ന്യൂദല്‍ഹി: രാജ്യസഭാ എംപി സ്വാതി മലിവാള്‍ ദല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തില്‍ അരവിന്ദ് കേജ്രിവാള് മാപ്പുപറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിര്‍മല സീതാരാമന്.
മുന്‍ വനിതാകമ്മിഷന് അധ്യക്ഷ കൂടിയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ സന്തതസഹചാരിയായ വൈഭവ് കുമാറാണ് ആക്രമിച്ചത്. മെയ് 13 നുണ്ടായ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാന്‍ കേജ്രിവാള് തയ്യാറായിട്ടില്ല. ആപ്പിന്റെ സ്ത്രീവിരുദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. മുഖ്യമന്ത്രിയുടെ മൗനം അംഗീകരിക്കാനാവില്ലെന്നും നിര്‍മല സീതാരാമന് ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വൈഭവ് കുമാറിനെതിരെ നടപടിയെടുക്കുമെന്നാണ് ആപ്പിന്റെ രാജ്യസഭ എംപി സഞ്ജയ് സിങ് പറഞ്ഞത്. ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, എന്നുമാത്രമല്ല മുഖ്യമന്ത്രിക്കൊപ്പമാണ് വൈഭവ് കുമാര്‍. ലഖ്നൗവില്‍ നടന്ന വാര്‍ത്താസമ്മേളനത്തിനിടെ, അരവിന്ദ് കേജ്രിവാളിനോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലജ്ജയില്ലാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഈ മുഴുവന്‍ സംഭവങ്ങള്‍ക്കും ഉത്തരവാദി അരവിന്ദ് കേജ്രിവാളാണെന്നും നിര്‍മലാ സീതാരാമന് പറഞ്ഞു.
ആപ്പിന്റെ സ്ഥാപക അംഗമായ മധു ഭാദുരി തന്നെ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധതയെക്കുറിച്ച് നേരത്തെ വ്യക്തമാക്കിയതാണ്. ആപ്പില്‍ സ്ത്രീകള്‍ക്ക് ഇടമില്ലെന്നായിരുന്നു മധു ഭാദുരിയുടെ ആരോപണം. ആപ്പിന്റെ മുന്‍ നേതാവ് ഷാസിയ ഇല്‍മിയും ഈ നിലപാട് അനുഭവിച്ചറിഞ്ഞതാണ്. ആപ്പ് എംഎല്‍എ ശരദ് ചൗഹാന് പാര്‍ട്ടി പ്രവര്‍ത്തക സോണി മിശ്രയുടെ ആത്മഹത്യാ കേസില്‍ പ്രതിയാണ്. ഗര്‍ഭിണിയായ ഭാര്യയെ ആക്രമിച്ചയാളാണ് ദല്‍ഹിയിലെ ആപ്പ് സ്ഥാനാര്‍ത്ഥി സോമനാഥ് ഭാരതി. സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാവാദ്ര എന്നിവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഇന്‍ഡി സഖ്യകക്ഷി നേതാക്കളും ഭാര്യ ഗാര്‍ഹിക പീഡനം ആരോപിച്ച സോമനാഥ് ഭാരതിക്ക് വോട്ട് ചെയ്യും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് വനിതാ സ്ഥാനാര്‍ത്ഥികളാണ് ദല്‍ഹിയില്‍ ബിജെപിക്കു വേണ്ടി മത്സരരംഗത്തിറങ്ങിയിരിക്കുന്നത്. ബന്‍സുരി സ്വരാജും കമല്‍ജീത് സെഹ്രാവത്തുമാണത്. എന്നാല്‍, ദല്‍ഹിയില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെപ്പോലും മത്സരിപ്പിക്കാന്‍ ആപ്പ് തയ്യാറായിട്ടില്ലെന്നും നിര്‍മല കുറ്റപ്പെടുത്തി. ആപ്പ് നേതൃത്വം സ്ത്രീകള്‍ക്ക് എതിരാണ്. ആപ്പിന്റെ നേതാക്കള്‍ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. പഞ്ചാബിലെ ഒരു യൂട്യൂബര്‍, സ്ത്രീകള്‍ക്കു നേരിടേണ്ടിവന്ന ചില തെറ്റായ നടപടികള്‍ക്കെതിരെ വീഡിയോ ചെയ്തു. ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആ യൂട്യൂബര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. നാരീശക്തി വന്ദന്‍ അധീനിയം പാര്‍ലമെന്റില്‍ പാസായപ്പോള്‍ ആപ്പ് എംപി സഞ്ജയ് സിങ് അതിനെ അധിക്ഷേപിക്കുകയാണ് ചെയ്തത്.
വൈദ്യപരിശോധനക്ക് പോകുമ്പോള്‍ പോലും സ്വാതി മലിവാളിന് കഠിനമായ വേദനയുണ്ടായിരുന്നതായി ആ ദൃശ്യങ്ങള്‍ കാണുമ്പോള്‍ മനസിലാകും. നടക്കാന്‍ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു അവര്‍. ഒരു സ്ത്രീയുടെ ശരീരത്തിന്റെ പകുതിക്ക് താഴേക്ക് ആക്രമിക്കുന്നത് അങ്ങേയറ്റം നീചമായ മാനസികാവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
ഒരു രാജ്യസഭാ എംപിയും വനിതാ കമ്മിഷന് മുന്‍ അധ്യക്ഷയുമാണ് ദല്‍ഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആക്രമിക്കപ്പെട്ടത്. മുഖ്യമന്ത്രി മൗനം തുടരുന്നത് യാതൊരു തരത്തിലും അംഗീകരിക്കാനാവില്ല. അരവിന്ദ് കേജ്രിവാള് വ്യക്തമായ വിശദീകരണം നല്‍കണം, മാപ്പുപറയണം. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയിലും ദല്‍ഹിയിലെ പ്രധാന പ്രതിപക്ഷം എന്ന നിലയിലും ബിജെപിക്ക് ഈ വിഷയത്തില്‍ പ്രതികരിക്കാതിരിക്കാനാവില്ല. കൈയ്യുംകെട്ടി നോക്കിയിരിക്കാനാവില്ല. സ്വന്തം പാര്‍ട്ടിയുടെ എംപിക്കു പോലും സംരക്ഷണം നല്‍കാനാകാത്ത കേജ്രിവാള് എങ്ങനെ ദല്‍ഹിയിലെ മൊത്തം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അവര്‍ ചോദിച്ചു. ദേശീയ മീഡിയ ഇന്‍ ചാര്‍ജ് അനില്‍ ബലൂനി, വക്താവ് ഷാസിയ ഇല്‍മി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: