മൂന്നാം അദ്ധ്യായത്തില്‍ ജ്ഞാനയോഗ നിരൂപണത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഭഗവാനെ ഭക്തവത്സലാ, ജീവാത്മാവിന് ജനനം ഉണ്ടോ? ഉണ്ടെങ്കില്‍ അതിന് നാശം ഉണ്ടാകണമല്ലോ. നാശമുണ്ടെ ങ്കില്‍ അത് എങ്ങനെ ബ്രഹ്മമാകും. അദൈ്വതത്തിലും ദൈ്വതാവസ്ഥയിലും ജീവാത്മാവിനെ രണ്ടു തരത്തിലാണല്ലോ വിവക്ഷിക്കുന്നത്. ഏതാണ് ശരി, ഏതാണ് തെറ്റ്? കരുണാനിധേ ഈ സിദ്ധാന്തത്തെ ക്കുറിച്ചുള്ള എന്റെ സംശയം ദൂരീകരിച്ചാലും.
ഇത് കേട്ടമാത്രയില്‍ ലവലേശം മടി കൂടാതെ ഭഗവാന് ഹനുമാനോട് ഇപ്രകാരം പറഞ്ഞു. അദൈ്വതികളുടെ മതമനുസരിച്ച് ജീവനും ബ്രഹ്മവുമായി കാര്യ-കാരണ ബന്ധമുണ്ട്, അവരുടെ നിരീക്ഷണത്തില്‍ ജീവാത്മാവിന് ഉത്പ്പത്തിയെന്ന അവസ്ഥയുണ്ട്. അങ്ങനെയില്ല എന്ന് അംഗീകരിച്ചാല്‍ അതിന് നാശമില്ലെന്ന് വരും. നാശമില്ലെന്ന് വന്നാല്‍ ദൈ്വത്വം നിത്യമായി തീരും. ആ അവസ്ഥയില്‍ അദൈ്വത വേദാന്തത്തിന് വിരുദ്ധമായ തത്ത്വം അംഗീകരിക്കേണ്ടിവരും. രണ്ട് തരത്തിലുള്ള ജീവാത്മാക്കളുടെ നാശവും രണ്ട് വിധമാണെന്നറിയുക.
”ത്വം” എന്ന പദത്തിന്റെ വാച്യമായ ജീവാത്മാവ് ലൗകികവും ദേഹധാരിയുമാണ്. തപിക്കുന്ന ഇരുമ്പിന് ഉണ്ടാകുന്ന ആഭ്യന്തര മാറ്റത്തോട് സമമാണ് അവിദ്യകൊണ്ട് ജനിക്കുന്ന ജീവന്റെ നാശം. അത് വികാരപരമായ അവസ്ഥകൊണ്ടാണ് നശിക്കുന്നത്. എന്നാല്‍ മറ്റുവിധത്തിലുള്ള ”ത്വം” എന്ന പദത്തിന്റെ ലക്ഷണാര്‍ത്ഥത്തില്‍ വരുന്ന ജീവാത്മാവ്, ലൗകികവും സാക്ഷിയും ചൈതന്യപൂര്‍ണ്ണവും പ്രത്യാശാത്മാവ് എന്നറിയപ്പെടുന്നതുമാണ്. തീയില്‍ നിന്ന് തീപ്പൊരി ഉയരുന്നതുപോലെ ബഹ്മവിദ്യയില് നിന്നും ജനിച്ച ജീവാത്മാവിന്റെ നാശമെന്നത് അദൈ്വതവും ജ്ഞാനമയവും ബ്രഹ്മരൂപവുമായ തന്റെ പ്രകൃതിയില്‍ തന്നെ ലയിച്ചു ചേരുകയെന്നതാണ്.
ഭൂമിയിലെ സര്‍വ്വഭൂതങ്ങളും ജനിക്കുന്നുവോ. ജീവിക്കുന്നുവോ ഏതൊന്നിലാണ് അവ ലയിച്ചു ചേരുന്നത് ആ ആദൈ്വതബ്രഹ്മത്തെ മോക്ഷപ്രാപ്തിയ്ക്കായി തിരിച്ചറിയേണ്ടതാണ്. അദ്ധ്യാത്മ ശാസ്ത്രമവലംബിച്ച് സദ്ഗുരുവിന്റെ കൃപാശക്തികൊണ്ട് ജീവാത്മാവിനെയും ബ്രഹ്മത്തെയും കുറിച്ചു ചിന്തിക്കുമ്പോള്‍ മാത്രമാണ് പുരുഷാര്‍ത്ഥങ്ങള്‍ നേടാന്‍ കഴിയുക. കൂടാതെ ജീവിതത്തിന്റെ കാരണസ്വരൂപത്തെ വേണ്ടപോലെ തിരിച്ചറിയണം. അതിനെ ധ്യാനിക്കുകയും വേണം. സര്‍വ്വജ്ഞനും, സര്വ്വലോകേശനും മായയാകുന്ന ഉപാധിയോട് കൂടിയവനുമായ പരമശിവനെ ചിത്ത ശുദ്ധിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതുമൂലം സമസ്ത ജീവികളുടെയും ഉല്‍പ്പത്തിസ്ഥാനമായ പരമപദം കൈവരിക്കാനാകും.
വായൂപുത്രാ പ്രകൃതിയില്‍ അവ്യക്തമായി സ്ഥിതി ചെയ്യുന്ന ബ്രഹ്മഭാവം നിര്‍ഗുണ ബ്രഹ്മമാണെന്നും വ്യക്തമായി വിദ്യാഭാവത്തില്‍ സ്ഥിതി ചെയ്യുന്ന ഈശ്വരീയഭാവം സഗുണ ബ്രഹ്മമാണെന്നും തിരിച്ചറിയണം. ഇപ്രകാരം ചിന്തിച്ചുറച്ച് ശ്രേഷ്ഠമായ നിര്‍ഗുണ ബ്രഹ്മത്തെ ധ്യാനിച്ചാല്‍ കൈവല്ല്യമുക്തി പ്രാപിക്കാന്‍ കഴിയും. ശരീരം തന്നെയാണ് ആത്മാവെന്ന് തെറ്റിദ്ധരിച്ച് ഭ്രാന്തമായി അതിനെ ഉപാസിച്ച് ലോകജീവിതം നയിക്കുന്നവര്‍ക്ക് ആ മായാമോഹത്തില്‍ നിന്നും മോചനം നേടാന്‍ ബ്രഹ്മോപാസന കൊണ്ട് മാത്രമേ സാദ്ധ്യമാകൂ. ജീവന്റെയും, ഈശ്വരന്റെയും സാക്ഷിയാണ് ചേതനാ ചേതനങ്ങളെക്കുറിച്ചുള്ള പൂര്‍ണ്ണജ്ഞാനം എന്നറിയുക. അതിനെ അന്വേഷിച്ച് അറിഞ്ഞ് ധ്യാനപൂര്‍വ്വം സ്വയം പ്രത്യക്ഷനാക്കുന്നവനാണ് ബ്രഹ്മജ്ഞാനി.
നാലാം അദ്ധ്യായത്തില്‍ ജീവന് മുക്തിയെക്കുറിച്ചാണ് ഭഗവാന് പറയുന്നത്. ഭഗവാനെ ഏതൊരു ജ്ഞാനം കൊണ്ടാണോ മനുഷ്യര്‍ക്ക് ജീവന്മുക്തി അനുഭവിക്കാന്‍ കഴിയുന്നത് അതിനെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നാലും എന്ന ഹനുമാന്റെ അപേക്ഷപ്രകാരം ഭഗവാന് മറുപടി നല്കുന്നു, ആജ്ഞനേയ, സച്ചിദാനന്ദ ലക്ഷണങ്ങളോട് കൂടിയതും, പരിപൂ
ര്ണ്ണമായതുമായ പരമാത്മാവിനെ ജ്ഞാനം കൊണ്ട് മാത്രമേ കരഗതമാക്കാന്‍ സാധിക്കൂ. നാമരൂപാത്മകമായ ലോകത്തിനും അതില്‍ വസിക്കുന്ന ജീവികള്‍ക്കും, നാമരഹിതമായ നിര്‍ഗ്ഗുണബ്രഹ്മത്തിന്റെ സത്തഉള്ക്കൊള്ളാന് കഴിയില്ല.
”ഞാന്‍ ദേഹമാണ്” എന്ന തോന്നലാണ് ലൗകിക ബന്ധം. ഞാന്‍ ബ്രഹ്മമാകുന്ന എന്ന ചിന്ത ഉദ്ദിച്ചാല്‍ മോക്ഷമാകുന്നു. ഇത്തരം ശ്രേഷ്ഠചിന്ത ഉടലെടുക്കുന്നവര്‍ക്ക് ഭയം ഇല്ലാതാകുന്നു. ശരീരത്തെ ആത്മാവായി ധരിക്കുമ്പോള്‍ ബുദ്ധി ഉള്ളവര്‍ക്ക് പോലും ഭയം ജനിക്കുന്നു. അതുകൊണ്ട് എല്ലാവിധ പ്രയത്നത്തിലൂടെയും, ദേഹമാണ് ആത്മാവ് എന്ന ചിന്ത ത്യജിക്കണം. ഞാന്‍ അഖണ്ഡവും, അനന്തവും, പരിപൂര്‍ണ്ണവും, അദ്വീതിയവുമാണെന്ന ചിന്തയോട് കൂടിയ ഉറച്ചധ്യാനം ജീവല്മുക്തിയിലേക്ക് നയിക്കും.
കൂടാതെ അഹം എന്ന ഭാവം വെടിഞ്ഞ് ജീവിക്കുന്നവനും, വികാരരഹിതമായ ആത്മജ്ഞാനത്തോട് കൂടിയവനും, മുക്തി ലഭിക്കുന്നു. സ്ഥൂലശരീരത്തോട് അഹംബുദ്ധി ഇല്ലാത്തവന് സംസാരിക ബന്ധം കാണില്ല.േ വായൂപുത്രാ, ബാഹ്യവും ആന്തരികവുമായ സകല വികാരങ്ങളും ദുരീകരിച്ച് ഏകമായി നില്ക്കുന്നതും ശ്രേഷ്ഠവും, ത്രിഗുണാതീതവും പരിപൂര്ണ്ണജ്ഞാന സ്വരൂപമായി സ്ഥിതി ചെയ്യുന്നതുമായ ഉത്തമബ്രഹ്മത്തില് മനസ്സ് സ്ഥിരമാക്കി ജീവമുക്തപദം പ്രാപിക്കാം.
അഞ്ചാമദ്ധ്യത്തില് ശ്രീരാമന് വിദേഹമുക്തിയെക്കുറിച്ചാണ് ഹനുമാന് അറിവ് നല്‍കുന്നത്. വായൂപുത്രാ, സംസാരസാഗരത്തില്‍ പ്രാരാബ്ധ കര്‍മ്മരൂപമായ ഈ ശരീരം നിലനില്‍ക്കുന്നതിനോ ടൊപ്പം ഈ ദേഹത്തെ പൂര്‍ണ്ണമായി വിസ്മരിക്കുന്നവനാണ് യഥാര്‍ത്ഥ വിദേഹമുക്തന്‍. കപിശ്രേഷ്ഠാ എല്ലാ ഉപനിഷത്തുക്കളുടെയും ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന രഹസ്യതത്ത്വവും ഇതുതന്നെയാണ്.
ശരീരത്തോട് കൂടിയ അവസ്ഥയിലും, മനസ്സിന്റെയും, പ്രാണങ്ങളുടെയും ചാഞ്ചല്യം നശിപ്പിച്ചവനും, അഖണ്ഡമായ രൂപത്തില്‍ കര്‍മ്മം ചെയ്യുന്നവനും, എല്ലാം മിഥ്യയാണന്ന തിരിച്ചറിവുള്ളവനും ജീവന് മുക്തി ലഭിക്കും. സ്ഥൂല ശരീരത്തോട് അഹം ബുദ്ധിയില്ലാത്തവനും അഞ്ചു കര്മ്മേന്ദ്രിയങ്ങളോടും അഹം ബുദ്ധിപുലര്ത്താത്തവനും, പഞ്ചപ്രാണങ്ങളില്‍ ഞാനില്ല എന്ന തിരിച്ചറിവ് നേടുന്നവനും, അഞ്ച് ഉപപ്രാണങ്ങളും ഞാനല്ല എന്നു കരുതുന്നവനും, അന്തഃകരണ ഭേദങ്ങളെ ആത്മാവല്ല എന്ന് അംഗീകരിക്കുന്നവനും, സ്ഥൂലം, സൂക്ഷ്മം, കാരണശരീരം എന്നീ മൂന്ന് ജീവഭേദങ്ങള്ക്കും സത്ത്വം, രജസ്സ്, തമസ്സ് എന്നീ ത്രിഗുണങ്ങള്‍ക്കും അതീതമായി സ്ഥിതി ചെയ്യുന്നതാണ് സാക്ഷാല്‍ ബ്രഹ്മമെന്നുള്ള ചിന്ത ഉള്ളവനും, ലോകത്ത് എല്ലായിടത്തും വ്യവഹാര അവസ്ഥയില്‍ പരമാത്മാവിനെ ദര്‍ശിക്കുന്നവനും മോക്ഷപ്രാപ്തിയിലേക്ക് എത്തിച്ചേരുന്നതാണ്. ഉത്തമ പുരുഷന്മാര്ക്കും മോക്ഷപ്രാപ്തിയിലേക്ക് ഉയരാം. ഉത്തമപുരുഷനെന്നാല്‍ വിദ്യകൊണ്ട് ഉയര്‍ന്ന് ആത്മനിയന്ത്രണം കൈവരിച്ചവനെന്ന് അര്‍ത്ഥം.
ആറാം അദ്ധ്യായത്തില്‍ മനുഷ്യമനസ്സുകളില്‍ രൂഢമായി നിലകൊള്ളുന്ന ഇന്ദ്രിയ വിഷയാസക്തി നിയന്ത്രണങ്ങളെക്കുറിച്ചാണ് പറയുന്നത്. അല്ലയോ ഭഗവാനെ സര്‍വ്വജ്ഞനും,
ദയാസിന്ധുവുമായ രഘുനാഥ, എന്റെ ഇന്ദ്രിയങ്ങള്‍ സദാ ലൗകിക വിഷയങ്ങളില്‍ പതിച്ചു കൊണ്ടിരിക്കുന്നു. എന്റെ മനസ്സ് അത്തരം വിഷയങ്ങളില്‍ ആസക്തമായിരിക്കുകയാണ്. ഇതില്‍നിന്നും മോചനം നേടാന്‍ എന്താണ് ഉപായമെന്ന് അരുളിച്ചെയ്താലും എന്നു ഹനുമാന് അഭ്യര്‍ത്ഥിക്കുന്നു.
അതിന് ഭഗവാന് നല്കുന്ന മറുപടി ഇപ്രകാരമാണ്: ലൗകികവിഷയങ്ങളില്‍ അനാസക്തി ഉണ്ടാകുവാന്‍ തത്ത്വജ്ഞാനം, മനോനാശം, വാസനാക്ഷയം എന്നീ സാധനാത്രയം പരിശീലിക്കുകയാണ് വേണ്ടത്. വളരെ ഏറെ ശ്രദ്ധയോടും, ഭക്തിയോടും മാത്രമേ ഇത് നേടാനാവൂ. കാരണം ഇവ മൂന്നും പരസ്പര പൂരകങ്ങളാണ്. ഐഹീകസുഖങ്ങള് തൃജിച്ച് ഏകാഗ്രമായ മനസ്സോടെ മൂന്ന് സാധനകളേയും ഒരേകാലത്ത് അഭ്യസിച്ചാല്‍ മാത്രമേ അത് പൂര്‍ണ്ണമാകൂ. മനസ്സിനെ നിയന്ത്രിക്കണമെങ്കില്‍ വാസനകളെ അതിജീവിക്കണം. വാസനക്ഷയിക്കാതെ മനോനിയന്ത്രണം സാദ്ധ്യമല്ല. തത്ത്വജ്ഞാനം ലഭിക്കാതെ മനസ്സ് ശാന്തമാകില്ല. വാസന നശിക്കാതെ തത്ത്വജ്ഞാനം ലഭിക്കില്ല. തത്ത്വജ്ഞാനം ലഭിക്കാത്തിടത്തോളം കാലം വാസനാദി വികാരങ്ങള്‍ക്ക് ശമനം സാദ്ധ്യമല്ല എന്നറിയുക. ഇങ്ങനെ പരസ്പരപൂരകങ്ങളായ സാധനത്രയങ്ങളെ ഏകകാലത്ത് അഭ്യസിക്കണം. വിദേഹമുക്തി ആഗ്രഹിക്കുന്നവര്‍ ഇത് അനുഷ്ഠിക്കണം. അന്യകര്മ്മങ്ങള് കൊണ്ട് അത് അപ്രാപ്യമാണ്. നിരന്തരമായ ഇവയുടെ സാധന കൊണ്ട് മാത്രമേ ജന്മജന്മാന്തരങ്ങളിലൂടെ മനുഷ്യമനസ്സുകളില്‍ അന്തര്‍ലീനമായിരിക്കുന്ന മിഥ്യയായ ലൗകിക ആസക്തിയെ നിര്‍വീര്യമാക്കാന്‍ സാധിക്കൂ.
ശുഭാശുഭപഥങ്ങളിലൂടെ സഞ്ചരിക്കുന്ന വാസനയാകുന്ന നദിയുടെ പ്രവാഹത്തെ പുരുഷാര്‍ത്ഥം കൊണ്ടും, സ്വപ്രയത്നം കൊണ്ടും നിയന്ത്രിക്കണം. ഒപ്പം മനസ്സിനെ പൗരുഷം കൊണ്ട് ലാളിച്ച് നിയന്ത്രി ക്കണം. മനസ്സ് വിധിയാംവണ്ണം വാസനാരഹിതമാകുമ്പോള് മുക്തമാക്കപ്പെടുന്നു. യഥാര്‍ത്ഥരൂപത്തില്‍ സത്യത്തെ അറിഞ്ഞാല്‍, ആത്മാവിനെക്കുറിച്ചുള്ള ജ്ഞാനം ഉണ്ടായാല്‍ വാസന ഇല്ലാതാകും. അങ്ങനെ വരുമ്പോള്‍ മനസ്സില്‍ ദീപശോഭയോടെ ശാന്തി കൈവരിക്കുന്നു. വാസന ത്യജിച്ച് മനസ്സിനെ വിഷയങ്ങ ളില്‍ നിന്ന് നിവര്ത്തിച്ചെങ്കില് മാത്രമേ ഒരുവന് ഉത്തമപദം ലഭ്യമാകൂ.
ജന്മാന്തരങ്ങളായി ശിലിച്ചുപോന്ന ലൗകിക വിഷയങ്ങളെ നിരന്തരം ഭാവന ചെയ്യുന്നതുകൊണ്ട് മനസ്സ് എപ്പോഴും പ്രക്ഷുബ്ധമായിരിക്കും. ആയിരക്കണക്കിന് അങ്കുരങ്ങളോടും, ശാഖകളോടും, ശാഖാഗ്രങ്ങളില്‍ ഫലങ്ങളോടും കൂടി സ്ഥിതി ചെയ്യുന്ന സംസാരമാകുന്ന വൃക്ഷത്തിന്റെ വേര് മനസ്സു തന്നെയാണ്. ആ മനസ്സ് സങ്കല്പ്പരൂപത്തിലുള്ളതാണ്. അതുകൊണ്ട് സങ്കല്‍പ്പങ്ങളെ നശിപ്പിച്ച് മനസ്സിനെ ശുദ്ധമാക്കണം. സങ്കല്‍പ്പം ഇല്ലാത്ത അവസ്ഥയില്‍ സംസാരരൂപമായ വൃക്ഷം സ്വയം ഉണങ്ങിപ്പോകും. സ്വമനസ്സിനെ നിയന്ത്രിക്കാന്‍ സങ്കല്പരഹിതമായ സമാധി അഭ്യസിച്ചാല്‍ മതി. മനോനാശം തന്നെയാണ് മനസ്സിന്റെ മഹത്തായ ഉയര്‍ച്ച. മനോനാശമില്ലാത്ത അജ്ഞാനി സംസാര വിഷയങ്ങളുടെ ചങ്ങലയില്‍ ബന്ധിതനായി ജീവിക്കുന്നു. അതുകൊണ്ട് വായൂപുത്രാ സാധനാ ത്രയങ്ങളെ ഏകകാലത്ത് അഭ്യസിച്ച് മോക്ഷ മാര്‍ഗ്ഗത്തിലേക്ക് പ്രവേശിച്ചാലും.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: