ലഖ്നൗ: രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ സ്ത്രീകള്‍ക്ക് വിലക്ക്. ഇതോടെ സ്ഥാപനം വീണ്ടും വിവാദത്തിലായി. ദാറുല്‍ ഉലൂമിന്റെ അഡ്മിനിസ്ട്രേറ്റര്‍ (മൊഹ്തമിം) മൗലാന മുഫ്തി അബുല്‍ ഖാസിം നൊമാനിയാണ് ഇവിടെ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വിവരം അറിയിച്ചത്.
ഉത്തര്‍പ്രദേശിലെ സഹറന്പൂര് ജില്ലയിലെ ദേവ്ബന്ദിലുള്ള ദാറുല്‍ ഉലൂമില്‍ സ്ത്രീകള്‍ വരുന്നത് പഠനാവശ്യങ്ങള്ക്കല്ല, അവരിവിടെ റീലുകള്‍ ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സ്ത്രീകള്‍ വന്നു റീല്‍ ചിത്രീകരിക്കുന്നത് പതിവായി. ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. അതിനാലാണ് ഈ തീരുമാനമെടുത്തത്, അധികൃതര്‍ അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ ദാറുല്‍ ഉലൂമിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന വീഡിയോകള്‍ പ്രചരിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചു. ദാറുല്‍ ഉലൂം ഒരു മതവിദ്യാഭ്യാസ കേന്ദ്രമാണെന്നും ഇത്തരം പ്രവൃത്തികള്‍ ഇവിടെ സ്വീകാര്യമല്ലെന്നും മൗലാന മുഫ്തി അബുല്‍ ഖാസിം നൊമാനി കൂട്ടിച്ചേര്‍ത്തു. മാത്രമല്ല, ദാറുല്‍ ഉലൂമില്‍ വിദ്യാഭ്യാസത്തിന്റെ ഒരു പുതിയ സെഷന് ആരംഭിച്ചു. തിരക്ക് കാരണം വിദ്യാര്‍ത്ഥികളുടെ പഠനവും പ്രതിസന്ധിയിലായി. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചുവെന്നും നോമാനി പറഞ്ഞു.
ധാരാളം സ്ത്രീകള്‍ ഇവിടെ വന്ന് റീല്‍ ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇത് നാള്‍ക്കു നാള് വര്‍ധിച്ചു. നേരത്തെ ഇക്കാര്യത്തില്‍ നല്ല ശ്രദ്ധയുണ്ടായിരുന്നു. ഇപ്പോള്‍ റീല്‍ ചിത്രീകരിക്കാനായി വരുന്ന സ്ത്രീകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇക്കാരണത്താല്‍ ലോകത്തിന് മുന്നില്‍ സ്ഥാപനത്തിന്റെ പ്രതിച്ഛായ മങ്ങി. ഇത് കണക്കിലെടുത്താണ് ദാറുല്‍ ഉലൂമില്‍ സ്ത്രീ പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് മാനേജ്മെന്റിന്റെ വാദം.
റാഷിദിയ മസ്ജിദില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പ്രവേശനം നേരത്തെ തന്നെ നിരോധിച്ചിരുന്നു. അത് ഇപ്പോള്‍ മുഴുവന്‍ സമുച്ചയത്തിലും നടപ്പാക്കി. നിരോധനത്തെക്കുറിച്ച് സ്ത്രീകളെയും പെണ്‍കുട്ടികളെയും അറിയിക്കാനും അവരെ തിരികെ പോകാന്‍ പ്രേരിപ്പിക്കാനും ഗാര്‍ഡുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നൊമാനി പറഞ്ഞു. ലിംഗവിവേചനപരമായ തീരുമാനമാണിതെന്നാണ് ഉയരുന്ന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: