റോം: മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി കിരീടം സ്വന്തമാക്കി ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ്. സീസണില്‍ മികച്ച കുതിപ്പ് തുടരുന്ന ഇറ്റാലിയന്‍ ക്ലബ്ബ് അറ്റ്ലാന്റയെ ഫൈനലില്‍ തോല്‍പ്പിച്ചാണ് യുവന്റസിന്റെ കിരീടനേട്ടം. ഇന്നലെ നടന്ന ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ടീമിന്റെ വിജയം.
ഇതിന് മുമ്പ് 2021 കോപ്പ ഇറ്റാലിയയിലാണ് യുവെന്റസ് ജേതാക്കളായത്. 2012 മുതല്‍ 2020 വരെ തുടര്‍ച്ചയായ ഒമ്പത് സീസണുകളില്‍ സീരി എ കിരീടം നേടിയ ടീം കഴിഞ്ഞ മൂന്ന് സീസണുകളിലായി മങ്ങിയ പ്രകടനമാണ് തുടരുന്നത്.
അറ്റ്ലാന്റയ്ക്കെതിരെ ഇന്നലെ തുടക്കത്തിലേ തന്നെ നേടിയ ഗോളിലാണ് യുവെ ജയിച്ചത്. കളിയുടെ നാലാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം ആന്‍ഡ്രിയോ കാംബിയാസോ നല്കിയ പാസില്‍ ഡൂസന്‍ വഌഹോവിച് ആണ് ഗോള്‍ നേടിയത്. കളിയില്‍ കൂടുതല്‍ സമയം പന്ത് കൈവശം വച്ചത് അറ്റ്ലാന്റയാണ്. എന്നാല്‍ ഗോളിലേക്കൊരു ഷോട്ട് പോലും ഉതിര്‍ക്കാതെയാണ് ഫൈനല്‍ മത്സരത്തില്‍ ടീം കളി അവസാനിപ്പിച്ചത്. ബയെല് ലെവര്‍കുസനുമായി യൂറോപ്പ ലീഗ് ഫൈനല്‍ കളിക്കാനിരിക്കെയാണ് അറ്റ്ലാന്റയുടെ തോല്‍വി.
യുവന്റസിന്റെ 15-ാം കോപ്പ ഇറ്റാലിയ കിരീടമാണിത്. ഏറ്റവും കൂടുതല്‍ തവണ ഇറ്റാലിയന്‍ കപ്പ് ഫൈനല്‍ കളിച്ച ടീം എന്ന ഖ്യാതിയുമായാണ് യുവെ അറ്റ്ലാന്റയ്ക്കെതിരെ ഇറങ്ങിയത്. 22 തവണയാണ് ടീം ഫൈനലിലെത്തിയത്. സീരി എ സീസണില്‍ 36 കളികളില്‍ നിന്ന് 67 പോയിന്റുമായി യുവന്റസ് നാലാം സ്ഥാനത്താണ്. തൊട്ടുതാഴെ 35 കളികളില്‍ നിന്ന് 63 പോയിന്റുമായി അറ്റ്ലാന്റ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: