ജയ്പൂര്‍: രാജസ്ഥാനില്‍ നിന്ന് മഹാഭാരത, മൗര്യ കാലഘട്ടത്തിലെ അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ).ദൗസ ജില്ലയിലെ വെജ ഗ്രാമത്തില്‍ നിന്നാണ് പൗരാണികമായ ശേഷിപ്പുകള്‍ കുഴിച്ചെടുത്തത്. ഗ്രാമത്തിലെ ഒരു കുന്നില്‍ നടത്തിയ ഖനനത്തില്‍ 2,500 വര്‍ഷത്തിലേറെ പഴക്കമുള്ള പുരാവസ്തുക്കളാണ് കണ്ടെത്തിയത്.
വെങ്കല ഉപകരണങ്ങള്‍, നാണയങ്ങള്‍, മൗര്യ കാലഘട്ടത്തിലെ ഒരു പ്രതിമയുടെ തലഭാഗം, ശുംഗ കാലഘട്ടത്തിലെ അശ്വിനി കുമാരന്മാരുടെ ശില്പങ്ങള്, അസ്ഥികള്‍ കൊണ്ട് നിര്‍മ്മിച്ച ഉപകരണങ്ങള്‍ എന്നിവ കണ്ടെത്തലുകളില്‍ ഉള്‍പ്പെടുന്നു.മഹാഭാരത കാലഘട്ടത്തിലെ മണ്‍പാത്രങ്ങളുടെ ഭാഗങ്ങള്‍ മറ്റ് കരകൗശല വസ്തുക്കള്‍ എന്നിവ ഖനനത്തില്‍ കണ്ടെത്തി.
കണ്ടെത്തിയ വസ്തുക്കളുടെ വിവരങ്ങള്‍ ചോരാതിരിക്കാന്‍ എഎസ്ഐ സംഘം മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ഗ്രാമീണരില്‍ നിന്നും അകലം പാലിച്ചിരുന്നു. ഏകദേശം 30 അടി ആഴമുളള രണ്ട് കിണറുകളാണ് കുഴിച്ചത്. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച മതിലുകളും മണ്‍പാത്ര ഭാഗങ്ങളും കണ്ടെത്തി.
സിന്ധുനദീതട സംസ്കാരം (ബിസി 1100, 800) മുതലുള്ള, കളിമണ്ണില്‍ നിര്‍മ്മിച്ച ആനപ്പുറത്തിരിക്കുന്ന ദേവതകളുടെ രൂപം,പെയിന്റ് ചെയ്ത മണ്‍പാത്രങ്ങള്‍ എന്നിവയ്ക്കൊപ്പം ശുംഗ കാലഘട്ടത്തിലെ അസ്ഥി കൊണ്ട് നിര്‍മ്മിച്ച ഉപകരണങ്ങളും കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ, മൗര്യ കാലഘട്ടത്തിലെ ഒരു അപൂര്‍വ ടെറാക്കോട്ട പൈപ്പും അമ്മദൈവത്തിന്റെ ടെറാക്കോട്ട പ്രതിമയും കണ്ടെത്തിയിട്ടുണ്ട്.
ഇന്നത്തെ രാജസ്ഥാനിലെ ഡീഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ഖനന പ്രദേശം ഒരിക്കല്‍ ഗോവര്ദ്ധന് കുന്നിന്റെ ഭാഗമായിരുന്നു. ഈ പ്രദേശം ഹിന്ദുക്കള്‍ക്കിടയില്‍ ഏകദേശം 250-270 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള തീര്‍ത്ഥാടന പാതയുടെ ഭാഗം കൂടിയാണ്. മതപരവും ചരിത്രപരവുമായി പ്രാധാന്യമുള്ള ഗോവര്ദ്ധന് കുന്നിനെ കേന്ദ്രീകരിച്ച് എഎസ്ഐ ബ്രാജ് മേഖലയില്‍ വീണ്ടും ഖനനം ആരംഭിച്ചത് ശ്രദ്ധേയമാണ്. ഭാരതത്തിന്റെ വേരുകള്‍ പര്യവേക്ഷണം ചെയ്യാനുള്ള സര്‍ക്കാരിന്റെ വിശാല അജണ്ടയുടെ ഭാഗമായ ഖനനം, മഥുരയുടെ പ്രാചീന സംസ്കാരത്തിലേക്ക് വെളിച്ചം വീശാനുള്ള സാധ്യതകളുണ്ട്.
മധ്യപ്രദേശിലെ ധറില്‍ സ്ഥിതി ചെയ്യുന്ന ഭോജ്ശാലയിലെ പര്യവേക്ഷണത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്.11-ാം നൂറ്റാണ്ടില്‍ ഭോജ് രാജാവ് പണികഴിപ്പിച്ച സരസ്വതി ക്ഷേത്രം ഇവിടെയുണ്ട്. വര്‍ഷങ്ങളായുളള പുരാവസ്തു ഗവേഷണങ്ങളില്‍ ഭോജ്ശാല സമുച്ചയത്തിനുള്ളില്‍ ഹിന്ദു ക്ഷേത്ര അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. മസ്ജിദ് എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, പരമാര ശൈലിയിലുള്ള തൂണുകള്‍, ഹിന്ദു ശില്പങ്ങള്, പരമാര് കാലഘട്ടത്തിലെ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവ പോലുള്ള തെളിവുകള്‍ അതിന്റെ ഹൈന്ദവ ബന്ധം സൂചിപ്പിക്കുന്നു. നിലവില്‍, ഒരു സംഘം പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തില്‍, ഭോജ്ശാലയുടെ യഥാര്‍ത്ഥ പൗരാണികതകണ്ടെത്തുന്നതിനായി ലിഖിതങ്ങളുടെ സമഗ്രമായ പരിശോധനകളും ശാസ്ത്രീയ ഉത്ഖനനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.
2022-23ല്‍ പ്രാചീന സംസ്കാരങ്ങള്‍ കണ്ടെത്തുന്നതിനായി എഎസ്ഐ രാജ്യവ്യാപകമായി 51 സ്ഥലങ്ങളില്‍ ഖനനത്തിന് അനുമതി നല്കി. രാജസ്ഥാനിലെ സിക്കാറിലെ ബെന്വ ഗ്രാമത്തില്‍, ഹാരപ്പന്‍ നാഗരികതയുടെ (ബിസി 3300 മുതല്‍ ബിസിഇ 1300 വരെ) കാലത്തെ മണ്‍പാത്ര കഷ്ണങ്ങള്‍ കണ്ടെത്തി. അതിനിടെ, മുതിര്‍ന്ന പുരാവസ്തു ഗവേഷകനായ ബിബി ലാല്‍ പറയുന്നതനുസരിച്ച്, ദല്‍ഹിയിലെ പുരാണ കില സമുച്ചയത്തിലെ ‘മഹാഭാരത കാലഘട്ടത്തിലെ’ (ബിസിഇ 900 മുതല്‍ ബിസിഇ 1000 വരെ ) തെളിവുകള്‍ കണ്ടെത്താനാണ് ഖനനം ലക്ഷ്യമിടുന്നത്.
2021-ല്‍, പുരാവസ്തു ഗവേഷകര്‍ ഹര്യാനയിലെ രാഖിഗര്‍ഹിയില്‍ ആകെ പതിനൊന്ന് കുന്നുകള്‍ കണ്ടെത്തി. അവയ്ക്ക് RGR1 മുതല്‍ RGR-11 വരെ എന്ന് പേര് നല്കി. അതുവരെ, 300 ഹെക്ടര്‍ വിസ്തൃതിയുള്ള മോഹന്‍ജൊ ദാരോ ആണ് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹാരപ്പന്‍ മഹാനഗരമായി കണക്കാക്കപ്പെട്ടിരുന്നത്. 2020 ഫെബ്രുവരിയിലെ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് രാഖിഗര്ഹിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: