ജമ്മു: ജന്മനാട്ടിലേക്ക് തിരികെ എത്താമെന്ന സ്വപ്നവുമായി അവര്‍ വോട്ട് ചെയ്തു. പിറന്ന മണ്ണില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നവര്‍, ഭീകരതയുടെ ഇരകള്‍… എല്ലാം ഇട്ടെറിഞ്ഞ് മറ്റിടങ്ങളിലേക്ക് ഓടേണ്ടിവന്നവര്…. ജമ്മുകശ്മീര്‍ ഭരണകുടം ജമ്മു താഴ്വരയില് ഒരുക്കിയ താത്കാലിക വീടുകളില്‍ താമസിക്കുന്ന കശ്മീരി പണ്ഡിറ്റുകള്‍ ഇന്നലെ കൂട്ടമായി പോളിങ് ബൂത്തുകളിലെത്തിയത് അനതിവിദൂരഭാവിയില്‍ പിറന്ന മണ്ണില്‍ കുടിപാര്ക്കാമെന്ന പ്രതീക്ഷയോടെ.
നാലാം ഘട്ട വോട്ടെടുപ്പില്‍ ജമ്മുവിലെ ബര്നൈ ഗ്രാമത്തിലെ പ്രത്യേകം സജ്ജമാക്കിയ പോളിങ് ബൂത്തിന് പുറത്ത് ശ്രീനഗര്‍ ലോക്സഭാ മണ്ഡലത്തിലേക്ക് വോട്ട് രേഖപ്പെടുത്താനാണ് അവര്‍ എത്തിയത്. പുനരധിവാസമല്ലാതെ ഞങ്ങള്‍ക്ക് മറ്റൊരു സ്വപ്നമില്ല, അവരിലൊരാള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് മനസ് തുറന്നു.
1990ല്‍ ഞങ്ങളുടെ വേരുകള്‍ വെട്ടിമാറ്റി പുറത്താക്കുകയായിരുന്നു. ഞങ്ങളുടെ പുനരധിവാസം ചര്‍ച്ചയാവണം. പാര്‍ലമെന്റില്‍ കശ്മീരി പണ്ഡിറ്റുകള്‍ക്ക് പ്രതിനിധി ഉണ്ടാകണം. വോട്ട് മാത്രമാണ് ഏക പോംവഴി. കശ്മീര്‍ പണ്ഡിറ്റുകളുടെ വികസനം, പുനരധിവാസം, അടിസ്ഥാന വിദ്യാഭ്യാസ അവകാശങ്ങള്‍ പുനഃസ്ഥാപിക്കല്‍… വോട്ട് ചെയ്യാന്‍ നിരവധിയുണ്ട് കാരണങ്ങള്‍, വോട്ടറായ ഡോ. രമേഷ് ഭട്ട് എഎന്‍ഐയോട് പറഞ്ഞു.
ജമ്മുവിലെ ബര്നൈയിലാണ് ഞങ്ങള്‍ വോട്ട് ചെയ്യുന്നത്. പക്ഷേ മനസ് കശ്മീരിലെ ഉറ്റവര്‍ക്കൊപ്പമാണ്. ഞങ്ങളുടെ വോട്ടുകള്‍ ഞങ്ങളുടെ ഭാവിക്ക് വേണ്ടിയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന് നന്ദി, ഈ അവസരം ഒരുക്കിത്തന്നതിന്, അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലടക്കം അഭയം തേടിയ പണ്ഡിറ്റുകള്‍ക്കായി തെരഞ്ഞെടുപ്പ് കമ്മിഷന് പ്രത്യേക പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 25ന് ആറാം ഘട്ടത്തില്‍ അവര്‍ വോട്ടുചെയ്യും. കശ്മീര്‍ റസിഡന്റ് കമ്മിഷന്, 5 പിആര്‍ റോഡ്, ന്യൂദല്‍ഹി, കശ്മീര്‍ കിസാന്‍ ഘര്‍, ബിആര്‍-2 ഷാലിമാര്‍ ബാഗ്, ദല്‍ഹി, അര്വാച്ചിന് ഇന്റര്‍നാഷണല്‍ പബ്ലിക് സ്കൂള്‍, പോക്കറ്റ് എഫ് ദില്‍ഷാദ് ഗാര്ഡന്, ദല്‍ഹി, നജഫ്ഗഢിലെ ജിജിഎസ്എസ്എസ് പപ്രാവത്ത് എന്നിവിടങ്ങളിലാണ് പ്രത്യേക ബൂത്തുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: