കാഠ്മണ്ഡു: കാമിയുടെ അഭിമാനത്തിനുമുണ്ട് എവറസ്റ്റ് കൊടുമുടിയോളം ഉയരം. എന്തെന്നാല്‍, ഒന്നല്ല രണ്ടല്ല 29 തവണയാണ് നേപ്പാള്‍ സ്വദേശി കാമി റീത്ത എന്ന ഷെര്‍പ്പ എവറസ്റ്റ് കീഴടക്കി ചരിത്രം കുറിച്ചത്.
ഇന്നലെ രാവിലെ ഒരിക്കല്‍ കൂടി ലോകത്തെ ഏറ്റവും ഉയരം കൂടിയ, 8848.86 മീറ്റര്‍ ഉയരമുള്ള കൊടുമുടിയുടെ മേലെ 54 കാരനായ അദ്ദേഹം എത്തി. തന്റെ തന്നെ 28 തവണയെന്ന കഴിഞ്ഞ വര്‍ഷം മെയില്‍ കുറിച്ച റിക്കാര്‍ഡാണ് തിരുത്തിയത്. സെവന് സമ്മിറ്റ് ട്രക്സ് എന്ന സ്ഥാപനത്തിന്റെ ബാനറില്‍ 28 അംഗ പര്‍വ്വതാരോഹക സംഘത്തിന്റെ ഗൈഡായിട്ടാണ് ഇന്നലെ രാവിലെ 7.25ന് അദ്ദേഹം എവറസ്റ്റിനു മുകളില്‍ എത്തിയത്.
സാഗരമാത (എവറസ്റ്റിന്റെ നേപ്പാളി പേര്) എത്ര തവണ കയറുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എങ്കിലും തുടര്‍ച്ചയായി കയറുകയാണ്. അദ്ദേഹം പറഞ്ഞു. പസാങ്ങ് ദേവാങ്ങ് ഷെര്പ്പയെന്നയാള് വിവിധ പര്‍വ്വതാരോഹക സംഘങ്ങള്‍ക്ക് ഗൈഡായി ഇതുവരെ 27 തവണ എവറസ്റ്റ് കയറിയിട്ടുണ്ട്.
നേപ്പാളിലെ സോലുക്കുംഭു ജില്ലയിലെ താമെ സ്വദേശിയാണ് കാമി. പര്‍വ്വതാരോഹകര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്കുന്ന ഷെര്‍പ്പ. 1950ല്‍ എവറസ്റ്റ് പര്‍വ്വതാരോഹകര്‍ക്കായി തുറന്നു നല്കിയപ്പോള് ആദ്യമെത്തിയ ഷെര്‍പ്പകളില്‍ ഒരാളായിരുന്നു കാമിയുടെ അച്ഛനും. കാമിയുടെ സഹോദരന് ലാക്പ റീത്ത 17 തവണ എവറസ്റ്റ് കയറിയിട്ടുണ്ട്. പര്‍വ്വതാരോഹക സംഘത്തിനൊപ്പം അവരുടെ സഹായിയായി ആരും ആദ്യം അന്വേഷിക്കുന്ന പേരാണ് കാമി. അത്രയേറെയാണ് ഹിമാലയവും എവറസ്റ്റും കയറിയുള്ള പരിചയം. ഓരോയിടത്തും പതിയിരിക്കുന്ന അപകടം പോലും കാമിക്കറിയാം.
2018ല്‍ 10,000 ഡോളറായിരുന്നു ഒരു യാത്രയ്ക്കുള്ള കാമിയുടെ കൂലി. പല ഹിമാലയന്‍ മലകയറ്റ സംഘടനകളുടെയും ബ്രാന്‍ഡ് അംബാസിഡറാണ് കാമി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: