മട്ടാഞ്ചേരി: മട്ടാഞ്ചേരി പിഡബ്ല്യൂഡി ബോട്ട്‌ജെട്ടി നവീകരണജോലികള്‍ പൂര്‍ത്തിയായിട്ടും ഉദ്ഘാടനവും പ്രവര്‍ത്തനവും എന്ന് തുടങ്ങുമെന്നത് അനിശ്ചിതമായി നീളുന്നു.
നവീകരണം പൂര്‍ത്തിയായി ഏട്ട് മാസം പിന്നിട്ടിട്ടും പ്രവര്‍ത്തനമെന്ന് തുടങ്ങുമെന്ന് അറിയിക്കാന്‍ കഴിയാത്ത നിലയിലാണിന്ന് അധികൃതര്‍. ജെട്ടിയിലേയ്‌ക്ക് ബോട്ട് അടുക്കുന്നതിന് തടസ്സമായ ഏക്കല്‍നീക്കം തുടരുന്നതാണ് പ്രധാനകാരണം. 2018ല്‍ പ്രളയ ദുരിതത്തെ തുടര്‍ന്ന് പൂര്‍ണമായും നിര്‍ത്തലാക്കിയ പിഡബ്ല്യൂഡി ജെട്ടി അഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്.
പ്രാദേശിക പ്രതിഷേധങ്ങളും തടസ്സങ്ങളും നിര്‍മാണ സാമഗ്രികളുടെ മോഷണങ്ങളും ജെട്ടി നവീകരണത്തിന് തടസ്സങ്ങളും വെല്ലുവിളിയായി. ഒരു കോടിയോളം രൂപ ചെലവിലാണ് ജെട്ടി നവീകരണം നടന്നത്. എക്കല്‍ നിക്കത്തിന് അഞ്ച് കോടി രൂപയാണ് കരാര്‍ തുക. 2022 ഏപ്രിലില്‍ ചെളി നീക്കല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ചെളി നിക്ഷേപിക്കുന്നതിനെ തുടര്‍ന്നുണ്ടായ പ്രാദേശിക പ്രതിഷേധത്തെ തുടര്‍ന്ന് ചെളി നീക്കല്‍ നിര്‍ത്തിവെച്ചു. നീക്കം ചെയ്യുന്ന ചെളി പുറം കടലില്‍ നിക്ഷേപിക്കുവാന്‍ തീരുമാനമായെങ്കിലും കാലാവസ്ഥ മാറ്റവും സാങ്കേതികത്വവും വീണ്ടും കാലതാമസത്തിനിടയാക്കി.
ഓണവും പിന്നിട് പുതുവത്സര സമ്മാനമായി ജെട്ടി ഉദ്ഘാടനം നടക്കുമെന്ന് കരുതിയെങ്കിലും ഡ്രഡ്ജിങ്ങ് പ്രതിസന്ധി ഇന്നും അനിശ്ചിതമായി തുടരുകയാണ്. മട്ടാഞ്ചേരി ജെട്ടി വാണിജ്യ ടൂറിസം കേന്ദ്രത്തിലെ പ്രധാന യാത്രാ മാര്‍ഗങ്ങളിലൊന്നാണ്. സ്വാതന്ത്ര്യാനന്തരം ജലഗതാഗത വകുപ്പിന് കീഴിലെത്തിയ ജെട്ടി നിരന്തര അവഗണനയെ തുടര്‍ന്ന് നശിക്കുകയായിരുന്നു. തുറമുഖം, ഫോര്‍ട്ടുകൊച്ചി, കൊച്ചി നഗരം എന്നിവയുമായി പ്രതിദിനം 60 ഓളം സര്‍വീസുകളിലൂടെ 5000-6000 രൂപയുടെ വരുമാനമാണിവിടെ നിന്നും ലഭിച്ചിരുന്നു. കൂടാതെ ടൂറിസ്റ്റ് ബോട്ടുകള്‍ അടുപ്പിക്കുന്നതിലൂടെയുള്ള വരുമാനം വേറെയും. തുറമുഖ നഗരിക്ക് സമാന്തരമായുള്ള മട്ടാഞ്ചേരി ജെട്ടിയില്‍ നിന്നുള്ള പ്രകൃതി കാഴ്ച വിദേശ നഗരങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്.
2016ല്‍ ജെട്ടിയില്‍ ഏക്കല്‍ അടിഞ്ഞതിനെ തുടര്‍ന്ന് വേലിയേറ്റസമയത്ത് സര്‍വീസ് ക്രമീകരണം നടത്തിയെങ്കിലും 2018ല്‍ ബോട്ട് സര്‍വീസ് പൂര്‍ണമായും നിര്‍ത്തലാക്കി. ആറ് വര്‍ഷമായി അടച്ചുപൂട്ടിയ ബോട്ട് ജെട്ടി നിരന്തര ജനകീയ പ്രക്ഷോഭ ത്തെ തുടര്‍ന്ന് 2021 ഡിസംബറില്‍ നവീകരണം തുടങ്ങി. ബോട്ടിലേയ്‌ക്കുള്ള നടപ്പാത, ടിക്കറ്റ് കൗണ്ടര്‍, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വിശ്രമമുറികള്‍ എന്നിവയാണ് നവീകരണത്തിലുള്‍പ്പെടുത്തിയത്. ഇതിന് പുറമേ കായല്‍ ഡ്രഡ്ജിങും പദ്ധതിയിലുണ്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലാണ് നവീകരണം നടന്നത്. 2022 ല്‍ നവീകരണം പൂര്‍ത്തിയാക്കി ബോട്ട് സര്‍വീസ് തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. ഡ്രഡ്ജിങ് ജോലികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ സര്‍വീസ് ആരംഭിക്കാനാകൂ എന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: