ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഒന്‍പത് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണപ്രദേശത്തെയും 96 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.
ആന്ധ്രാപ്രദേശ് 25, തെലങ്കാന 17, ബീഹാര്‍ അഞ്ച്, ജമ്മുകശ്മീര്‍ ഒന്ന്, ഝാര്‍ഖണ്ഡ് നാല്, മധ്യപ്രദേശ് എട്ട്, മഹാരാഷ്ട്ര 11, ഒഡീഷ നാല്, ഉത്തര്‍പ്രദേശ് 13, ബംഗാളിലെ എട്ടും മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്. ആന്ധ്രാപ്രദേശിലെ 175, ഒഡീഷയിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും നടക്കും. ആന്ധ്രാ പ്രദേശിലെയും തെലങ്കാനയിലെയും മുഴുവന്‍ ലോക്സഭാ മണ്ഡലങ്ങളിലും ഒറ്റഘട്ടത്തില്‍ തന്നെ പോളിങ് പൂര്‍ത്തിയാക്കും.
തെരഞ്ഞെടുപ്പ് നടക്കുന്ന 96ല്‍ 42 സീറ്റിലും നിലവില്‍ എന്‍ഡിഎ എം പിമാരാണുള്ളത്. കോണ്‍ഗ്രസിനുള്ളതാകട്ടെ ആറ് എംപിമാരും. 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചത് 10 സീറ്റുകളിലായിരുന്നെങ്കില്‍ 2014ല്‍ അത് 38 ആയും 2019ല്‍ 42 ആയും ഉയരുകയായിരുന്നു. സഖ്യകക്ഷികള്‍ക്ക് ലഭിച്ച സീറ്റുകള്‍ ഉള്‍പ്പെടാതെയാണിത്. 2009ല്‍ 50 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് 2014 എത്തുമ്പോഴേയ്ക്ക് സീറ്റുകളുടെ എണ്ണം മൂന്നായി കുത്തനെ കുറഞ്ഞു. 2019ല്‍ ആറ് സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. 2019ല്‍ ബിജെപി മത്സരിച്ച 89 സീറ്റുകളില്‍ 43 സീറ്റുകളില്‍ 40 ശതമാനത്തില്‍ അധികം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ 43 സീറ്റുകളില്‍ 10 ശതമാനത്തില്‍ താഴെ വോട്ടുമാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
കേന്ദ്രമന്ത്രിമാരായ ജി. കിഷന് റെഡ്ഡി, ഗിരിരാജ് സിങ്, അര്ജുന് മുണ്ട, അജയ് മിശ്ര, മുന്‍ കേന്ദ്രമന്ത്രി എ.എസ്. അലുവാലിയ, നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാധവി ലത, ബണ്ടി സഞ്ജയ് കുമാര്‍ തുടങ്ങിയവരാണ് പ്രമുഖരായ ബിജെപി സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിള, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും എസ്പി നേതാവുമായ അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ യൂസഫ് പത്താന്, നടനും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ, എഐഎംഐഎം നേതാവ് അസദുദീന് ഉവൈസി എന്നിവരാണ് ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന മറ്റുപ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: