തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകരെ പരിശീലിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടത് മക്കളെ സിബിഎസ്ഇ സ്കൂളുകളില്‍ അയച്ച് പഠിപ്പിക്കുന്ന പരിശീലകരെന്ന് ആക്ഷേപം. ഇതിനെതിരെ ഒരുകൂട്ടം അദ്ധ്യാപകര്‍ രംഗത്ത്. മക്കളെ മറ്റു ധാരകളില്‍ വിട്ടവര്‍ ഉദ്ബോധിപ്പിക്കാന് വരരുതെന്ന് താക്കീത്.
സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ്, ഡിസ്ട്രിക്ട് റിസോഴ്സ് ഗ്രൂപ്പ്, ബിആര്‍സി ട്രെയിനര്‍ എന്നിങ്ങനെയുള്ള പരിശീലകരാണ് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്. എന്നാല്‍ ഇവരില്‍ പലരും മക്കളെ സ്വകാര്യ സ്കൂളുകളിലാണ് പഠിപ്പിക്കുന്നതെന്നാണ് ആക്ഷേപം. സ്വന്തം പ്രവര്‍ത്തന മേഖലയില്‍ വിശ്വാസമില്ലാത്തവരാണ് മക്കളെ സ്വകാര്യ സ്കൂളുകളില്‍ അയക്കുന്നതെന്ന് അദ്ധ്യാപകര്‍ പറയുന്നു. അങ്ങനെയുള്ളവരാണ് പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നും അദ്ധ്യാപകര്‍ എങ്ങനെ പഠിപ്പിക്കണമെന്നും പരിശീലനം നല്‍കുന്നത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളമില് അടക്കം ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മാത്രമല്ല, റിസോഴ്സ് പേഴ്സണുകളായി ഭൂരിഭാഗവും തിരഞ്ഞെടുത്തിരിക്കുന്നത് ഇടത് സംഘടനാ നേതാക്കളെയാണെന്ന് അദ്ധ്യാപകര്‍ പറയുന്നു. ബിആര്‍സികളില്‍ മാത്രമാണ് രാഷ്ട്രീയം അല്പമെങ്കിലും മാറ്റിനിര്‍ത്തി പരിശീലകരെ കണ്ടെത്തുന്നത്. പാഠപുസ്തകം തയാറാക്കലിലും പരിശീലകരായും ഇടത് അദ്ധ്യാപകരെ കുത്തിനിറയ്ക്കുകയാണെന്ന് തുടക്കം മുതല്‍ ആക്ഷേപം ഉണ്ട്. ഈ മാസം 14ന് ആരംഭിച്ച ഒന്നാംഘട്ട പരിശീലനം ഇന്നും, തിങ്കളാഴ്ച രാവിലെ ആരംഭിക്കുന്ന രണ്ടാംഘട്ട പരിശീലനം വെള്ളിയാഴ്ചയും സമാപിക്കും.
മക്കളെ സിബിഎസ്ഇ സ്കൂളുകളില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ നിരവധിയാണെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞദിവസം ആറ്റിങ്ങല്‍ ഉപജില്ലയിലെ ഒരു സ്കൂളില്‍ നിന്നും കുട്ടികളെ ക്ഷണിക്കാനായി വീട്ടിലെത്തിയപ്പോള്‍ രക്ഷിതാവ് പരസ്യമായി പ്രതികരിച്ചു. അദ്ധ്യാപികയുടെ മകള്‍ പഠിക്കുന്ന സ്കൂളിലാണ് തന്റെ മകളും പഠിക്കുന്നതെന്നും അദ്ധ്യാപികയുടെ മകളെ സര്‍ക്കാര്‍ സ്കൂളിലാക്കിയാല് തങ്ങളും മകളെ അയക്കാമെന്നും രക്ഷിതാവ് പറഞ്ഞു. ഇതോടെ ആ സ്കൂളില്‍ നിന്ന് കുട്ടികളെ ക്ഷണിക്കാനുള്ള പോക്ക് നിര്‍ത്തിവച്ചു. സമാന സംഭവങ്ങള്‍ പലയിടത്തും ഉണ്ടാകുന്നുണ്ടെന്നും അദ്ധ്യാപകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: