സൈനിക നടപടിയുടെ ആവശ്യമില്ലാതെതന്നെ പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ പലരും നെറ്റിചുളിക്കുകയുണ്ടായി. പാക്കധീന കശ്മീരിനെ ആക്രമിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും, ഇതിന്റെ സൂചനയാണ് രാജ്നാഥ്സിംഗിന്റെ പ്രഖ്യാപനമെന്നും ചിലര്‍ വ്യാഖ്യാനിച്ചു. ഇങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും, പാക്കധീന കശ്മീര്‍ ആക്രമിച്ചാല്‍ പാക്കിസ്ഥാന് ഭാരതത്തിനുമേല്‍ അണുബോംബിടുമെന്നുമൊക്കെ ചിലര്‍ ആത്മരോഷം കൊണ്ടു. എന്നാല്‍ രാജ്നാഥ് സിംഗ് പറഞ്ഞതെന്തെന്ന് പൂര്‍ണമായി കേള്‍ക്കാതെയും മനസ്സിലാക്കാതെയുമായിരുന്നു ഈ ആശങ്കപ്പെടല്‍. അതിര്‍ത്തിക്കപ്പുറത്തും ഇപ്പുറത്തും എന്തൊക്കെയാണ് നടക്കുന്നതെന്ന് പാക്കധീന കശ്മീരിലുള്ളവര്‍ക്ക് അറിയാമെന്നും, സ്വാഭാവികമായും ഭാരതത്തോട് ചേരാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നുമാണ് രാജ്നാഥ് സിംഗ് പറഞ്ഞത്. കശ്മീരിനെ ഭാരതവുമായി വേര്‍തിരിക്കുകയും, പാക്കിസ്ഥാന്റെ കൈനിലമെന്നോണം ആ സംസ്ഥാനത്തെ നിലനിര്‍ത്തുകയും ചെയ്യുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കിയതോടെ വലിയ മാറ്റമാണ് അവിടെ സംഭവിച്ചത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നും മറ്റും ആക്രോശിച്ചവര്‍ക്ക് ഉത്തരം മുട്ടുകയും ചെയ്തു. ഇതിനുശേഷം വികസനത്തിന്റെ ഒരു വേലിയേറ്റംതന്നെയാണ് കശ്മീരില്‍ സംഭവിച്ചത്. ഭീകരപ്രവര്‍ത്തനത്തിന് അന്ത്യമായതോടെ സമാധാനത്തോടെയും സംതൃപ്തിയോടെയും ജീവിക്കാന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് ഇന്ന് കഴിയുന്നുണ്ട്.
പാക്കധീന കശ്മീര്‍ ഭാരതത്തോട് ചേരാന്‍ സൈനിക നടപടി ആവശ്യമില്ലെന്നു പറയുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരികയാണ്. പാക്കധീന കശ്മീരിലെ ജനങ്ങള്‍ ഒന്നര വര്‍ഷത്തിലേറെയായി അവിടുത്തെ ഭരണസംവിധാനത്തോടും പാക് ഭരണകൂടത്തോടും പോരാടുകയാണ്. കടുത്ത ഭക്ഷ്യക്ഷാമവും നിത്യോപയോഗ സാധനങ്ങളുടെ വന്‍ വിലക്കയറ്റവും വൈദ്യുതിക്ഷാമവും, ഇതെല്ലാം ചേര്‍ന്ന സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ശ്വാസംമുട്ടിക്കുകയാണ്. ഭക്ഷ്യക്ഷാമം രൂക്ഷമായതോടെ ജനങ്ങള്‍ തെരുവിലിറങ്ങുകയും, വലിയ പ്രതിഷേധം സം ഘടിപ്പിക്കുകയും ചെയ്തു. സബ്സിഡി നിരക്കില്‍ ഗോതമ്പുപൊടിയും മറ്റും നല്‍കാമെന്ന് പാക്കധീന കശ്മീരിലെ ഭരണാധികാരികള്‍ ഉറപ്പുനല്‍കിയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ വീണ്ടും ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. പാക്കധീന കശ്മീരിന്റെ തലസ്ഥാനമായ മൊറാദാബാദിലും മറ്റിടങ്ങളിലും ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്. പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടത് പ്രതിഷേധം ആളിക്കത്തിച്ചിരിക്കുകയാണ്. തങ്ങളുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ പാക്കധീന കശ്മീരിനെ ഭാരതവുമായി ലയിപ്പിക്കണമെന്ന ആവശ്യമാണ് പ്രക്ഷോഭകര്‍ ഉന്നയിക്കുന്നത്. ഭാരത പതാകയേന്തിയാണ് ചിലര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന പോസ്റ്ററുകളും ചുവരെഴുത്തുകളും വ്യാപകമാണ്. പെട്ടെന്ന് കെട്ടടങ്ങുന്ന പ്രതിഷേധമല്ല ഇതെന്ന് വ്യക്തം. രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടമാണ് സ്വാതന്ത്ര്യദാഹികളായ ജനങ്ങള്‍ നടത്തുന്നത്.
പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, സ്വാതന്ത്ര്യത്തിനുശേഷം അവിടെനിന്നുള്ള പാക്കിസ്ഥാന്റെ പിന്മാറ്റം ഉറപ്പുവരുത്താതിരുന്ന സര്‍ക്കാരുകളാണ് അവിടുത്തെ ജനങ്ങളുടെ കഷ്ടസ്ഥിതികള്‍ക്ക് ഉത്തരവാദികളെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അടുത്തിടെ പറയുകയുണ്ടായി. പാക്കധീന കശ്മീര്‍ ഭാരതത്തിന്റെ ഭാഗമാണെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കിയിട്ടുള്ളതാണ്. ഭാരതം ഭരിച്ചിരുന്നവരുടെ നിരുത്തരവാദിത്വമാണ് ആ പ്രദേശത്തെ മറ്റുള്ളവരുടെ കൈകളിലെത്തിച്ചത്. തങ്ങളുടെ ജനങ്ങള്‍ പൊരുതുകയാണെന്നും, അവരെ പാക് പോലീസ് തല്ലിച്ചതയ്ക്കുകയും വെടിവച്ചു കൊല്ലുകയുമാണെന്നും, ഈ സാഹചര്യത്തില്‍ ഭാരതം മാറിനില്‍ക്കരുതെന്നുമുള്ള പാക്കധീന കശ്മീരിലെ പൊതുപ്രവര്ത്തകന് അഹമ്മദ് അയൂബ് മിര്‍സയുടെ വാക്കുകള്‍ ലോകം ശ്രദ്ധിക്കുകയാണ്. ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയ്ക്കും പാക്കിസ്ഥാനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്നും, ഇതിനായി ഭാരതം പ്രവര്‍ത്തിച്ചേ മതിയാവൂ എന്നുമാണ് മിര്‍സ പറയുന്നത്. പാക്കധീന കശ്മീരിനെ അവഗണിച്ച ഭാരതത്തിലെ മുന്‍സര്‍ക്കാരുകളുടെ പാത മോദി സര്‍ക്കാര്‍ പിന്തുടരരുതെന്ന് മിര്‍സ പറയുന്നതില്‍ സ്ഥിതിഗതികള്‍ വന്ന മാറ്റം പ്രകടമാണ്. പാക്കധീന കശ്മീരിലെ ജനങ്ങളുടെ വിലാപം കേട്ടില്ലെന്ന് നടിക്കാന്‍ ഭാരതത്തിന് കഴിയില്ല. കാരണം ജമ്മുകശ്മീര്‍ പോലെതന്നെ ഈ പ്രദേശവും ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആസാദി എന്ന മുദ്രാവാക്യവുമായാണ് ജനങ്ങള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. പാക്കിസ്ഥാനില്‍നിന്നുള്ള മോചനമാണിത്. ഇപ്പോഴത്തെ നിലയ്ക്ക് ഇതിന് അധികകാലം വേണ്ടിവരുമെന്ന് തോന്നുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: