കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണസംഘത്തില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം കണ്ണൂര്‍ കേന്ദ്രീകരിച്ചും. തട്ടിപ്പ് പുറത്ത് വന്നതോടെ മുങ്ങിയ സംഘം സെക്രട്ടറി കെ. രതീശും കണ്ണൂര്‍ സ്വദേശിയും സൂത്രധാരനുമായ ജബ്ബാറും ഷിമോഗയില്‍ ഒളിവില്‍ കഴിയുന്നതായി സ്ഥിരീകരിച്ചു. ഇവരെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘാംഗങ്ങളായ മേല്‍പ്പറമ്പ് എസ്ഐയും സംഘവും ഷിമോഗയിലെത്തി തെരച്ചില്‍ ആരംഭിച്ചു. ഇരുവരെയും ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
ഇതിനിടയില്‍ സഹകരണസ്ഥാപനത്തില്‍ നിന്നു പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ പള്ളിക്കരപഞ്ചായത്ത് അംഗവും പ്രാദേശിക മുസ്ലിം ലീഗ് നേതാവുമായ ബേക്കല്‍ ഹദ്ദാദ് നഗറിലെ കെ. അഹമ്മദ് ബഷീര്‍ (60), ഇയാളുടെ ഡ്രൈവര്‍ അമ്പലത്തറ പറക്കളായി ഏഴാംമൈലിലെ എ. അബ്ദുല്‍ ഗഫൂര്‍ (26), കാഞ്ഞങ്ങാട് നെല്ലിക്കാട് സ്വദേശി എ. അനില്‍കുമാര്‍ (55) എന്നിവരെ റിമാന്‍ഡ് ചെയ്തു. മൂന്ന് പേരെയും ബെംഗളൂരുവില്‍ വച്ചാണ് ആദൂര്‍ ഇന്‍സ്പെക്ടര്‍ പി.സി. സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.
സൊസൈറ്റിയില്‍ നിന്ന് രതീശന് തട്ടിയെടുത്ത തുകയില്‍ നിന്ന് 44 ലക്ഷം രൂപ അഹമ്മദ് ബഷീറിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
അവധിയിലിരിക്കെ ഈ മാസം ഒന്‍പതിന് രതീശന് സഹകരണ സംഘം ഓഫീസിലെത്തി ലോക്കര്‍ തുറന്ന് എടുത്തു മാറ്റിയ പണയ സ്വര്‍ണം കേരള ബാങ്കിന്റെ പെരിയ, കാഞ്ഞങ്ങാട് ശാഖകളില്‍ പണയം വച്ചത് അബ്ദുല്‍ ഗഫൂറിന്റെയും അനില്‍ കുമാറിന്റെയും പേരിലാണ്. കിട്ടിയ പണം രതീശനെ ഏല്‍പ്പിച്ചുവെന്നാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയത്. അതേ സമയം തട്ടിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് കണ്ണൂര്‍ സ്വദേശിയായ ജബ്ബാറിന്റെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായി സംശയിക്കുന്നു.
തട്ടിപ്പ് സംഘത്തിലെ ഒരാള്‍ എന്‍ഐഎ ഉദ്യോഗസ്ഥന് ചമഞ്ഞു വലിയ തുക കൈക്കലാക്കിയതായും പരാതികളുയരുന്നുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരില്‍ നിന്ന് കോടികള്‍ കൈക്കലാക്കിയതായും സൂചനയുണ്ട്.
കേരള ബാങ്ക് കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണസംഘത്തിന് വായ്പയായി അനുവദിച്ച മൂന്നുകോടി രൂപയില്‍ നിന്നാണ് രതീശന് ഈ ഒരു കോടി രൂപ തട്ടിയെടുത്തത്. കര്‍ഷകര്‍ക്കും കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും മാത്രമായി നല്‍കേണ്ട തുകയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: