Samskriti

മാതൃമാഹാത്മ്യത്തിന്റെ അഞ്ച് ശ്ലോകങ്ങള്‍

Published by

ശ്രീ ശങ്കരജയന്തിയും പടിഞ്ഞാറന്‍ലോകം ആചരിക്കുന്ന മാതൃദിനവും ആയിരുന്നു ഈ മെയ് 12 ഞായര്‍. തികച്ചും യാദൃച്ഛികമായാണെങ്കിലും ഇത് രണ്ടും ഒരേ ദിവസം ആഗതമായി. മാതൃമഹത്വത്തെ ശ്രീ ശങ്കരാചാര്യസ്വാമികള്‍ 5 ഗംഭീര ശ്ലോകങ്ങളിലൂടെ വാഴ്‌ത്തിയ ‘മാതൃപഞ്ചകം’ ഇന്നും എന്നും ഏറെ സ്മരണീയമാണ്.

ദിവസേന നടന്നുപോയി  പൂര്‍ണ്ണാ നദിയില്‍ സ്‌നാനം ചെയ്തിരുന്ന അമ്മ ആര്യാംബയ്‌ക്ക് അതിനു കഴിയാതെ വന്നപ്പോള്‍ പൂര്‍ണ്ണാനദിയുടെ ഗതിയെ യോഗസിദ്ധിയാല്‍ മാതൃഗൃഹത്തിന് സമീപത്തേക്ക് എത്തിച്ചു ബാലനായ ശങ്കരന്‍. എട്ടാം വയസ്സില്‍ സന്ന്യാസം സ്വീകരിച്ച് യാത്ര പുറപ്പെടുന്ന മകനോട് ആര്യാംബ തന്റെ മരണസമയത്ത് അന്ത്യക്രിയകള്‍ ചെയ്യാന്‍ എത്തിച്ചേരണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു. മകന്‍ മാതാവിന് വാഗ്ദാനം നല്‍കുകയും ചെയ്തു. വൃദ്ധയായി രോഗശയ്യയില്‍ ഭൗതികശരീരം ഉപേക്ഷിക്കാറായപ്പോള്‍ സ്മരണമാത്രയില്‍ മകന്‍ വായുവേഗത്തില്‍ അമ്മയുടെ സവിധം അണഞ്ഞു. അമ്മയ്‌ക്കു വേണ്ടി തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന ശോകഭാരത്തോടെ അമ്മയുടെ കാല്‍ക്കീഴില്‍ ഇരുന്ന് രചിച്ച അതുല്യങ്ങളായ അഞ്ചു ശ്ലോകങ്ങളാണ് ‘മാതൃപഞ്ചകം’ എന്ന പേരില്‍ പ്രസിദ്ധമായത്.  കണ്ണുനീരോടെയല്ലാതെ ഇത് ആര്‍ക്കും വായിക്കാന്‍ കഴിയുകയില്ല. അത്ര ഹൃദയസ്പര്‍ശിയായിട്ടാണ് കുറ്റബോധത്തിലൂടെ ശങ്കരാചാര്യസ്വാമികള്‍ അമ്മയുടെ മഹത്ത്വം ഈ ശ്ലോകങ്ങളിലൂടെ വാഴ്‌ത്തുന്നത്. ആദ്യത്തെ ശ്ലോകത്തില്‍ തന്നെ അത് നിറഞ്ഞു നില്‍ക്കുന്നു.

ആസ്താം താവദിയം പ്രസൂതിസമയേ
ദുര്‍വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയീ
ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണ-
ക്ലേശസ്യ യസ്യ ക്ഷമോ
ദാതും നിഷ്‌കൃതിമുന്നതോ ƒ-പി തനയസ്-
തസൈ്യ ജനനൈ്യ നമഃ

പ്രസവസമയത്ത് ഒഴിവാക്കാനാകാത്ത കടുത്ത വേദന കൊണ്ടുണ്ടാകുന്ന കഷ്ടപ്പാട്. അതിരിക്കട്ടെ അതിനു പുറമെ ഭക്ഷണത്തിനു സ്വാദു തോന്നാതായ്ക, ശരീരത്തിന്റെ മെലിച്ചില്‍(ശക്തിക്ഷയം), ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന മലമയിയായ ശയ്യയും അമ്മയ്‌ക്കു സംഭവിക്കുന്നു. അമ്മയ്‌ക്കുണ്ടാകുന്ന ഗര്‍ഭധാരണ ക്ലേശങ്ങളില്‍ ഒന്നിന്റെ പോലും കടം വീട്ടാന്‍ എത്ര ഉന്നതനായ പുത്രനാണെങ്കില്‍ പോലും അയാള്‍ സമര്‍ത്ഥനാകുന്നില്ല. അത്തരത്തിലുള്ള അമ്മയ്‌ക്കായിക്കൊണ്ടു നമസ്‌ക്കാരം.

ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സമയത്ത് അമ്മയ്‌ക്ക് എന്തെല്ലാം കഷ്ടം സഹിക്കേണ്ടിവരുന്നു. പ്രസവിച്ചു കഴിഞ്ഞാലും അടുത്ത ഒരു വര്‍ഷം എത്ര ക്ലേശം സഹിച്ചാണ് അമ്മ വളര്‍ത്തിക്കൊണ്ടു വരുന്നത്. മകന്‍, എത്ര വലിയവനായാലും ഇതിനൊന്നിനും കടം തീര്‍ക്കാന്‍ കഴിയില്ല എന്ന ദുഃഖത്തോടെ  അമ്മയ്‌ക്ക് നമസ്‌കാരങ്ങള്‍ അര്‍പ്പിക്കുന്നു.

ഗുരുകുലമുപസൃത്യ സ്വപ്‌നകാലേ തു ദൃഷ്ട്വാ
യതി സമുചിതവേഷം പ്രാരുദോ മാം ത്വമുച്ചൈഃ
ഗുരുകുലമഥ സര്‍വ്വം പ്രാരുദത്തെ സമക്ഷം
സപദി ചരണയോസ്‌തേ മാതരസ്തു പ്രണാമഃ

ഞാന്‍ ഗുരുകുലത്തില്‍ പഠിക്കുമ്പോള്‍ സന്ന്യസിച്ചതായി സ്വപ്‌നം കണ്ട് അതിരാവിലെ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി വന്ന അമ്മയെ കണ്ട് എന്റെ സഹപാഠികളും ഗുരുവും കൂടി കരഞ്ഞുപോയ രംഗം എന്റെ സ്മൃതിപഥത്തില്‍ വരുന്നു. ഇങ്ങനെയുള്ള അമ്മയുടെഇരുപാദങ്ങളിലും പ്രണമിക്കുന്നു എന്നാണ് രണ്ടാം ശ്‌ളോകത്തില്‍ പറയുന്നത്.

ന ദത്തം മതസ്‌തേ മരണസമയേ തോയമപിവാ
സ്വധാ വാ നോ ദത്താ മരണദിവസേ ശ്രദ്ധവിധിനാ
ന ജപ്ത്വാ മതസ്‌തേ മരണസമയേ താരകമനു-
രകാലേ സമ്പ്രാപ്‌തേ മയി കുരു ദയാം മാതുരതുലാം

അമ്മേ, നിന്റെ മരണസമയത്ത് ശാസ്ത്രവിധി അനുസരിച്ച് വെള്ളം നല്‍കാന്‍ എനിക്കു കഴിഞ്ഞില്ല.  ശവസംസ്‌കാര ചടങ്ങുകള്‍ പ്രകാരമുള്ള വഴിപാടുകള്‍ പോലും നല്‍കാന്‍ എനിക്കായില്ല. മരണസമയം ഒരാളെ പൂര്‍ണമായും എത്തിക്കുന്ന മന്ത്രം പോലും ഞാന്‍ ജപിച്ചില്ല. ഞാന്‍ വന്നതോ അനുചിത സമയത്തുമായി. അങ്ങനെയുള്ള എന്നില്‍ അമ്മേ, നിന്റെ സമാനതകളില്ലാത്ത  അനുകമ്പ ചൊരിയേണമേ  എന്ന പ്രാര്‍ത്ഥനയാണ് മൂന്നാം ശ്ലോകം.
മുക്താമണി ത്വം നയനം മമേതി
രാജേതി ജീവിതി ചിര സുത ത്വം
ഇത്യുക്തവത്യാസ്തവ വാചി മാതഃ
ദദാമ്യഹം തണ്ടുലമേവ ശുഷ്‌കം

നാലാമത്തെ ശ്ലോകത്തില്‍-നീ എന്റെ മുത്തല്ലേ, രത്‌നമല്ലേ, കണ്ണിന്റെ കണ്ണല്ലേ, എന്റെ രാജാവല്ലേ, ദീര്‍ഘായുസ്സായിരിക്കൂ എന്നൊക്കെ പറഞ്ഞ് എന്നെ ലാളിച്ച അമ്മയുടെ വായില്‍ ഉണക്കലരി ഇടാന്‍ മാത്രമല്ലെ എനിക്ക് കഴിഞ്ഞുള്ളു എന്ന ദുഃഖമാണ് നാലാമത്തെ ശ്ലോകത്തില്‍.

അംബേതി താതേതി ശിവേതി തസ്മിന്‍
പ്രസൂതികാലേ യദവോച ഉച്ചൈഃ
കൃഷ്‌ണേതി ഗോവിന്ദ ഹരേ മുകുന്ദേ-
ത്യഹോ ജനനൈ്യ രചിതോ ƒ യമഞ്ജലിഃ.
എന്നെ പ്രസവിച്ച സമയത്ത് അമ്മേ, അച്ഛാ, ശിവനേ, കൃഷ്ണാ, ഹരേ മുകുന്ദ എന്ന് ഉച്ചത്തില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചുവോ ആ അമ്മയ്‌ക്കായിക്കൊണ്ട് ഈ കൂപ്പുകൈ രചിക്കപ്പെട്ടിരിക്കുന്നു എന്ന് ശങ്കരന്‍ അഞ്ചാം ശ്ലോകത്തില്‍ പറയുന്നു.

എല്ലാം ത്യജിച്ച സന്ന്യാസിവര്യന്‍ അമ്മയുടെ ത്യാഗത്തിനു മുന്നില്‍ തന്റെ കൂപ്പുകൈ സമര്‍പ്പിക്കുന്നു. ജഗത്ഗുരുവായ ശ്രീശങ്കരന്‍ പോലും അമ്മയോടുള്ള കടപ്പാട് ഒരിക്കലും തീര്‍ക്കാന്‍ കഴിയില്ല എന്ന് മനോഹരമായ, അര്‍ത്ഥവ്യാപ്തമായ രചനയിലൂടെ പ്രസ്താവിക്കുന്നു.
ഇങ്ങനെയുള്ള മാതാവിനോടുള്ള അര്‍പ്പണം ഒരു ദിനാചരണം കൊണ്ടു മാത്രം  ഒതുങ്ങുന്നതല്ല. എന്നും മനസ്സില്‍ ഉച്ചരിക്കേണ്ട വേദശ്ലോകമാണ്-

മാതൃദേവോ ഭവഃ
പിതൃദേവോ ഭവഃ
ആചാര്യദേവോ ഭവഃ
അതിഥി ദേവോ ഭവഃ
(തൈത്തിരീയോപനിഷത്)

ആദ്യം മാതാവിനെയാണ് ദേവനായിക്കാണാന്‍ വേദം അനുശാസിക്കുന്നത്. അമ്മയാണ് ആദ്യഗുരു. ഒരിക്കലും വറ്റാത്ത സ്‌നേഹ വാത്സല്യങ്ങളുടെ സാഗരമാണ് അമ്മ. യശോദയ്‌ക്ക് കൃഷ്ണനോടുള്ള വാത്സല്യം നിരുപാധികം. രാമന്‍ വനവാസത്തിനു പോകുമ്പോള്‍ എല്ലാ ദേവന്മാരെയും വിളിച്ചുകൊണ്ട് കരളലിയിക്കുന്ന കൗസല്യയുടെ പ്രാര്‍ത്ഥന-

”എന്മകനാശു നടക്കുന്ന നേരവും
കല്മഷം തീര്‍ന്നിരുന്നീടുന്ന നേരവും
തന്മതി കെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാര്‍ന്നു രക്ഷിച്ചീടുവിന്‍ നിങ്ങള്‍”

ഇങ്ങനെയുള്ള അമ്മയ്‌ക്കു സമാനമായി ഭൂമിയില്‍ ഒന്നും തന്നെ ഇല്ല. ലോകഗുരുവായ ശ്രീശങ്കരാചാര്യസ്വാമികള്‍ നമുക്ക് മാതൃപഞ്ചകത്തിലൂടെ പഠിപ്പിച്ചു തരുകയാണ് അമ്മയോടുള്ള കടപ്പാട് ഒരിക്കലും വീട്ടാന്‍ കഴിയില്ല എന്ന സത്യം. അമ്മയ്‌ക്ക് കോടി കോടി പ്രണാമങ്ങള്‍ അര്‍പ്പിക്കാനേ കഴിയൂ.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by