മാലി: ഭാരതം നല്‍കിയ ചെയ്ത ഡോര്‍ണിയര്‍ വിമാനം പറത്താന്‍ മാലദ്വീപ് സൈനികര്‍ക്ക് കഴിവില്ലെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി ഗസ്സന്‍ മൗമൂണ്‍. ദ്വീപിലെ അവസാനത്തെ സൈനികനെയും ഭാരതം പിന്‍വലിച്ച് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് മാലിദ്വീപിന്റെ ഈ തുറന്നുപറച്ചില്‍. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മാലിദ്വീപ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ പ്രതിരോധ സേനയ്‌ക്ക് മൂന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ലെന്ന് ഗസ്സന്‍ മൗമൂണ്‍. ഇന്ത്യ 76 സൈനികരെ പിന്‍വലിച്ച് പകരം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ നിന്ന് സിവിലിയന്‍ ഉദ്യോഗസ്ഥരെ നിയമിച്ചതായി മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പരാമര്‍ശം. പ്രാദേശിക വാര്‍ത്താ പോര്‍ട്ടലായ അധാധു പ്രകാരം, ഇന്ത്യന്‍ സര്‍ക്കാര്‍ സംഭാവന ചെയ്ത വിമാനം പറത്താന്‍ കഴിവുള്ള സൈനികര്‍ മാലദ്വീപ് ദേശീയ പ്രതിരോധ സേനയ്‌ക്ക് ഇപ്പോഴും ഇല്ലെന്നാണ് പ്രതിരോധ മന്ത്രി പ്രസ്താവിച്ചത്.
ഇന്ത്യന്‍ സര്‍ക്കാരുമായി രൂപീകരിച്ച കരാര്‍ പ്രകാരം ഏതാനും സൈനികര്‍ പരിശീലനം നേടുന്നുണ്ടെങ്കിലും പലര്‍ക്കും ഇപ്പോഴും ഡോര്‍ണിയറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് വിവിധ ഘട്ടങ്ങള്‍ കടന്നുപോകേണ്ട പരിശീലനമായതിനാല്‍, വിവിധ കാരണങ്ങളാല്‍ ഞങ്ങളുടെ സൈനികര്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. അതിനാല്‍, എഎച്ച്എല്‍ പ്ലാറ്റ്‌ഫോമുകളും ഡോര്‍ണിയറും പറക്കാന്‍ ലൈസന്‍സുള്ളവരോ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമോ ആയ ആളുകള്‍ ഇപ്പോള്‍ ഞങ്ങളുടെ സേനയില്‍ ഇല്ലെന്ന് ഗസ്സാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: