തിരുവനന്തപുരം: ഒഴിവുവരുന്ന മൂന്ന് രാജ്യസഭ സീറ്റിലേക്കു എല്‍ഡിഎഫില്‍ പിടിവലി. സീറ്റ് വിട്ടു തരില്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മും തങ്ങള്‍ക്ക് വേണമെന്ന് സിപിഐയും. മൂന്ന് ഒഴിവുകള്‍ വരുന്നതില്‍ നിലവിലെ അംഗബലത്തില്‍ രണ്ടെണ്ണത്തില്‍ എല്‍ഡിഎഫിനും ഒരെണ്ണത്തില്‍ യുഡിഎഫിനും ജയിക്കാനാകും.
ഇതില്‍ ഒരു സീറ്റ് സിപിഎമ്മിനെന്ന് പ്രഖ്യാപിച്ചു. രണ്ടാമത്തെ സീറ്റിനു വേണ്ടിയാണ് എല്‍ഡിഎഫിലെ കക്ഷികള്‍ തമ്മില്‍ പിടിവലി കൂടുന്നത്. സിപിഐയും കേരള കോണ്‍ഗ്രസ് എമ്മുമാണു രംഗത്തുള്ളത്. സീറ്റിനുള്ള അവകാശവാദം ഉന്നയിച്ച് ഇരുകൂട്ടരും പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ സിപിഎമ്മിന് തലവേദനയായി.
എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഇതില്‍ കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോഴാണ് ജോസ് കെ. മാണി എംപിയാകുന്നത്. പിന്നീട് കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലെത്തി.
തുടര്‍ന്ന് ജോസ് കെ. മാണി രാജിവച്ചു. കേരള കോണ്‍ഗ്രസ് എമ്മിനു തന്നെ ഇടതുമുന്നണി സീറ്റു നല്‍കുകയും ജോസ് കെ.മാണി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെ മൂന്നു സീറ്റും ഇടതുമുന്നണിയുടേതായി. ഒരു സീറ്റ് തങ്ങള്‍ക്കാണെന്നും അതിലേക്കായി ആരും ആവശ്യം ഉന്നയിക്കേണ്ടന്നാണ് സിപിഐയുടെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കില്ലെന്നും ഇടതുമുന്നണിയില്‍ സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് കെ. മാണി ആദ്യം പറഞ്ഞെങ്കിലും സിപിഐ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നതോടെ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് എമ്മും വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐയ്ക്കുള്പ്പെടെ അകമഴിഞ്ഞ പിന്തുണയാണ് കേരള കോണ്‍ഗ്രസ് എം നല്‍കിയിട്ടുള്ളതെന്ന് ജോസ് കെ. മാണി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ സിറ്റ് സംബന്ധിച്ച് തര്‍ക്കം ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: