കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ത്തു. കേസിലെ പ്രതികളായ സതീഷ് കുമാര്‍, പി.ആര്‍. അരവിന്ദാക്ഷന്‍, സി.കെ. ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷ 29ലേക്ക് മാറ്റി, പ്രതികള്‍ക്ക് എതിര്‍ വാദങ്ങള്‍ ഹാജരാക്കാന്‍ ജസ്റ്റിസ് സി.എസ്. ഡയസിന്റെ ബെഞ്ച് അനുമതി നല്‍കിയിട്ടുണ്ട്.
ഇ ഡിക്ക് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍, കുറ്റകൃത്യത്തില്‍ സതീഷ് കുമാറിന്റെ നിര്‍ണായക പങ്ക്ചൂണ്ടിക്കാട്ടി. റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി ദുബായിലുള്ള ജയരാജന്‍ എന്ന സുഹൃത്തില്‍ നിന്നുള്ള ഫണ്ടാണ് കുമാര്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചത് നാലുകോടിയെന്ന് ഇ ഡി പറഞ്ഞൂ.
ഫണ്ടിന്റെ ഉറവിടം ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹം തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് ജയരാജനില്‍ നിന്ന് ഒരു കത്ത് പോലും നല്‍കി. ഇത്തരം നടപടി കളങ്കിത ഫണ്ടുകളെ നിയമാനുസൃതമായി ചിത്രീകരിക്കാനുള്ള ശ്രമത്തെ സൂചിപ്പിക്കുന്നുവെന്നും സതീഷ് കുമാറിന് 14 കോടി നല്‍കിയെന്ന് പി.പി. കിരണ്‍ കുമാറിന്റെ മൊഴി വെളിപ്പെടുത്തിയെന്നും സുന്ദരേശന്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്ന മൊഴികള്‍ തെളിവായി ഉപയോഗിക്കാന്‍ അനുവദിക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎല്‍എ) വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി തങ്ങള്‍ക്കെതിരെ വാക്കാലുള്ള നിവേദനങ്ങള്‍ മാത്രമേ നിലവിലുള്ളൂ എന്ന ഹര്‍ജിക്കാരുടെ വാദത്തെ ഇ ഡിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തുടര്‍ന്നാണ് പ്രതികള്‍ക്ക് എതിര്‍ വാദങ്ങള്‍ ഉന്നയിക്കാനായി ഹര്‍ജി മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: