കോട്ടയം: ക്നാനായ യാക്കോബായ സഭ മെത്രാപ്പോലീത്ത ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്തു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ഉത്തരവുകള്‍ക്ക് വിരുദ്ധമായി ക്നാനായ സഭ പ്രവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി, മെത്രാപ്പോലീത്തയെ ഇഗ്നാത്തിയോസ് അപ്രേംദ്വീദീയന് ബാവയാണ് സസ്പെന്‍ഡ് ചെയ്തത്. മെത്രാപ്പോലീത്തയെ സസ്പെന്‍ഡു ചെയ്യുക വളരെ അപൂര്‍വ്വമാണ്.
മെത്രാപ്പോലീത്ത എന്ന നിലയില്‍ നിര്‍വഹിച്ചിരുന്ന എല്ലാ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നീക്കി. സസ്പെന്ഷന് കാലയളവില്‍ പൗരോഹിത്യ പ്രവര്‍ത്തനങ്ങളില്‍ നിന്നും ചുമതലകളില്‍ നിന്നും വിലക്കി. അമേരിക്കയില്‍ ക്നാനായ വിഭാഗത്തിന്റെ പള്ളികളില്‍ ഓര്‍ത്തഡോക്സ് വിഭാഗം പ്രാര്‍ത്ഥന നടത്തി, ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനടക്കമുള്ളവര്ക്ക് ക്നാനായ യാക്കോബായ സമുദായാംഗങ്ങള്‍ സ്വീകരണം നല്കി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സസ്പെന്ഷന്.
വ്യാഴാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ കുര്യാക്കോസ് മാര്‍ സേവേറിയോസില്‍ നിന്ന് സഭ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു. യുഎസ്എയിലെ ക്നാനായ ഇടവകകളില്‍ ഭാരത ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് പാഷന് വീക്ക് ശുശ്രൂഷ നടത്താന്‍ അനുമതി കൊടുത്തതിലെ ശ്രദ്ധക്കുറവും കുറ്റകരമായ ഉദാസീനതയും സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്കാന് കഴിഞ്ഞില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ കാതോലിക്കര്ക്ക് സ്വീകരണം നല്കിയതിനെക്കുറിച്ചുള്ള വിശദീകരണവും തൃപ്തികരമല്ല. സഭാ നിര്‍ദേശങ്ങള്‍ പാലിക്കാതെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഇദ്ദേഹത്തിന്റെ ആര്‍ച്ച് ബിഷപ് പദവി മുമ്പ് എടുത്തു കളഞ്ഞിരുന്നു.
ബിഷപ്പ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ കോട്ടയം ചിങ്ങവനത്തെ സഭ ആസ്ഥാനത്തിന് മുന്നില്‍ ബിഷപ്പിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായെത്തി. പ്രതിഷേധ പരിപാടികള്‍ നടത്തരുതെന്ന് സേവിയേറിയോസ് വിശ്വാസികളോട് സഭാ ആസ്ഥാനത്തിന്റെ മട്ടുപ്പാവില്‍ നിന്ന് സംസാരിച്ചതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: