ന്യൂദൽഹി: തെരഞ്ഞെടുപ്പിൽ ബിജെപി നാനൂറിലധികം സീറ്റുകൾ ലക്ഷ്യമിടുന്ന ഭരണഘടന മാറ്റാനാണെന്ന പ്രതിപക്ഷ ആരോപണത്തെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ ഒരു ദശാബ്ദമായി ഭരണഘടനയിൽ മാറ്റം വരുത്താൻ ബിജെപിക്ക് അധികാരമുണ്ടായിരുന്നു. എന്നാൽ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 400-ലധികം സീറ്റുകൾ നേടുകയെന്നതാണ് പാർട്ടിയുടെ ലക്ഷ്യമാണെന്നും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഷാ പറഞ്ഞു.
“കഴിഞ്ഞ 10 വർഷമായി ഭരണഘടന മാറ്റാനുള്ള ജനവിധി ഞങ്ങൾക്കുണ്ട്, പക്ഷേ ഞങ്ങൾ അത് ഒരിക്കലും ചെയ്തില്ല. രാഹുൽ ഗാന്ധിയും കൂട്ടരും എന്തും പറയും, എന്നാൽ രാജ്യം അത് വിശ്വസിക്കുമെന്ന് കരുതുന്നില്ല. ഈ രാജ്യം ഞങ്ങൾക്ക് വ്യക്തമായ ജനവിധി നൽകിയിട്ടുണ്ട്. ഭരണഘടന മാറ്റാൻ മോദിജിക്ക് മതിയായ ഭൂരിപക്ഷമുണ്ടെന്ന് ഈ രാജ്യത്തെ ജനങ്ങൾക്ക് നേരത്തെ തന്നെ അറിയാം, പക്ഷേ ഞങ്ങൾ അത് ഒരിക്കലും ചെയ്തിട്ടില്ല, ”ഷാ പറഞ്ഞു.
‘ഞങ്ങള്‍ക്ക് 400-ലധികം സീറ്റുകള്‍ ജയിക്കണം. അത് രാജ്യത്തെ രാഷ്ട്രീയത്തിന് സ്ഥിരത കൊണ്ടുവരാനാണ്. ഞങ്ങളുടെ അതിര്‍ത്തികള്‍ സംരക്ഷിക്കാനും ലോകത്ത് ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കാനും ആനുകൂല്യങ്ങള്‍ കിട്ടാത്ത പാവപ്പെട്ടവര്‍ക്ക് അത് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും 400 സീറ്റുകള്‍ വേണം. ശുദ്ധജലം എല്ലാ വീടുകളിലേക്കും എത്തേണ്ടതുണ്ട്, കാര്‍ഷിക മേഖലയില്‍ ഇനിയും ഒരു പാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതിനായി ഞങ്ങള്‍ക്ക് 400- സീറ്റുകള്‍ വേണം. 70-വയസിന് മുകളിലുള്ള ഓരോ മുതിര്‍ന്ന പൗരനും 5-ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിന് ഞങ്ങള്‍ക്ക് 400-സീറ്റുകള്‍ വേണം’ അമിത് ഷാ പറഞ്ഞു.
ഭൂരിപക്ഷം ദുരുപയോഗം ചെയ്യുന്നത് തങ്ങളല്ലെന്നും ചരിത്രത്തില്‍ അത് ചെയ്തത് ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കോണ്‍ഗ്രസായിരുന്നുവെന്നും ഷാ കൂട്ടിച്ചേര്‍ത്തു. അവര്‍ അനുച്ഛേദം മാറ്റി, ലോക്സഭ നീട്ടുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. യാതൊരു കാരണവുമില്ലാതെ 1.5 ലക്ഷം ആളുകള്‍ 19-മാസം ജയിലിലായി. ഞങ്ങള്‍ അത് ദുരുപയോഗം ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ ആരോപണത്തെ ആരും ഗൗരവത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: