ജയ്പൂര്‍ (രാജസ്ഥാന്‍): രാജസ്ഥാന്റെ തലസ്ഥാന നഗരമായ ജയ്പൂരിലെ നിരവധി സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി പോലീസ് അറിയിച്ചു. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഈ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു.
ബോംബ് സ്‌ക്വാഡുകളോടൊപ്പം പോലീസ് സംഘങ്ങളും സ്‌കൂളുകളില്‍ ബോംബ് കണ്ടെത്താന്‍ തെരച്ചില്‍ നടത്തി. മഹേശ്വരി സ്‌കൂള്‍ (എംപിഎസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍) ഉള്‍പ്പെടെ നഗരത്തിലെ ചില സ്‌കൂളുകളിലേക്ക് ഭീഷണി ഇ-മെയിലുകള്‍ അയച്ചിട്ടുണ്ടെന്ന് ജയ്പൂര്‍ ഡിസിപി കവേന്ദ്ര സാഗര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ദല്‍ഹി-എന്‍സിആറിലെ 100ലധികം സ്‌കൂളുകളില്‍ രക്ഷിതാക്കളില്‍ പരിഭ്രാന്തി പരത്തിയ ബോംബ് ഭീഷണികള്‍ ലഭിച്ച് ഒരാഴ്ചയ്‌ക്കിടെയാണ് ഈ സംഭവവികാസം. ദല്‍ഹി പോലീസ് പറയുന്നതനുസരിച്ച്, മെയ് ഒന്നിന് മൊത്തം 131 സ്‌കൂളുകള്‍ക്ക് ഭീഷണി ഇ-മെയിലുകള്‍ ലഭിച്ചു. എന്നിരുന്നാലും, ഇ-മെയില്‍ തട്ടിപ്പെന്നാണ് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: