ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനമാണ് കുമാരനാശാന്റെ കൃതികളിലുടനീളം നിഴലിച്ചു നില്‍ക്കുന്നതെന്നു ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറിയും ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറിയുമായ സ്വാമി ഋതംഭരാനന്ദ അഭിപ്രായപ്പെട്ടു.
മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിമഠം സംഘടിപ്പിച്ച ആശാന്‍ സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. കായിക്കരയിലെ കുമാരുവിനെ മഹാകവി കുമാരനാശാനാക്കി മാറ്റിയതും തുടക്ക കാലങ്ങളില്‍ രചിച്ചുപോന്ന കവിതകളില്‍ നിന്നും വ്യതിചലിച്ചുളള കവിതകള്‍ രചിക്കാന്‍ ആശാനെ പ്രേരിപ്പിച്ചതും ഗുരുദേവനായിരുന്നു. ആശാന്‍ കൃതികളെല്ലാം ഗുരുദേവനെ വാഴ്‌ത്തിക്കൊണ്ടുള്ളവയാണെന്നും ഗുരുദേവഭക്തരുടെ നിത്യ പ്രാര്‍ത്ഥനയുടെ ഭാഗമായി ആശാന്റെ ഗുരുസ്തവം ഗുരുദേവകൃതികളേക്കാള്‍ ഭക്തമനസ്സുകള്‍ കീഴടക്കിയിട്ടുണ്ടെന്നും സ്വാമി പറഞ്ഞു. പ്രൊ. ഡോ. സുശീല ടീച്ചര്‍ ആശാന്‍ സ്മരണാ പ്രഭാഷണം നടത്തി.
പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ വെട്ടൂര്‍ ശശി അദ്ധ്യക്ഷത വഹിച്ചു. കവിയരങ്ങിന്റെ ഉദ്ഘാടനം എ. വി. ബാഹുലേയന്‍ നിര്‍വ്വഹിച്ചു. ഷോണി. ജി. ചെറുവിള, ജി. മനോഹരന്‍, ശിവഗിരിമഠം പി ആര്‍ ഒ. ഇ. എം. സോമനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാല്പതോളം പേര്‍ കവിതകള്‍ ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: