കോവിഡിന് ശേഷം ബോളിവുഡില്‍ ഒന്നിനു പിന്നാലെ ഒന്നായി മൂന്ന് ഹിറ്റുകള്‍ സമ്മാനിച്ച നടി ഒരേയൊരാള്‍- തബു. അതിനാല്‍ തന്നെ തബുവിനെ ഭാഗ്യനടി എന്ന് വിശേഷിപ്പിക്കുകയാണ് ബോളിവുഡ്. നടന്മാരില്‍ ഷാരൂഖ് ഖാന് മാത്രമാണ് തുടര്‍ച്ചയായ മൂന്ന് ഹിറ്റുകള്‍ നേടാനായത്- പത്താന്‍,ജവാന്‍,ദുന്‍കി എന്നിവയാണ് ഹിറ്റായ ഷാരൂഖ് ഖാന്‍ സിനിമകള്‍.
ഒരു നടിയ്‌ക്ക് ഇത്തരമൊരു വിജയം ഏറെക്കുറെ അസാധ്യം തന്നെയാണ്. അതാണ് തബു സാധ്യമാക്കിയത്. ഭൂല്‍ ഭൂലൈയ്യ 2, ദൃശ്യം 2 (മലയാളസിനിമയായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്ക്) എന്നീ ഹിന്ദി സിനിമകള്‍ ബോക്സോഫീസില്‍ ബ്ലോക്ക് ബസ്റ്ററുകളായിരുന്നു. ഇപ്പോഴിതാ ഈയിടെ റിലീസായ ക്രൂ എന്ന ഹിന്ദി സിനിമയും മെല്ലെ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. എയര്‍ഹോസ്റ്റസുമാരുടെ ജീവിത കഥ പറയുന്ന ക്രൂ എന്ന സിനിമയില്‍ നായികമാരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന സവിശേഷതയും ഉണ്ട്.
50 വയസ്സ് കഴിഞ്ഞെങ്കിലും തബു ഇപ്പോഴും ഒരു ജനപ്രിയ താരമായി ബോളിവുഡില്‍ തുടരുകയാണ്. ബോക്സോഫീസില്‍ കാലിടറാതെ തബുവിന്റെ സിനിമകള്‍ തുടരുന്നു എന്നതും പ്രധാനമാണ്. അഭിനയസാധ്യതയുള്ളതും താല്‍പര്യമുള്ളതുമായ കഥകള്‍ മാത്രമാണ് തബു തെരഞ്ഞെടുക്കുക.
ഇതാ ഹോളിവുഡിലേക്കും അവസരം
ക്രൂ എന്ന സിനിമയുടെ വിജയം ആസ്വദിക്കുന്നതിനിടയില്‍ തബുവിന് ഹോളിവുഡ് സീരീസില്‍ അവസരം ലഭിച്ചിരിക്കുന്നു. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിന്റെ (മുന്‍പ് എച്ച്ബിഒ മാക്സ്) സിരീസിലാണ് തബു ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. സിരീസില്‍ ഉടനീളമുള്ള കഥാപാത്രമാണ് ഇത്. ഡ്യൂണ്‍: പ്രൊഫെസി എന്നാണ് സിരീസിന്റെ പേര്.
ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിരീസ് ആണിത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ ഡ്യൂണ്‍ എന്ന നോവലില്‍ പറയുന്ന കാലത്തിന് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ സിരീസിലെ കാലം. അതീന്ദ്രിയ ശക്തി ലഭിക്കാനായി തീവ്രമായ കായിക പരിശീലനങ്ങളിലൂടെ കടന്നുപോകുന്ന സഹോദരിമാരാണ് സിരീസിലെ കേന്ദ്ര കഥാപാത്രങ്ങള്‍. തബു ഭാഗഭാക്കാവുന്ന രണ്ടാമത്തെ ടെലിവിഷന്‍ സിരീസ് ആണ് ഡ്യൂണ്‍: പ്രോഫെസി. മീര നായരുടെ എ സ്യൂട്ടബിള്‍ ബോയ് ആണ് അവരുടെ ആദ്യ സിരീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: