂൺ ആറിനാണ് ബോംബ് നിർമാണത്തിനിടെ ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്. 2016 മുതൽ സിപിഐഎം ഇരുവരുടെയും രക്തസാക്ഷിദിനാചരണം ആചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിർമിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയിൽ സിപിഐഎം നേതൃത്വത്തിൽ ഇരുവർക്കും സ്മാരകം നിർമിക്കാൻ ധനസമാഹരണം നടത്തി. 2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു.
സിപിഎം രക്തസാക്ഷികളുടെ പട്ടികയിൽ ഇരുവരുടെയും പേരുകളുണ്ട്. ആർഎസ്എസ് ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പാർട്ടിയുടെ വിശദീകരണം. പാനൂർ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമാണത്തിനിടെ ആയിരുന്നു പൊട്ടിത്തെറി. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു അന്ന് സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. എന്നാൽ, മരിച്ച ഇരുവർക്കും തൊട്ടടുത്ത വർഷം രക്തസാക്ഷി പരിവേഷം നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: