ലളിത ശ്രീകുമാര്‍
സീതാദേവിയെപ്പറ്റി പറയുമ്പോള്‍ നമ്മുടെ മുന്നില്‍ തെളിയുന്നത്, വര്‍ഷങ്ങളോളം കൊടുങ്കാട്ടില്‍ കഷ്ടപ്പാടുകള്‍ സഹിച്ചു ജീവിക്കുന്ന രാജകുമാരി, പിന്നെ രാവണന് തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിക്കുന്ന അശരണയായ സാധ്വി. പിന്നെയോ, ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഭര്‍ത്താവിനാല്‍ പരിത്യജിക്കപ്പെട്ട് കേണു കൊണ്ടിരിക്കുന്ന ഒരു ഹതഭാഗ്യ. ഈ ഒരു കാര്യം കൊണ്ടു തന്നെ ശ്രീരാമസ്വാമിയുടെ തിളങ്ങുന്ന ചിത്രം പലരുടേയും മനസ്സില്‍ മങ്ങിപ്പോകുന്നു. പക്ഷേ ഈ ചിത്രം നമ്മള് ഈ നാട്ടില്‍ വായിക്കുന്ന അദ്ധ്യാത്മ രാമായണത്തിലും അതിനോടനുബന്ധിച്ചു തന്നെ പല നാടുകളിലും കാലഘട്ടങ്ങളിലും എഴുതപ്പെട്ട രാമായണങ്ങളിലുമുള്ളതാണ്. ഈ രാമായണങ്ങളുടെയെല്ലാം ഉറവിടം പക്ഷേ, വാല്മീകി രാമായണം തന്നെയാണല്ലോ. വാല്മീകിയുടെ സീതാദേവി ഇതില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. പ്രത്യേകം എടുത്തു പറയാനുള്ള ഒരു കാര്യം നമ്മള് ഇവിടെ ഈ നാട്ടില്‍ വായിച്ചു പഠിക്കുന്ന അദ്ധ്യാത്മരാമായണത്തിലെ രാമനും സീതയും പ്രത്യക്ഷ ദൈവങ്ങളാണ്. അതുകൊണ്ട് അവര്‍ സംഭവിക്കാന്‍ പോകുന്നതെല്ലാം മുന്‍കൂട്ടി അറിയുന്നു എന്നതാണ്.
രാവണന് കൊണ്ടു പോകുന്നത് മായാ സീതയെയാണ്. വനവാസത്തിനു പോകേണ്ടിവരുമെന്ന് നാരദര് രാമനോട് മുന്‍കൂട്ടി പറയുന്നുണ്ടല്ലോ. ഇതൊന്നും വാല്മീകി രാമായണത്തില്‍ ഇല്ല. അവര്‍ മനുഷ്യരായിത്തന്നെ എല്ലാ വികാര വിക്ഷോഭങ്ങളും സഹിതം ജീവിക്കുന്നവരാണ്. വനത്തിലേയ്ക്കു കൊണ്ടുപോകുന്നതിനു തടസ്സം പറയുന്നരാമനോട് മറ്റാര്‍ക്കും പൊക്കാന്‍ പോലുമാകാത്ത ചാപം കുലച്ച, അനേകം രാക്ഷസന്മാരെ വധിച്ച, ഭാര്‍ഗ്ഗവരാമനെ സധീരം നേരിട്ട രാമന് സ്വന്തം ധര്‍മ്മപത്നിയെരക്ഷിക്കാനാവില്ലെന്നോ, രാജാധികാരം തട്ടിയെടുത്ത ശത്രുക്കളുടെ സംരക്ഷണയിലാണോ ഭാര്യയെ 14 വര്‍ഷം ഏല്പിക്കുന്നത് എന്നെല്ലാം യുക്തിസഹമായി ചോദിച്ചാണ് ദേവി ഭര്‍ത്താവിനെ അനുഗമിക്കുന്നതിനുള്ള അനുവാദം നേടിയെടുക്കുന്നത്. പതിമൂന്നു വര്‍ഷത്തെ വനവാസത്തിനിടയില്‍ നേരിടേണ്ടി വന്ന രാക്ഷസന്മാരെല്ലാം അധര്‍മ്മ പാലകരാണെന്നും ഇവരെ മാത്രം നശിപ്പിച്ചാല്‍ പോരാ നേതാവിനെത്തന്നെ നശിപ്പിച്ചാലേ പൂര്‍ത്തിയാവൂ എന്നും ഈ യാത്രയിലെല്ലാം മൂന്നു പേര്‍ക്കും വ്യക്തമാവുന്നുണ്ട്. ആ അധര്‍മ്മത്തിന്റെ മൂര്‍ത്തി തന്നെയായ രാവണനെയാണ് നിഗ്രഹിക്കേണ്ടതെന്നും പല സന്ദര്‍ഭങ്ങളിലും വ്യക്തമാവുന്നുണ്ട്. വനവാസം പൂര്‍ത്തിയാകാന്‍ ഇനിയും അധികനാളുകളില്ലല്ലോ എന്നു പറഞ്ഞ് അഗസ്ത്യമഹര്‍ഷി വിശേഷപ്പെട്ട ആയുധങ്ങള്‍ നല്കുന്നു. യുദ്ധസമയത്ത് സഹായമെത്തുന്നതിനെപ്പറ്റി പറയുന്നു. വരാനിരിക്കുന്ന ഭീകര യുദ്ധത്തെപ്പറ്റി അവര്‍ മൂന്നു പേര്‍ക്കും വ്യക്തമായറിയാം. ദേവിയുടെ ആയുധം തന്റെ സൗന്ദര്യവും ബുദ്ധിയും അറിവുമാണ്. ദേവിയുടെ സൗന്ദര്യത്താല്‍ ആകര്‍ഷിക്കപ്പെട്ട് അഗ്നിയുടെയടുക്കല്‍ ശലഭമെന്ന പോലെ വന്ന രാവണനെ ദേവി മനസ്സിലാക്കുന്നുണ്ട്. ഖര ദൂഷണന്മാരേയും 14,000 രാക്ഷസരേയും മൂന്നേമുക്കാല്‍ നാഴിക കൊണ്ട് ഒറ്റയ്ക്കു വധിച്ച രാമനില്‍ നിന്നും ദീനരോദനം ഉയരില്ലെന്നു ദേവിക്കറിയാം.
13 വര്‍ഷം നിഴല്‍ പോലെ തങ്ങളെ പിന്തുടര്ന്ന് ഉറങ്ങാതെ സംരക്ഷിക്കുന്ന അനുജനേയും ദേവിക്കു നന്നായറിയാം. ആ അനുജനേയും തീക്ഷ്ണ വാക്കുകള്‍ പറഞ്ഞ് ഓടിച്ചിട്ട് രാവണന് മനപ്പൂര്‍വ്വം പിടി കൊടുക്കുകയാണ് ദേവി ചെയ്തത്. അങ്ങനെ ലങ്കയിലേയ്ക്കുള്ള വഴി, അധര്‍മ്മത്തെമുഴുവനായും നശിപ്പിക്കാനുള്ള വഴി ആദ്യമേ ദേവി താണ്ടുന്നു. പോകുന്ന വഴി മുഴുവന്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിക്കാന്‍ ഉച്ചത്തില്‍ കരയുന്നു. ഭര്‍ത്താവില്ലാത്ത സമയം കള്ളനെപ്പോലെ വന്നതിനെപ്പറ്റി പറഞ്ഞ് രാവണനെ ഭര്‍ത്സിക്കുന്നു. പോകുന്ന വഴി മുഴുവന്‍ തെളിവുകള്‍ നിരത്തിയാണ് ദേവി പോകുന്നത്. ലങ്കയില്‍ ചെന്നും ഭീഷണനായ രാവണന്റെ മുമ്പില്‍ ഒരു പുല്‍ക്കൊടി നുള്ളിയിട്ട് നിന്നെ ഞാനിത്രയുമേ കരുതിയിട്ടുള്ളു എന്നുപരിഹസിക്കുന്നു. ദേവിയുടെ ഒരു വര്‍ഷത്തെ തപസ്സിന്റെ ഫലമാണ് ആ യുദ്ധം:
ഹനൂമാന് വന്നു കാണുമ്പോള്‍ ദേവിയെ ഭര്‍ത്താവിന്റെയടുത്തെത്തിക്കാം എന്നു പറയുന്നുണ്ട്. ദേവി അനുകൂലിക്കുന്നില്ല. അതിലുള്ള അനേകം അപകടങ്ങളെപ്പറ്റി ഹനൂമാനെ പറഞ്ഞു മനസ്സിലാക്കുന്നു. കൂടാതെ സ്വമനസ്സാലെ താന്‍ മറ്റൊരാളേയും സ്പര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കുന്നു. ഭര്‍ത്താവു വന്ന് രാവണനെ തോല്പിച്ചു തന്നെ കൊണ്ടു പോകണം. എങ്ങനെയാണതു സാധ്യമാവുക എന്ന് സീത ഹനുമാനോട് ചര്‍ച്ച ചെയ്യുന്നു. തന്നേക്കാളും മിടുക്കരായ വാനര സൈന്യത്തെപ്പറ്റിപ്പറഞ്ഞ് മാരുതി ദേവിയെ സമാധാനിപ്പിക്കുന്നു. ലങ്കയില്‍ അഗ്നിപ്രവേശത്തിനു മുമ്പും ഭര്‍ത്താവിന്റെ സംശയത്തെ യുക്തിപൂര്‍വ്വം ചോദ്യം ചെയ്തിട്ടു തന്നെയാണ് സ്വന്ത നിശ്ചയപ്രകാരം അഗ്നിപ്രവേശം ചെയ്യുന്നത്. പരിത്യജിക്കപ്പെട്ട സീതയോ! വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തിനരികില്‍ വച്ചു മാത്രം സത്യം മനസ്സിലാക്കുമ്പോള്‍ ആദ്യം ബോധഹീനയായിപ്പോയെങ്കിലും ഉടന്‍ തന്നെ സംയമനം വീണ്ടെടുക്കുന്നു. രാജാവായ ഭര്‍ത്താവിന്റെ ധര്‍മ്മ പരിപാലനത്തിന് ഇതാവശ്യമെങ്കില്‍ തീര്‍ച്ചയായും ഇത് അംഗീകരിക്കുന്നുവെന്ന് ദേവി പറയുന്നു.
‘അനുജാ ഞാന്‍ ഗര്‍ഭിണിയാണെന്ന് കണ്ടിട്ടു പോകണേ’ എന്ന് അഭ്യര്‍ത്ഥിക്കുന്നു. അവസാനം വീണ്ടും ഭര്‍ത്തൃ സവിധത്തിലേയ്ക്കു നടന്നടുക്കുന്ന സീത അടുത്ത പരീക്ഷണ ഘട്ടം ധീരയായി, നിര്‍വ്വികാരയായി നേരിടുന്നു. ശ്രീരാമനെപ്പറ്റിയല്ലാതെ മറ്റാരെപ്പറ്റിയും ചിന്തിച്ചിട്ടുപോലുമില്ലെങ്കില്‍ മാധവീ ദേവി എനിക്കിടം തരട്ടെ എന്ന് മൂന്നു വട്ടം പറഞ്ഞ് ദേവി ഭൂമി പിളര്‍ന്ന് അപ്രത്യക്ഷയായി. പന്ത്രണ്ടു വര്‍ഷം താപസിയായിക്കഴിഞ്ഞ സീതാദേവിക്ക് ഇനിയും ആപട്ടമഹിഷിപ്പട്ടം ചാര്‍ത്താനാവില്ല എന്ന് നമുക്കും പൂര്‍ണ്ണ ബോധ്യമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: