ന്യൂദല്‍ഹി: ട്വന്റി20 ലോകകപ്പ് ഫൈനല്‍ പ്രവചിച്ച് ബ്രയാന്‍ ലാറ. വിന്‍ഡീസും ഭാരതവും ഫൈനല്‍ കളിക്കുമെന്നാണ് മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്റെ പ്രവചനം. ആദ്യനാലില്‍ അഫ്ഗാനിസ്ഥാനും ലാറ ഇടം നല്‍കുന്നുണ്ട്. നാലാമത്തെ ടീം ഇംഗ്ലണ്ടാവും. മികച്ച താരനിരയുമായാണ് ഇക്കുറി വെസ്റ്റ് ഇന്‍ഡീസ് എത്തുന്നത്. ഒരു ടീമെന്ന നിലയില്‍ അവര്‍ക്ക് ഒത്തിണങ്ങാനായാല് ഫൈനലിലെത്തും. ഭാരതം സ്വാഭാവികമായി ഫൈനല്‍ ഉറപ്പാക്കാവുന്ന ടീമാണ്, ആദ്യനാലില്‍ എന്തായാലും ഭാരതം ഉണ്ടാവും, വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ലാറ പറഞ്ഞു.
അടുത്ത മാസം വെസ്റ്റ് ഇന്‍ഡീസ്, അമേരിക്ക എന്നീവിടങ്ങളിലായാണ് ട്വന്റി20 ലോകകപ്പ്, ജൂണ്‍ ഒന്നിനാണ് കൊടിയേറ്റ്. ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡുമായാണ് ഭാരതത്തിന്റെ ആദ്യ മത്സരം. ഒമ്പത് നഗരങ്ങളിലായി 55 മത്സരങ്ങളാണ് ഉള്ളത്. ഭാരതത്തിന്റെ ഗ്രൂപ്പ്തല മത്സരങ്ങളെല്ലാം അമേരിക്കയിലാണ് നടക്കുന്നത്. ചിരവൈരികളായ പാകിസ്താനാണ് ഗ്രുപ്പില്‍ ഇന്ത്യയുടെ പ്രധാന എതിരാളികള്‍. നോക്കൗട്ട് മത്സരങ്ങളും ഫൈനലുമെല്ലാം വിന്‍ഡീസിലും.
ഭാരതവും വിന്‍ഡീസും തമ്മിലുള്ള മത്സരങ്ങള്‍ കരീബിയയ്ക് ഹരമാണെന്ന് ലാറ ചൂണ്ടിക്കാട്ടി. 2007ല്‍ രണ്ടാം റൗണ്ടില്‍ ഞങ്ങള്‍ പുറത്തായതുമൂലം ഭാരതത്തെ ഞങ്ങള്‍ മിസ് ചെയ്തു. അതു സംഭവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇത്തവണ ഫൈനലില്‍ ഭാരതവും വെസ്റ്റ് ഇന്‍ഡീസും നേര്‍ക്കുനേര്‍ വരണം. മികച്ച ടീം ആരാണോ അവര്‍ വിജയിക്കട്ടെ, ലാറ വ്യക്തമാക്കി.
ഓസ്ട്രേലിയയ്ക്ക് സാധ്യതകള്‍ കുറവാണ്. കരീബിയയില്‍ ഇംഗ്ലണ്ട് മുന്നേറും. അഫ്ഗാനിസ്ഥാന് ഏറെ മെച്ചപ്പെട്ട ടീമാണ്, ലാറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: