ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണിന് ഇന്ന് തുടക്കം. പുരുഷ സിംഗിള്‍സിലെ അഞ്ചാം സീഡ് താരം എച്ച്.എസ്. പ്രണോയ് ഭാരതത്തെ നയിക്കും. കൊച്ചിയില്‍ നിന്നുള്ള താരം കരണ്‍ ജോര്‍ജ് ആദ്യ മത്സരത്തില്‍ വെങ് ഹോങ് യാങ്ങിനെ നേരിടും. കഴിഞ്ഞ തവണത്തെ തായ്ലന്ഡ് ഓപ്പണ്‍ സെമി വരെ മുന്നേറിയ ഭാരത താരം ലക്ഷ്യ സെന്‍ ഇത്തവണ പിന്മാറി.
ഭാരതത്തിന്റെ പുരുഷ ഡബിള്‍സ് സഖ്യം സാത്വിക് സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ടോപ് സീഡ് പുരുഷ ഡബിള്‍സ് ജോടികളായാണ് ഇറങ്ങുന്നത്. ഇരുവരും രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. ഇതിന് മുമ്പ് 2019ല്‍ സഖ്യം തായ്ലന്ഡ് ഓപ്പണ്‍ നേടിയിരുന്നു.
വനിതാ സിംഗിള്‍സ് താരം പി.വി. സിന്ധു മത്സരിക്കുന്നില്ല. പാരിസ് ഒളിംപിക്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് സിന്ധു വിട്ടുനില്‍ക്കുന്നത്. അടുത്തിടെ നടന്ന ഊബര്‍ കപ്പിലും താരം പങ്കെടുത്തിരുന്നില്ല. ഒളിംപിക്സില്‍ മുമ്പ് രണ്ട് തവണ ഭാരതത്തിനായി മെഡല്‍ നേടിയ താരമാണ് പി.വി. സിന്ധു.
സിന്ധുവിന്റെ അഭാവത്തില്‍ ഭാരതത്തിനായി മാള്‍വിക ബന്‍സോദ്, അഷ്മിത ചാലിഹ, ആകര്‍ഷി കശ്യപ്, ഇമാദ് ഫറൂഖി സാമിയ, ഉന്നാട്ടി ഹൂഡ എന്നിവര്‍ സിംഗിള്‍സ് പോരാട്ടത്തിനിറങ്ങും.
ഭാരതത്തിന്റെ വനിതാ ഡബിള്‍സ് ജോഡികളായ താനിഷ്ക ക്രാസ്റ്റോ- അശ്വിനി പൊന്നപ്പ സഖ്യം നാലാം സീഡ് ജോഡികളായാണ് തായ്ലന്ഡ് ഓപ്പണിനിറങ്ങുക.
ഇന്ന് യോഗ്യതാ മത്സരങ്ങളോടെയാണ് ടൂര്‍ണമെന്റ് തുടങ്ങുക. 16നാണ് ഒന്നാം റൗണ്ട് പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: