വര്‍ക്കല: പാപനാശത്തെ സ്വകാര്യ റിസോര്‍ട്ടുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും അനധികൃതമായി ഒഴുക്കിവിടുന്ന സെപ്റ്റിക് മാലിന്യത്തിന്റെ ഉറവിടം കണ്ടെത്തി കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഒരുങ്ങി വര്‍ക്കല നഗരസഭ. വര്‍ക്കല നഗരസഭ ആരോഗ്യ വിഭാഗം ബുധനാഴ്ച മിന്നല്‍ പരിശോധന നടത്തി. വര്‍ക്കല ജനാര്‍ദന സ്വാമി ക്ഷേത്രത്തിലെ ചക്രതീര്‍ത്ഥ കുളത്തില്‍ നിന്നും പാപനാശം ബീച്ചിലേക്കുള്ള പ്രധാന റോഡിന് സമാന്തരമായി ഒഴുകുന്ന തോട്ടിലേക്കാണ് സമീപത്തെ സ്ഥാപനങ്ങള്‍ സെപ്റ്റിക് മാലിന്യമുള്‍പ്പെടെയുള്ളവ വര്‍ഷങ്ങളായി ഒഴുക്കിവിടുന്നത്.
ബലിതര്‍പ്പണത്തിനെത്തുന്ന ഭക്തജനങ്ങളും വിനോദസഞ്ചാരികളും ശുദ്ധജലം ആണെന്ന് തെറ്റിദ്ധരിച്ച് മുഖവും കൈകാലുകളും കഴുകി ശുദ്ധിവരുത്താറുണ്ട്. മണ്ണിനടിയിലൂടെ ചെറു പൈപ്പുകള്‍ സ്ഥാപിച്ചു തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി പരാതികള്‍ നഗരസഭയ്ക്ക് ലഭിച്ചിരുന്നു.
ഇതിന്‍പ്രകാരം പല തവണ നഗരസഭ പരിശോധന നടത്തുകയും സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തെങ്കിലും ഫലം കാണാതെ വന്നപ്പോള്‍ ശുചീകരണതൊഴിലാളികളെ കൂട്ടി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തി. അനധികൃതമായി മാലിന്യനിക്ഷേപത്തിന് പൈപ്പുകള്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ക്ക് നഗരസഭ പിഴ ചുമത്തി. പാപനാശം തീരം മാലിന്യരഹിതമാക്കുന്നതിനുള്ള പരമാവധി നടപടികള്‍ സ്വീകരിക്കുമെന്ന് സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രസന്നകുമാര്‍ ഡി. പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അനീഷ് എസ്.ആര്., ഹാസ്മി എ.എല്‍., മുബാറക് ഇസ്മായില്‍ തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: