മുംബൈ: മഹാരാഷ്‌ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ വെള്ളിയാഴ്ച മുംബൈയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിലും ആർട്ടിക്കിൾ 370 റദ്ദാക്കിയതിലും കേന്ദ്രത്തെ അദ്ദേഹം പ്രശംസിച്ചു.
ദാദറിലെ ശിവാജി പാർക്ക് ഗ്രൗണ്ടിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാജ് താക്കറെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും മഹാരാഷ്‌ട്രയിലെ അതിന്റെ ഭരണ സഖ്യകക്ഷികൾക്കും നിരുപാധിക പിന്തുണ നൽകി. മൂന്നാം തവണയും പ്രധാനമന്ത്രി അധികാരത്തിൽ വന്നാലുള്ള തന്റെ പ്രതീക്ഷകൾ അദ്ദേഹം വ്യക്തമാക്കി.
കൂടാതെ രാമക്ഷേത്ര നിർമ്മാണം, ആർട്ടിക്കിൾ 370 നീക്കം ചെയ്യൽ, മുത്തലാഖ് നിരോധിച്ചത് എന്നിവ അദ്ദേഹം പരാമർശിച്ചു. “ഇവ ധീരമായ തീരുമാനങ്ങളായി ഞാൻ കരുതുന്നു. ഇപ്പോൾ, മോദിജി മറാത്തിക്ക് ക്ലാസിക്കൽ ഭാഷാ പദവി നൽകുമെന്നും രാജ്യത്തെ സ്കൂൾ പാഠ്യപദ്ധതികളിൽ മറാത്ത ചരിത്രം ഉൾപ്പെടുത്തുമെന്നും ശിവാജി കാലത്തെ കോട്ടകൾ സംരക്ഷിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു,” – അദ്ദേഹം പറഞ്ഞു.
മുംബൈ-ഗോവ ഹൈവേയുടെ നിലവിലുള്ള ജോലികളും വേഗത്തിലാക്കേണ്ടതുണ്ടെന്ന് രാജ് താക്കറെ പറഞ്ഞു. മെയ് 7 ന് സ്വന്തം തട്ടകമായ ബാരാമതി ലോക്‌സഭാ സീറ്റിൽ വോട്ടെടുപ്പിന് ശേഷം പൊതുവേദികളിൽ കാണാതിരുന്ന ഉപമുഖ്യമന്ത്രി അജിത് പവാറും മുംബൈയിൽ ശിവസേന-ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥികളെ പിന്തുണച്ച് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തിരുന്നു.
വികസന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാത്തതിന് പ്രതിപക്ഷത്തെ അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിക്ക് മാത്രമേ രാജ്യത്തിന് ശക്തമായ നേതൃത്വം നൽകാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന (യുബിടി) അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്‌ക്കെതിരെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഞ്ഞടിച്ചു.
ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ “എന്റെ ഹിന്ദു സഹോദരീസഹോദരന്മാരേ” എന്ന വിളി ശിവാജി പാർക്ക് ഗ്രൗണ്ടിൽ കേൾക്കാറുണ്ടായിരുന്നു. ഇപ്പോൾ, ഉദ്ധവ് താക്കറെ ഹിന്ദു എന്ന വാക്ക് ഉപയോഗിക്കുന്നത് നിർത്തി. മോദി ഭരണം കൊവിഡിനെതിരെ വാക്സിനുകൾ നൽകുമ്പോൾ, ഉദ്ധവ് താക്കറെ ഖിച്ഡി കുംഭകോണത്തിലും ബോഡി ബാഗ് അഴിമതിയിലും മുങ്ങിയിരിക്കുന്നത് കണ്ടുവെന്നും ബിജെപി നേതാവ് തന്റെ മുൻ സഖ്യകക്ഷിക്കെതിരെ ആഞ്ഞടിച്ചു. ശിവാജി പാർക്ക് ഗ്രൗണ്ടിലെ വാർഷിക ദസറ റാലികളിൽ ശിവസേന സ്ഥാപകൻ അന്തരിച്ച ബാൽ താക്കറെ പ്രസംഗിക്കുമായിരുന്നു.
ഇപ്പോൾ ഉദ്ധവ് താക്കറെയുടെ റാലികളിൽ പാകിസ്ഥാൻ പതാകകളും മധ്യകാല മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്റെ മഹത്വവൽക്കരണവും കാണുന്നുണ്ടെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
കോൺഗ്രസുമായും എൻസിപിയുമായും (എസ്പി) സഖ്യമുണ്ടാക്കിയ മുൻഗാമി ഉദ്ധവ് താക്കറെയ്‌ക്ക് ഇപ്പോൾ “ഗർവേ സെ കഹോ ഹം ഹിന്ദു ഹേ” (ഞാൻ ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയുക) പറയാൻ ധൈര്യപ്പെടാനാവില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
ഒരു ഓന്ത് ഇത്ര വേഗത്തിൽ നിറം മാറുന്നത് മുമ്പ് ആരും കണ്ടിട്ടില്ല,” അദ്ദേഹം തന്റെ രാഷ്‌ട്രീയ എതിരാളിയെ പേരെടുത്ത് പറയാതെ ആഞ്ഞടിച്ചു.
സവർക്കറെ അധിക്ഷേപിച്ചപ്പോൾ കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ ഫോട്ടോയിൽ ചപ്പൽ കൊണ്ട് അടിക്കണമെന്ന് ബാലാസാഹേബ് തന്റെ അനുയായികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉദ്ധവ് താക്കറെ കോൺഗ്രസിന്റെ ചെരുപ്പ് തലയിൽ വച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: